
അംറ് കൊല്ലപ്പെട്ടതും പോയവർ മുഴുവൻ പിന്തിരിഞ്ഞു ഓടേണ്ടി വന്നതും ശത്രുക്കൾ ഗൗരവമായി എടുത്തു. സഖ്യസേനയിലെ എല്ലാവരും ഒത്തുചേർന്ന് ഒരേ ശക്തിയിൽ തന്നെ നാളെ നേരിടണം എന്ന് അവർ തീരുമാനിച്ചു. അതിനുവേണ്ടി ഓരോ സംഘവും അവരുടെ അണികളെ ചിട്ടപ്പെടുത്തി. നബിﷺയെ ലക്ഷ്യം വെച്ച് അവർ നേരത്തെ തന്നെ കിടങ്ങിനു സമീപമെത്തി. ഇതേസമയം തന്നെ നബിﷺ സ്വഹാബികളെ ക്രമീകരിച്ചു. വിജയം വാഗ്ദാനം ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഇസ്ലാം വിരുദ്ധ പക്ഷം കിടങ്ങിന്റെ എല്ലാ ഭാഗത്തുമായി നിരന്നു നിന്നു. മുസ്ലിംകളെ ഒരു കോട്ടയിൽ അകപ്പെട്ടത് പോലെ ചുറ്റുഭാഗത്തുനിന്നും വലയം ചെയ്തു. മുസ്ലിം സൈന്യത്തിന് ഉള്ള സ്ഥലത്തുനിന്ന് എങ്ങോട്ടും അനങ്ങാൻ കഴിഞ്ഞില്ല. മധ്യാഹ്നം മുതൽ രാത്രി വരെയുള്ള നാല് നേരത്തെ നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞില്ല. നിസ്കരിക്കാൻ കഴിയാത്ത സങ്കടം സ്വഹാബികൾ നബിﷺയോട് പങ്കുവച്ചു. അവിടുന്നും അതീവ ദുഃഖത്തോടെ ആ വാർത്ത കേട്ടു. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടിട്ട് വേണം നിസ്കാരം നിർവഹിക്കാൻ എന്ന് പ്രതികരിച്ചു. വൈകുന്നേരം ആയപ്പോൾ മുശ്‌രിക്കുകൾ കിടങ്ങിനു സമീപത്തുനിന്ന് പിന്തിരിഞ്ഞു പോയി. ഉസൈദ് ബിൻ ഹുളൈർ(റ) മുസ്ലീംകളിൽ നിന്നുള്ള 200 പേരെ കിടങ്ങിനടുത്തു തന്നെ നിർത്തി. മുശ്‌രിക്കുകളിൽ മടങ്ങിപ്പോകുന്ന ഖാലിദിന്റെ സംഘം തുഫൈൽ ബിൻ മാലിക് അൽ അൻസ്വാരി(റ)യെ മുമ്പ് ഹംസ(റ)യെ വധിച്ചത് പോലെ വധിച്ചു കളഞ്ഞു. ഹിബ്ബാനു ബ്നു കൈസ് എന്നയാൾ സഅദ് ബിൻ മുആദി(റ)നെ അമ്പെയ്തു. ഉടനെ സഅദ് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ഖുറൈശികൾ ഇനിയും യുദ്ധത്തിൽ മുന്നേറുമെങ്കിൽ അതിനുവേണ്ടി എന്നെ അവശേഷിപ്പിക്കണമേ. അഥവാ അവർക്കെതിരെ പോർക്കളത്തിൽ നിലകൊള്ളാൻ അവസരം നൽകേണമേ! അതല്ല യുദ്ധം ഇവിടെ അവസാനിക്കുകയാണെങ്കിൽ എനിക്കിനി രക്തസാക്ഷിത്വം പ്രദാനം ചെയ്യേണമേ! ബനൂ ഖുറൈളയിൽ നിന്ന് സന്തോഷകരമായ ഒരു കാഴ്ച തരാതെ എന്നെ നീ മരിപ്പിക്കരുതേ!
അതിനിടയിൽ മുസ്ലീംകളിൽ നിന്ന് തന്നെയുള്ള രണ്ട് സംഘങ്ങൾ തമ്മിൽ പരസ്പരം അറിയാത്തതിന്റെ പേരിൽ ചെറിയ ആയുധപ്രയോഗങ്ങൾ നടന്നു. ഒടുവിൽ മുസ്ലീംകളുടെ യുദ്ധത്തിലെ സൂചനാവാക്യമായ ‘ഹാമീം ലാ യുൻസറൂൻ’ എന്ന വാചകം പ്രയോഗിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. ഈ നടപടിയിൽ പരിക്കേറ്റവർക്ക് പ്രതിഫലവും കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷിത്വവും നബിﷺ വാഗ്ദാനം ചെയ്തു. ഇനിയങ്ങോട്ട് നമ്മുടെ സൂചനാവാക്യം കൃത്യമായി പ്രയോഗിക്കണമെന്ന് സ്വഹാബികൾ തിരിച്ചറിഞ്ഞു.
