
സലമത്ത് ബിനു അസ്‌ലംബിൻ ഹുറൈശ്(റ) എന്നിവരുടെ നേതൃത്വത്തിൽ 200 പേരെയും സൈദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ 300 പേരെയും മദീനയുടെ സംരക്ഷണത്തിനു വേണ്ടി നബിﷺ നിയോഗിച്ചു. ബനൂഖുറൈളക്കാരുടെ മനംമാറ്റം അറിഞ്ഞ മദീന നിവാസികൾക്ക് ഈ നിയോഗമാണ് ആശ്വാസം പകർന്നത്.
അതിനിടയിൽ ബനൂ ഹാരിസയിലെ ചില ആളുകൾ കൂടിയിട്ട് പറഞ്ഞു. ഞങ്ങളുടെ വീടുകൾ മറ്റ് അൻസ്വാരികളുടെ വീടുകൾ പോലെയല്ല, അടച്ചുറപ്പില്ലാത്ത ഭവനങ്ങളാണ്. അതുകൊണ്ട് ഞങ്ങളുടെ ഭാര്യമാരെയും മക്കളെയും സംരക്ഷിക്കാൻ വേണ്ടി ഞങ്ങൾ വീടുകളിലേക്ക് പോയാലോ. ഇത് കപട വിശ്വാസികളുടെ ഒരു കുതന്ത്രമായിരുന്നു. ഒറ്റനോട്ടത്തിൽ ആവശ്യമാണെന്ന് മനസ്സിലാക്കിയ തിരുനബിﷺ അതിനു സമ്മതം കൊടുക്കാൻ ഒരുങ്ങി. അപ്പോൾ സഅദ് ബിനു മുആദ്(റ) വിഷയത്തിന്റെ ഗൗരവം നബിﷺയെ ഓർമ്മപ്പെടുത്തി. കപട വിശ്വാസികൾ പ്രതിരോധ മുഖത്ത് നിന്ന് രക്ഷപ്പെടാൻ ഒരുക്കുന്ന കെണിയാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ പ്രവാചകർﷺ ആ സമ്മതം പിൻവലിച്ചു.
പ്രതിസന്ധി നിറഞ്ഞ ഈ രാപ്പകലുകളിൽ സ്വഹാബികൾ ഊഴം വെച്ച് നബിﷺക്ക് ചുറ്റും കാവൽ നിന്നു. ബീവി ആഇശ(റ) പറയുന്നു. നബിﷺ കിടങ്ങിന് അടുത്ത് ഒരു ഒഴിവിൽ പോയി കാവൽ നിൽക്കും. ഏറെനേരം നിന്ന് ശരീരം തണുത്താൽ ടെന്റിനകത്തേക്ക് വന്ന തണുപ്പ് മാറ്റാൻ വേണ്ടി ഇരിക്കും. അപ്പോൾ ഞാൻ മടിത്തട്ടിലേക്ക് ചേർത്തിരുത്തും. അല്പസമയം കഴിഞ്ഞ് വീണ്ടും ആ തണുപ്പിലേക്ക് തന്നെ പോയി നിൽക്കും. തമ്പിനകത്തുള്ള നേരത്ത് പറയും ഈ സമയത്ത് അവിടെ ആരെങ്കിലും ഒരാൾ ഒന്ന് കാവൽ നിന്നിരുന്നെങ്കിൽ. അങ്ങനെയിരിക്കെ ആയുധങ്ങളുടെ ഒരു ശബ്ദം. നബിﷺ ചോദിച്ചു ആരാണ്? ആഗതൻ പറഞ്ഞു. ഞാനാണ് സഅദ് ബിൻ അബീ വഖ്ഖാസ്(റ). അപ്പോൾ നബിﷺ അദ്ദേഹത്തോട് പറഞ്ഞു. കിടങ്ങിന്റെ ഒഴിവുഭാഗത്ത് ഒന്ന് കാവൽ നിൽക്കാൻ. എന്നിട്ടു നബിﷺ അൽപനേരം നന്നായി ഉറങ്ങി. അബ്ബാദ് ബിനു ബിഷ്റും(റ) സുബൈർ ബിൻ അൽഅവ്വാമും(റ) അന്ന് നബിﷺയുടെ കാവൽക്കാരായിരുന്നു എന്ന് ഇബ്നു സഅദ്(റ) നിവേദനം ചെയ്തിട്ടുണ്ട്.
