Tweet 394

    Tweet 394
    July 13, 2023 • Thursday
    Post Header

    അങ്ങനെയിരിക്കെ നബിﷺ പുതിയ ഒരു വിചാരം മുന്നോട്ടുവച്ചു. ബനൂ ഖുറൈള കരാർ ലംഘിച്ച സാഹചര്യത്തിൽ ഗത്ഫാൻ കാരുമായി പുതിയ ചില കരാറുകൾ സ്ഥാപിക്കുക എന്നതായിരുന്നു അത്. അത് പ്രകാരം ഉയയ്നത് ബിൻ ഹിസ്‌നിനെയും ഹാരിസ് ബിൻ ഔഫിനെയും വിളിച്ചുവരുത്താൻ ആളെ അയച്ചു. ഇവർ രണ്ടുപേരും പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. അവർ വന്നപ്പോൾ നബിﷺ അവരോട് സംസാരിച്ചു. മദീനയിലെ വിളവിൽ നിന്ന് മൂന്നിലൊന്ന് കാരക്ക നിങ്ങൾക്ക് നൽകിയാൽ നിങ്ങൾ സഖ്യസേനയിൽ നിന്ന് പിന്മാറുമോ എന്നവരോട് ചോദിച്ചു. അവർ പറഞ്ഞു പകുതി വിളവ് തന്നാൽ നോക്കാം. എന്നാൽ നബിﷺ അത് സമ്മതിച്ചില്ല. ഒടുവിൽ അവർ മൂന്നിലൊന്നുകൊണ്ട് തൃപ്തിപ്പെടാം എന്ന് പ്രത്യക്ഷത്തിൽ സമ്മതിച്ചു. അതുപ്രകാരം കരാർ എഴുതുന്നതിന് ഉസ്മാൻ ബിൻ അഫ്ഫാനെ(റ) വിളിച്ചു. അദ്ദേഹം എഴുത്തുപകരണങ്ങളുമായി എത്തിച്ചേർന്നു.

    ആ സമയം അബ്ബാദ്(റ) ഇരുമ്പിന്റെ പടച്ചട്ട അണിഞ്ഞ് അടുത്തു നിൽപ്പുണ്ടായിരുന്നു. ഉസൈദ് ബിൻ ഹുളൈർ(റ) കുന്തം വഹിച്ചു തൊട്ടടുത്തു നിന്നു. ഇവിടെ നടക്കുന്ന കരാർ സംഭാഷണങ്ങൾ ആദ്യം അവർ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഉയയ്ന ഇരുകാലുകളും നീട്ടിയിരിക്കുന്നത് സ്വഹാബികൾ ശ്രദ്ധിച്ചത്. അപ്പോഴാണ് കരാർ വിവരങ്ങളും അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഉസൈദ്(റ) പറഞ്ഞു. അല്ലയോ ഹെർജ് നേതാവേ നീ പ്രവാചക സവിധത്തിലാണോ കാൽ നീട്ടിയിരിക്കുന്നത്? വേഗം മടക്കിവെച്ചുകൊള്ളൂ അല്ലെങ്കിൽ നിന്നോട് സംസാരിക്കുന്നത് കുന്തം ആയിരിക്കും. എന്നിട്ട് നബിﷺയെ അഭിമുഖീകരിച്ചുകൊണ്ട് ഉസൈദ്(റ) ചോദിച്ചു. ഇപ്പോഴേ കരാർ എഴുതുന്നത് ഉപരിലോകത്ത് നിന്നുള്ള തീരുമാനം ആണോ? അഥവാ നിശ്ചയിച്ചു തന്ന തീരുമാനം ആണോ? അതല്ല, തീരുമാനമെടുക്കാൻ അല്ലാഹു നിശ്ചയിച്ച പ്രകാരം നാം കൂടിയാലോചിച്ചതാണോ? ആദ്യത്തേതാണെങ്കിൽ അത് അപ്പടി തന്നെ മുന്നോട്ടു പോകട്ടെ പ്രശ്നമില്ല. അതല്ലെങ്കിൽ പിന്നെ നമുക്ക് പടക്കളത്തിൽ തന്നെ കാര്യങ്ങൾ തീരുമാനിക്കാം.

