
ഇനി നമുക്ക് വായിക്കാൻ ഉള്ളത് ബനുൽ മുസ്തലഖ് സംഭവത്തെക്കുറിച്ചാണ്. അറബ് ഗോത്രമാണ് ബനൂ മുസ്തലഖ്. അസ്ദി ഖഹ്താനിയിൽ നിന്നുള്ള ബനൂ ഖുസായുടെ ഒരു ഉപവംശമാണവർ. മുറൈസീഉ സൈനിക നീക്കമെന്നും ഈ സംഭവത്തിന് പേരുണ്ട്. ഹാരിസ് ബിൻ അബീളിറാറിന്റെ നേതൃത്വത്തിൽ പ്രസ്തുത ഗോത്രം മദീനയ്ക്കെതിരെ സൈനിക നീക്കത്തിനൊരുങ്ങി. മറ്റു ചില അറബ് ഗോത്രങ്ങളെ കൂടി കൂട്ടുപിടിച്ച് ഫറഉ പ്രവിശ്യയിലേക്ക് അവർ പ്രവേശിച്ചു. വിവരമറിഞ്ഞ നബിﷺ ബുറൈദത് ബിൻ ഹുസൈൻ അൽ അസ്‌ലമി(റ)യെ അങ്ങോട്ടയച്ചു. അദ്ദേഹം തന്ത്രപൂർവം അവർക്കിടയിലേക്ക് പ്രവേശിച്ചു. അവർക്ക് ഊർജം പകരുന്നയാളായി അഭിനയിച്ച് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്തുണയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞു, അവിടെനിന്ന് നബിﷺയുടെയടുത്തേക്ക് മടങ്ങിയെത്തി. തിരുസവിധത്തിൽ വന്ന് വിവരങ്ങൾ വിശദീകരിച്ചു. അനിവാര്യമായും ഒരു സൈനിക പ്രതിരോധം ആവശ്യമാണെന്ന് നബിﷺ തിരിച്ചറിഞ്ഞു. അനുചരന്മാരോട് കാര്യങ്ങൾ ആലോചിച്ചു. ഒരു സംഘത്തെ ഒരുമിച്ചുകൂട്ടി ബനുൽ മുസ്തലഖിനെ പ്രതിരോധിക്കാൻ പുറപ്പെടാൻ തയ്യാറായി. സെയ്ദുബ്നു ഹാരിസ(റ)യെ മദീനയുടെ ചുമതല ഏൽപ്പിച്ചു. അബൂദർ അൽ ഗിഫാരി(റ)യെയാണെന്നും അല്ല നുമൈല ബിൻ അബ്ദില്ല(റ)യെയാണെന്നും അഭിപ്രായങ്ങളുണ്ട്. മുഹാജിറുകളുടെ പത്തും മറ്റു മുപ്പതും കുതിരകൾ ഒപ്പമുണ്ടായിരുന്നു. നബിﷺയുടെതായി രണ്ടു കുതിരകൾ വേറെയും. ലിസാസ്, ളരിബ് എന്നീ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നത്.
മറ്റു സൈനിക നീക്കങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയ ഒരു സംഘം മുനാഫിഖുകൾ അഥവാ കപട വിശ്വാസികളും മുസ്‌ലിം സംഘത്തോടൊപ്പം ചേർന്നു. പടക്കളത്തിൽ നിന്ന് പരമാവധി വിട്ടുനിന്നിരുന്ന അവർ സമരാർജിത സ്വത്തുകൾ ലക്ഷ്യം വച്ചുകൊണ്ടാണ് ഒപ്പം കൂടിയത്. നബിﷺയുടെ യാത്ര ജനസാന്നിധ്യമുള്ള സ്ഥലത്ത് കൂടിയായപ്പോൾ അബ്ദുൽ ഖൈസ് ഗോത്രത്തിൽ നിന്ന് ഒരാൾ അവിടുത്തെ സവിധത്തിലേക്ക് വന്നു. നബിﷺ അയാളോട് ചോദിച്ചു. “നിങ്ങളുടെ കുടുംബങ്ങൾ എവിടെയാണുള്ളത് ? റൗഹാഇലാണെന്ന് അയാൾ മറുപടിയും നൽകി. “എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? അവിടുത്തെ വിശ്വസിക്കാനും അംഗീകരിക്കാനും ഒപ്പം നിന്ന് ശത്രുവിനോട് പോരാടാനും ” ആണെന്ന് അദ്ദേഹം വിശദീകരിച്ചു. അയാൾക്ക് നേർവഴി നൽകിയ അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം ചോദിച്ചു. “കർമങ്ങളിൽ വച്ച് ഏറ്റവും പുണ്യമായത് ഏതാണ്?”
