Tweet 395

    Tweet 395
    July 14, 2023 • Friday
    Post Header

    കിടങ്ങിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഉപരോധത്തിലും പ്രതിരോധത്തിലുമായി നാളുകൾ നീണ്ടു. നാളുകൾ 20 എണ്ണി കഴിഞ്ഞു. ഇനി ഏതായാലും ഈ നില തുടരാൻ കഴിയില്ലെന്ന് മുശ്‌രിക്കുകൾ ഉറപ്പിച്ചു. നാളെ രാവിലെ എന്തെങ്കിലും ഒരു പോംവഴി കണ്ട് ആക്രമിക്കുക തന്നെ. നേതാക്കൾ തീരുമാനിച്ചു. അബൂ സുഫിയാൻ ബിൻ ഹർബ്, ഇക്രിമ ബിൻ അബീ ജഹൽ, ളിറാർ ബിൻ അൽ ഖത്താബ്, ഖാലിദ് ബിൻ അൽ വലീദ്, അംർ ബിൻ അൽ ആസ്വ് ( ഇവരെല്ലാം പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്), നൗഫൽ ബിൻ മുആവിയ, നൗഫൽ ബിൻ അബ്ദുള്ള, അംർ ബിൻ അബ്ദുവുദ്ദ് എന്നിവരും ഗത്ഫാൻ ഗോത്രത്തിൽ നിന്നും ഉയയ്ന ബിൻ ഹിസ്ൻ, ഹാരിസ് ബിൻ ഔഫ്, മസൂദ് റൂഖയ്ൽ( ഇവർ മൂന്നുപേരും പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു) ബനൂ അസദ് ഗോത്രത്തിൽ നിന്നും അവരുടെ നേതാക്കളും എല്ലാവരും ഒത്തുചേർന്ന് കിടങ്ങിൽ എവിടെയെങ്കിലും ഇടുങ്ങിയ സ്ഥലം ഉണ്ടോ എന്ന് പരിശോധിച്ചു. അതുവഴി ചാടിക്കടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കുതിരകളെ അവർ ബലാൽക്കാരമായി ചാടിക്കടത്താൻ ശ്രമിക്കുകയും അതുവഴി ഇക്രിമ, നൗഫൽ, ഹുബൈറ, അംർ എന്നിവർ കിടങ്ങു കടന്നു.

    കൂട്ടത്തിൽ നിന്ന് അബ്ദു വുദ്ദ് കൂടുതൽ ആവേശത്തോടെ മുസ്ലിംകൾക്ക് നേരെ വന്നു. നിങ്ങളോട് പ്രതികാരം വീട്ടാതെ തലമുടി വെട്ടുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത ആളായിരുന്നു അയാൾ. അതുകൊണ്ടുതന്നെ ജട പിടിച്ച മുടിക്കെട്ടുമായി അയാൾ സമര രംഗത്തേക്ക് ഇറങ്ങി. 90 വയസ്സോളം പ്രായമുണ്ടെങ്കിലും കൂട്ടത്തിൽ ആരോഗ്യവാനും ധൈര്യവാനും ആയിരുന്നു. അയാൾ പരസ്യമായി ദ്വന്ദ്വ യുദ്ധത്തിന് വെല്ലുവിളിച്ചു. അലി(റ) ആ വെല്ലുവിളിയെ നേരിട്ടു. മുത്ത് നബിﷺയോട് സമ്മതം ചോദിക്കുകയും അവിടുന്ന് സമ്മതം നൽകുകയും ചെയ്തു. നബിﷺ തന്നെ നേരിട്ട് പടവാൾ കൈമാറുകയും തലപ്പാവണിയിച്ചു കൊടുക്കുകയും ചെയ്തു. ശേഷം, ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ ആ ശത്രുവിനെതിരെ അലി(റ)യെ നീ സഹായിക്കേണമേ! ശേഷം, അലി(റ) ഒരു പദ്യവും ചൊല്ലി മുന്നോട്ടു നീങ്ങി.

    എന്നിട്ട് അംറി നോട് വിളിച്ചു ചോദിച്ചു. അല്ലയോ നിങ്ങൾ പറയാറുണ്ടായിരുന്നല്ലോ മൂന്നാലൊരു കാര്യം എന്ന് പറഞ്ഞുകൊണ്ട് എന്നോട് ആരെങ്കിലും എന്ത് മുന്നോട്ടു വച്ചാലും ഞാൻ അതിൽ നിന്ന് ഒന്ന് ഏറ്റെടുക്കുമെന്ന്. അയാൾ പറഞ്ഞു, അതെ. അപ്പോൾ അലി(റ) ആദ്യം പറഞ്ഞു. നിങ്ങൾ സത്യവിശ്വാസത്തിലേക്ക് വരിക അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ ഇല്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതരാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന വിശ്വാസം ഉൾക്കൊള്ളുക. ശേഷം, പ്രപഞ്ച പരിപാലകനായ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുക. അപ്പോൾ അംർ പറഞ്ഞു അല്ലയോ സഹോദര പുത്രാ അക്കാര്യം ഇപ്പോൾ എന്നോട് പറയേണ്ടതില്ല.