    ഇബ്നു ഇസ്ഹാക്കി(റ)ന്റെ നിവേദന പ്രകാരം അബ്ബാദി(റ)നോടും ഉസൈദി(റ)നോടും ഈ വിഷയത്തിൽ ഒരു തീരുമാനത്തിനു വേണ്ടി കൂടിയാലോചിച്ചപ്പോഴാണ് അവർ ഇങ്ങനെ പ്രതികരിച്ചത്. അപ്പോൾ നബിﷺ അവരോട് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ എല്ലാ ഭാഗത്തുനിന്നുമായി അറബികൾ ഒരേ ശൈലിയിൽ ഒരേ അമ്പിൽ നമുക്കെതിരെ തിരിയുന്നു. അതുകൊണ്ട് അവരിൽ നിന്ന് ആരെയെങ്കിലും ഒന്നടർത്തി മാറ്റി ശത്രു സൈന്യത്തെ ശിഥിലമാക്കാം എന്നു കരുതി. അത് അല്പമെങ്കിലും നമുക്ക് ആശ്വാസമാകുമല്ലോ.

    ഉടനെ സഹദ് ബിൻ മുആദ്(റ) പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ നമ്മളും ഇവരുമൊക്കെ നേരത്തെ ബഹുദൈവ വിശ്വാസത്തിൽ ആയിരുന്നല്ലോ? അന്ന് നമുക്ക് അല്ലാഹുവിനെ ഒട്ടറിയുകയുമില്ല. അവനെ ഒട്ടും ആരാധിച്ചിട്ടുമില്ല. അന്നവർ നമ്മുടെ മദീനയിലെ കാരക്കയിൽ നിന്ന് തുക തന്നെ വാങ്ങിയോ ആതിഥ്യത്തിന്റെ ഭാഗമായോ അല്ലാതെ ഒന്നും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോൾ പിന്നെ നമുക്ക് വിശ്വാസത്തിന്റെ വിജയവും മുന്നേറ്റവും സാധ്യമായ ശേഷം നമ്മുടെ സ്വത്ത് എങ്ങനെയാണ് അവർക്ക് നാം വിട്ടുകൊടുക്കുക? അല്ലാഹുവിന്റെ ദൂതർﷺ വഴിയും അല്ലാഹുവിലുള്ള വിശ്വാസം വഴിയും നമുക്ക് പ്രതാപം ഉണ്ടായിരിക്കെ നമ്മുടെ സ്വത്ത് എങ്ങനെയാണ് അവർക്ക് വെറുതെ നൽകുക? അതൊന്നും ആവശ്യമില്ലല്ലോ. നമുക്ക് പരിശ്രമിക്കാം. അല്ലാഹു നമുക്കിടയിൽ വിധിക്കട്ടെ. എഴുതിത്തുടങ്ങിയ കരാർ പത്രം വാങ്ങി സഹദ് ബിൻ മുആദ്(റ) മായിച്ചു കളഞ്ഞു.

    ഇമാം ത്വബ്റാനി(റ) അബൂ ഹുറൈറ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന നിവേദനത്തിന്റെ സംക്ഷിപ്തം ഇങ്ങനെ വായിക്കാം. ഹാരിസ് എന്നയാൾ നബിﷺയെ സമീപിച്ചു. മദീനയിൽ വിളയുന്നതിന്റെ പകുതിഭാഗം കാരക്ക അയാൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പടക്കുതിരകളും പടയാളികളും മദീനയിൽ അധിനിവേശം നടത്തും എന്നും പറഞ്ഞു. ഈ വിഷയം നബിﷺ അനുയായികളോട് ചർച്ച ചെയ്തു. സഅദ് ബിൻ മുആദ്(റ), സഅദ് ബിൻ റബീഉ(റ), സഅദ് ബിൻ ഖൈസമ(റ), സഅദ് ബിൻ മസ്‌ഊദ്(റ) എന്നിവരായിരുന്നു അവരിലെ പ്രമുഖർ. നബിﷺയുടെ സംഭാഷണങ്ങൾക്ക് ശേഷം അവർ തങ്ങളോട് ആരാഞ്ഞു. ജാഹിലിയ്യാ കാലത്ത് ഞങ്ങൾ ഇത്രമേൽ വിധേയപ്പെട്ട ഒരു കരാറിന് ഒരുങ്ങിയിട്ടില്ല. എങ്കിൽ പിന്നെ ഇസ്ലാമിന്റെ പ്രതാപത്തിൽ ജീവിക്കുന്ന നാം എങ്ങനെയാണ് അതിന് തയ്യാറാവുക? ഈ വിവരം അറിഞ്ഞ ഹാരിസ് നബിﷺ ചതിച്ചു എന്ന് പറഞ്ഞ് ആക്ഷേപിക്കുക മാത്രമാണ് ചെയ്തത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...