” അഞ്ചു നേരത്തെ നിസ്ക്കാരം അതിന്റെ ആദ്യ സമയത്ത് തന്നെ നിർവഹിക്കുക ” – എന്ന് നബിﷺ മറുപടി നൽകി.
യാത്രയ്ക്കിടയിൽ ഖുറൈശികളിലെ നിരീക്ഷകനെ വഴിയിൽ വച്ച് കണ്ടുമുട്ടി. അദ്ദേഹത്തോട് അവരുടെ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ഒരു കാര്യവും അദ്ദേഹം തുറന്നു പറഞ്ഞില്ല. അയാളെ നേർവഴിയിലേക്ക് ക്ഷണിച്ചിട്ട് അയാൾ സ്വീകരിച്ചതുമില്ല. ഒടുവിലയാൾ ഉമറി(റ)ന്റെ കൈകളാൽ വധിക്കപ്പെടുകയാണ് ചെയ്തത്.
നബിﷺയും സംഘവും മുറൈസീഇലെത്തിയതോടെ ബനുൽ മുസ്തലഖിനൊപ്പം ചേർന്നിരുന്ന അറബ് ഗോത്രങ്ങളെല്ലാം പിൻവാങ്ങി. അവരവരുടെ ഇടങ്ങളിലേക്ക് അവർ ചെന്നുചേർന്നു.
നബിﷺയും സംഘവും താവളം അടിക്കുകയും നബിﷺക്കുവേണ്ടി പ്രത്യേകം കുടിൽ നിർമിക്കുകയും ചെയ്തു. അന്ന് മുത്തുനബിﷺയോടൊപ്പം പത്നിമാരായ ആഇശ(റ)യും ഉമ്മുസലമ(റ)യും ഉണ്ടായിരുന്നു.
ബനുൽ മുസ്തലഖ് നേതാവ് യുദ്ധത്തിന് തയ്യാറെടുക്കുകയാണ് എന്നറിഞ്ഞപ്പോൾ നബിﷺയും അനുയായികളെ അണിനിരത്തി. അൻസ്വാറുകളുടെ പതാക സഅദ് ബിൻ ഉബാദ(റ)യെയും മുഹാജിറുകളുടേത് അബൂബക്കർ(റ)വിനെയും ഏല്പിച്ചു. അമ്മാർ ബിൻ യാസിറി(റ)നെയാണെന്നും അഭിപ്രായം ഉണ്ട്.
നബിﷺയുടെ കല്പനപ്രകാരം ഉമർ (റ) ഇങ്ങനെ വിളിച്ചു പറഞ്ഞു. “ലാഇലാഹ ഇല്ലല്ലാഹ് സ്വീകരിക്കൂ! നിങ്ങൾക്കുള്ളതെല്ലാം നിങ്ങൾ സംരക്ഷിക്കൂ! ” പക്ഷേ, അവർ തീരെ പരിഗണിച്ചില്ല. അവർ അമ്പെയ്ത് തുടങ്ങി. ഒരു മണിക്കൂറോളം നീണ്ടുനിന്നു. ശേഷം മുസ്‌ലിം സൈന്യം അമ്പെയ്യാൻ തുടങ്ങി. ഒരുമണിക്കൂറിനുള്ളിൽ അവരുടെ മുഴുവൻ ഇടങ്ങളെയും അത് കവർ ചെയ്തു. അവരിൽ പത്തുപേർ കൊല്ലപ്പെടുകയും ബാക്കിയുള്ളവർ ബന്ധികളാവുകയും ചെയ്തു.
ഈ ഓപറേഷനിൽ മുസ്‌ലിംകളിൽ നിന്ന് ഒരാൾ മാത്രമാണ് കൊല്ലപ്പെട്ടത്. ഹിശാം ബിൻ സുബാബ (റ) എന്നാണദ്ദേഹത്തിന്റെ പേര്. അതും അൻസ്വാരികളിൽപ്പെട്ട ഔസ് എന്നവർ തെറ്റിദ്ധരിച്ചു നടത്തിയ ഒരായുധ പ്രയോഗത്തിലാണ് കൊല്ലപ്പെട്ടത്, ശത്രുക്കളുടെ കൈകളാലായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരൻ മിഖ്’യസ് ബിൻ സുബാബ എന്നയാൾക്ക് നബിﷺ ദിയ ധനം നൽകി. അത് സ്വീകരിച്ച ശേഷം അദ്ദേഹം സഹോദരനെ അബദ്ധവശാൽ കൊന്നയാളെ അതിക്രമമായി കൊലചെയ്യുകയും ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയും ചെയ്തു. ശേഷം, മക്കയിലെ മുശ്‌രിക്കുകളോടൊപ്പം ചേർന്ന അയാൾ മക്കാവിജയ നാളുകളിൽ കൊല്ലപ്പെടുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