ഇതിനിടയിൽ ചില സ്വഹാബികൾ വീട്ടിൽ പോകാൻ സമ്മതം ചോദിച്ചു. കുടുംബത്തെ സന്ദർശിക്കാനും അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുമായിരുന്നു അത്. ബനൂ ഖുറൈളക്കാർ എന്തെങ്കിലും ചെയ്യുമോ എന്ന് ഞാൻ ഭയക്കുന്നു എന്ന് നബിﷺ അവർക്ക് മുന്നറിയിപ്പ് നൽകി. ചിലർ അപ്പോഴും വീട്ടിൽ പോകണം എന്ന് നിർബന്ധം പിടിച്ചു. അത്യാവശ്യമായി പോകേണ്ടവർ പോകാം പക്ഷേ കയ്യിൽ ആയുധം കരുതിയിരിക്കണം എന്ന് അവിടുന്ന് നിർദ്ദേശം നൽകി. അതുപ്രകാരം അടുത്തകാലത്ത് വിവാഹം കഴിച്ച ഒരു സ്വഹാബി വീട്ടിലേക്ക് പോയി. കയ്യിൽ ആയുധവും കരുതിയിരുന്നു. വീട്ടിനടുത്തെത്തിയപ്പോൾ അതാ രാത്രി സമയത്ത് ഭാര്യ വീടിന് പുറത്തുനിൽക്കുന്നു. ദേഷ്യം പിടിച്ച അദ്ദേഹം ഭാര്യക്ക് നേരെ ആയുധമുയർത്താൻ ഒരുങ്ങി. ഉടനെ അവൾ പറഞ്ഞു നിങ്ങൾ വീടിനകത്തേക്ക് നോക്കിയിട്ട് ആയുധമുയർത്തൂ, എന്താണ് വീട്ടിനുള്ളിൽ എന്ന്. അപ്പോഴതാ അവരുടെ വിരിപ്പിൽ ഒരു വലിയ സർപ്പം. തന്റെ കയ്യിലുള്ള ആയുധം കൊണ്ട് പാമ്പിനെ നേരിട്ടു. നിമിഷങ്ങൾ വൈകിയില്ല. പാമ്പും ആളും മരിച്ചു വീണു. പാമ്പാണോ ആളാണോ ആദ്യം മരിച്ചത് എന്ന് അറിയാൻ പറ്റാത്ത വിധം ഒരുമിച്ചായിരുന്നു വിയോഗം. വിവരം നബിﷺ അറിഞ്ഞു. അവിടുന്ന് പറഞ്ഞു. മദീനയിൽ ചില ജിന്നുകൾ ഉണ്ട്. അവർ ഇസ്ലാം സ്വീകരിച്ചവരാണ്. അവയെ കണ്ടാൽ മൂന്ന് ദിവസം വരെ അവരോട് പോകാൻ നിങ്ങൾ പറയുക. എന്നിട്ടും പോയില്ലെങ്കിൽ മാത്രം അവയെ കൊല്ലാൻ ശ്രമിക്കുക. കാരണം അപ്പോൾ അത് പിശാച് ആയിരിക്കും. ആ കൊല്ലപ്പെട്ടത് പാമ്പിന്റെ രൂപത്തിൽ വന്ന ഭൂതവർഗ്ഗത്തിൽപ്പെട്ട ഒന്നിനെ ആയിരിക്കും എന്ന് സാരം.
കിടങ്ങിന്റെ ചാരത്തേക്കു തന്നെ നമുക്ക് മടങ്ങി വരാം. നിസ്കാരങ്ങൾ നഷ്ടപ്പെട്ടതിന്റെ വേദനയിൽ ആണല്ലോ നബിﷺയും അനുയായികളും. വേറേത് നഷ്ടത്തേക്കാളും വലുതായിരുന്നു അവർക്ക് നിസ്കാരം. അതുകൊണ്ടുതന്നെ പ്രവാചകർﷺ അപ്പോൾ പറഞ്ഞതായി ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. “സൂര്യാസ്തമനം വരെയും അസർ നിസ്കരിക്കാൻ ഞങ്ങൾക്ക് അവസരം നൽകാത്ത ശത്രുക്കളുടെ ഭവനങ്ങളും ഖബറിടങ്ങളും നീ തീയാലെ നിറക്കേണമേ അല്ലാഹുവേ…”
നിസ്കാരത്തിന്റെ പ്രാധാന്യവും അത് നഷ്ടപ്പെടുന്നതിലെ ഗൗരവവുമാണ് ഈ പ്രാർത്ഥനാ വാചകത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