    എന്നാൽ രണ്ടാമത്തെ കാര്യം പറയാം എന്ന് പറഞ്ഞുകൊണ്ട് അലി(റ) തുടർന്നു. എങ്കിൽ നിങ്ങൾ നാട്ടിലേക്ക് മടങ്ങുക. മുഹമ്മദ് നബിﷺ സത്യപ്രവാചകൻ ആണെങ്കിൽ നിങ്ങൾക്ക് അതുവഴി വിജയം നേടാം. അതല്ല അസത്യം ആണെങ്കിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ആവട്ടെ. ഏതായാലും നാട്ടിലേക്ക് മടങ്ങിക്കൂടെ. ഇതൊരിക്കലും അറബി സ്ത്രീകളോട് പോലും പറയാൻ കൊള്ളുന്നത് അല്ല. അംറ് പ്രതികരിച്ചു. ഞാൻ നേർച്ചയാക്കിയത് ഞാൻ നേർച്ചയാക്കി. ഞാൻ മുടിയിൽ എണ്ണ ഉപയോഗിച്ചിട്ടില്ല. അഥവാ ഞാൻ പോരിനു ഉറച്ചു തന്നെയാണ് വന്നിട്ടുള്ളത്. പിന്തിരിഞ്ഞു പോകാൻ സാധിക്കില്ല.

    അപ്പോൾ അലി(റ) മൂന്നാമത്തെ കാര്യത്തിലേക്ക് ക്ഷണിച്ചു. അതു മറ്റൊന്നുമായിരുന്നില്ല, മുഖാമുഖം ഉള്ള പോർവിളി. അതുകേട്ടതും അംറൊന്നു ചിരിച്ചു. ഇങ്ങനെ ഒരു കാര്യം ഒരു അറബിയും എന്നോട് നേരിട്ട് പറയുമെന്ന് ഞാൻ മനസ്സിലാക്കുന്നില്ല. നീ ആരാണ്? ഞാൻ അബൂത്വാലിബിന്റെ മകൻ അലി(റ). അലി(റ) പ്രതികരിച്ചു, ഞാൻ നിന്റെ രക്തം ചൊരിക്കാൻ ആഗ്രഹിക്കുന്നില്ല. നിന്റെ അമ്മാവന്മാരായോ പിതൃ സഹോദരന്മാരായോ ആരെങ്കിലും ഉണ്ടോ നിന്നെക്കാൾ പ്രായമുള്ളവർ? അലി(റ) പറഞ്ഞു. അതിനു ആശങ്കപ്പെടേണ്ടതില്ല നിങ്ങളുടെ രക്തം ഒലിപ്പിക്കുന്നതിൽ എനിക്ക് മടിയൊന്നുമില്ല. അംറിന് കോപമായി. അയാൾ കുതിരപ്പുറത്ത് നിന്ന് ചാടി ഇറങ്ങി. കുതിരയെ വെട്ടിയശേഷം തീപാറും പോലെ വാളുമായി മുന്നോട്ടു വന്നു. കോപിഷ്ഠനായി അലി(റ)ക്കുനേരെ നിന്നു. അലി(റ) ധൈര്യവാനായി അദ്ദേഹത്തെ അഭിമുഖീകരിച്ചു. അംറിന്റെ വെട്ടുകളെ വിദഗ്ധമായി അലി(റ) പ്രതിരോധിച്ചു. പൊടി പാറുന്ന വാൾപയറ്റ് നടന്നു. അലി(റ)യുടെ വാളുകൾ അംറിന്റെ ശിരസ്സ് കവർന്നു. അയാൾ നിലം പതിച്ചു. ശേഷം അലി(റ) ഇങ്ങനെ പാടി.

    “വിഡ്ഢിത്തമാലവൻ ശിലകളെ സഹായിച്ചു.
    വിവേകത്താൽ ഞാൻ നബിﷺയുടെ മതത്തേയും.

    കുന്നുകൾക്കിടയിലൊരു കുറ്റിപോലവനെ ഞാൻ
    കഴുകിലുമേറ്റീട്ട് വിട്ടേച്ചു പോന്നതാ

    അവന്റെതൊന്നും ഞാനഴിച്ചെടുത്തില്ല
    ഞാനായിരുന്നെങ്കിൽ അവർ എടുത്തേനെ.

    അല്ലാഹു അവന്റെ മതത്തെയും നബിﷺയെയും
    വിട്ടെന്ന് ചിന്തിക്ക വേണ്ട ജനങ്ങളേ!“

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...