മഹതിയായ ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. ഖന്ദഖിന്റെ വേളയിൽ ഞാൻ നബിﷺയോടൊപ്പം ഉണ്ടായിരുന്നു. അന്ന് നല്ല തണുപ്പുള്ള കാലമായിരുന്നു. പ്രവാചകർﷺ രാത്രിയിൽ ഏറെ നേരം നിന്ന് നിസ്കരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ശേഷം നബിﷺ പരിസരങ്ങളൊക്കെ ഒന്ന് നിരീക്ഷിച്ചു. കുതിര കിടങ്ങിന്റെ പരിസരങ്ങൾ ചുറ്റുന്നു. ചതിപ്രയോഗത്തിലൂടെ രാത്രിയിൽ ഒളിച്ചു കടക്കാൻ ശ്രമിക്കുകയാണ്. ഉടനെ നബിﷺ അബ്ബാദി(റ)നെ വിളിച്ചു. അദ്ദേഹം ഉടൻ തന്നെ ഉത്തരം ചെയ്തു. അദ്ദേഹത്തോട് നബിﷺ ചോദിച്ചു. നിങ്ങൾ ഒറ്റക്കാണോ ഉള്ളത്. അദ്ദേഹം പറഞ്ഞു, അല്ല എന്നോടൊപ്പം ഒരു സംഘം സ്വഹാബികളും ഉണ്ട്. അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങൾ ഖന്ദഖിന്റെ ഭാഗം ശ്രദ്ധിക്കുക. ശത്രുക്കളിലെ അശ്വസൈന്യം വഞ്ചനാപരമായി അകത്തേക്ക് കടക്കാൻ ശ്രമിക്കുകയാണ്. എന്നിട്ട് അല്ലാഹുവോട് പ്രാർത്ഥിച്ചു. അല്ലാഹുവേ അവർക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ! അവരുടെ ചതികളിൽ നിന്ന് ഞങ്ങളെ നീ കാക്കേണമേ! വേറെ ആരെയും തോൽപ്പിക്കാത്ത വിധം അവരെ നീ തോൽപ്പിക്കേണമേ! അബ്ബാദും(റ) അനുയായികളും കിടങ്ങിന്റെ പരിസരങ്ങൾ നിരീക്ഷിച്ചു. അപ്പോഴതാ അബൂസുഫ്‌യാനും ഒരു ചെറിയ സംഘവും കിടങ്ങിന്റെ ഇടുങ്ങിയ ഭാഗം തേടി വന്നിരിക്കുന്നു. അവരെ മുസ്ലീംകൾ അമ്പെയ്തു കൊണ്ട് നേരിട്ടു. അതോടെ ശത്രുക്കൾ അവരുടെ തമ്പുകളിലേക്ക് മടങ്ങി. തിരുനബിﷺയുടെ അടുത്തേക്ക് ഞങ്ങൾ മടങ്ങിച്ചെന്നു. അപ്പോഴും അവിടുന്ന് നിസ്കാരത്തിൽ ആയിരുന്നു. നിസ്കാരാനന്തരം ഞങ്ങൾ കാര്യങ്ങൾ നബിﷺയോട് പറഞ്ഞു. ഉമ്മു സലമ(റ) പറയുന്നു. അബ്ബാദി(റ)നെ അല്ലാഹു അനുഗ്രഹിക്കട്ടെ. അദ്ദേഹം എപ്പോഴും നബിﷺയുടെ തമ്പിന് കാവൽ നിന്ന ആളായിരുന്നു.
പ്രഭാതമായപ്പോഴാണ് മുശ്‌രിക്കുകൾ കിടങ്ങു ശരിക്കു കാണുന്നത്. അവർ അറിയാതെ പറഞ്ഞു പോയി ഇതൊരു ചതിയായി പോയല്ലോ. ഇങ്ങനെയൊരു യുദ്ധമുറ അറബികൾക്ക് അറിയില്ലല്ലോ. അപ്പോൾ ആരോ പറഞ്ഞു മുസ്ലിംകളുടെ കൂട്ടത്തിൽ ഒരു പേർഷ്യക്കാരൻ ഉണ്ട് അയാൾ പറഞ്ഞുകൊടുത്തത് ആയിരിക്കും. രണ്ടു സൈന്യത്തിന്റെയും ഇടയിൽ ഒരു തടസ്സമായി കിടങ്ങു നിലകൊണ്ടു. ഇരുവശങ്ങളിൽ നിന്ന് അമ്പയ്തു സമാധാനിക്കുകയല്ലാതെ രണ്ടു കക്ഷികൾക്കും ഒന്നും സാധിച്ചില്ല. അബൂസുഫ്‌യാനും ഖാലിദ് ബിൻ വലീദും ളിറാറു ബിൻ അൽ ഖത്താബും മാറിമാറി മുശ്‌രിക്കുകൾക്ക് നേതൃത്വം നൽകി. പലപ്രാവശ്യവും അവർ സംഘടിച്ച് കിടങ്ങു കടന്നു വരാൻ ശ്രമിച്ചു. പക്ഷേ അവർക്ക് സാധിച്ചില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
