
ബനുൽ മുസ്തലഖ് യുദ്ധത്തിൽ മുശ്‌രിക്കുകളുടെ പതാക വഹിച്ചിരുന്നത് സഫ്‌വാൻ ദു ശുഖ്റ എന്നയാളായിരുന്നു. ‘യാ മൻസൂർ അമിത്’ എന്ന വാക്കാണ് മുസ്‌ലിംകൾ സൈനിക സൂചനാ വാക്യമായി ഉപയോഗിച്ചിരുന്നത്. ശത്രുക്കളുടെ ഹൃദയങ്ങളിൽ അല്ലാഹു പ്രത്യേകമായ ഒരു ഭയമിട്ടു കൊടുത്തു. മുസ്‌ലിം സൈന്യം ഒരു വലിയ സംഘമായിട്ടാണ് അവർക്ക് തോന്നിയത്. ബീവി ജുവൈരിയ (റ) തന്നെ പറയുന്നു. “യുദ്ധത്തിന്റെ പ്രഥമഘട്ടത്തിൽ ഞാനെന്റെ പിതാവിനൊപ്പം മുസ്‌ലിം സൈന്യത്തെ നോക്കിയപ്പോൾ തുല്യതയില്ലാത്ത ഒരു മഹാസംഘമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്; അംഗബലത്തിലും ആയുധബലത്തിലും ഒരിക്കലും നേരിടാനാവാത്ത ഒരു മഹാസൈന്യമായിട്ട്. എന്നാൽ ഞാൻ നബിﷺയുടെ പത്നിയായി വിശ്വാസികളോടൊപ്പം ചേർന്നപ്പോഴാണ് യഥാർഥ അംഗ ബലവും ശക്തിയുമെനിക്ക് കാണാനായത്. അവിശ്വാസികളുടെ ഹൃദയത്തിൽ അല്ലാഹു ഇട്ടുകൊടുത്ത ഭയം എത്രമാത്രമാണെന്ന് എനിക്കപ്പോൾ വ്യക്തമായി”. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ചിലർ പിന്നീട് ഇസ്‌ലാമിലേക്ക് വന്നപ്പോൾ വെള്ള വസ്ത്രധാരികളായ ഒരു പ്രത്യേക സംഘത്തെ മുസ്‌ലിംകൾക്കൊപ്പം കണ്ടിരുന്നതായി അയവിറക്കി.
യുദ്ധത്തിന്റെ ഒടുവിൽ 200 ഓളം കുടുംബങ്ങൾ ബന്ധികളാക്കപ്പെട്ടു. കൂട്ടത്തിൽ ഗോത്രമേധാവിയായ ഹാരിസിന്റെ പുത്രി ജുവൈരിയയും ഉണ്ടായിരുന്നു. സമരാർജിത സ്വത്ത് വിതരണം ചെയ്തപ്പോൾ സാബിത് ബിൻ ഖൈസ് (റ) എന്ന സ്വഹാബിക്കാണ് ജുവൈരിയയെ ലഭിച്ചത്. കുലീനയും പ്രമാണിയുമായ ഇവർക്ക് അടിമ ജീവിതം ഉൾക്കൊള്ളാനായില്ല. മോചനപത്രം എഴുതി സ്വാതന്ത്ര്യം ഉദ്ദേശിച്ചപ്പോൾ സാബിത്ത് (റ) ആവശ്യപ്പെട്ട സംഖ്യ നൽകാൻ അവരുടെ പക്കലുണ്ടായിരുന്നില്ല. അതിനിടയിൽ അവർക്കൊരു സ്വപ്നദർശനം കൂടിയി. മദീനയിലെ ചന്ദ്രൻ അവരുടെ മടിത്തട്ടിൽ കിടക്കുന്ന ദൃശ്യമായിരുന്നു അത്. പക്ഷേ, അത് ആരോടും പങ്കുവച്ചില്ല. ഉള്ളിൽ ചില മോഹങ്ങളും പ്രതീക്ഷകളുമായി അത് കിടന്നു.
എന്തോ മഹാ നന്മകൾ വരാനുണ്ട് എന്ന മനോവിചാരത്തോടെ പ്രശ്നപരിഹാരം തേടി അവർ നബിﷺയെ സമീപിച്ചു. നബിﷺ അവരെക്കുറിച്ച് നന്നായിപ്പഠിച്ച് മനസ്സിലാക്കി. അവർക്ക് മോചന പത്രം എഴുതി സ്വന്തം ജീവിതത്തിലേക്ക് ചേർത്താൽ അവരുടെ നിലവാരത്തിനൊത്ത ജീവിതം നൽകാനും അവരുടെ ഗോത്രത്തിൽ നിന്ന് ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കപ്പെടാനും കാരണമാകുമെന്ന് നബിﷺ തിരിച്ചറിഞ്ഞു. സഹഭാര്യയായി സുന്ദരിയും കുലീനയുമായ മറ്റൊരാൾ കൂടി വരുന്നത് ഒരു സ്ത്രീയുടെ പക്ഷത്തു നിന്നായിരുന്നു ആദ്യം ആഇശ ബീവി(റ)യും കണ്ടിരുന്നത്. എന്നാൽ, അവർ നബിﷺയോടൊപ്പമുള്ള ജീവിതത്തിലേക്ക് വന്ന കാരണത്താൽ വന്നുചേർന്ന നന്മകളെക്കുറിച്ച് ബീവി ആഇശ(റ)യും പിന്നീട് പറഞ്ഞു. ‘സ്വന്തം ജനതയ്ക്ക് ഇത്രമേൽ ഗുണം ചെയ്ത മറ്റൊരു സ്ത്രീയെയും കാണാൻ കഴിയില്ല’ എന്നായിരുന്നു ഒടുവിൽ ആഇശ(റ) ജുവൈരിയ(റ)യെക്കുറിച്ച് പറഞ്ഞത്. ഈ പരാമർശം ഇമാം അഹ്മദ് മുസ്‌നദി(റ)ൽ ഉദ്ധരിച്ചിട്ടുണ്ട്. നബിﷺയും ജുവൈരിയ(റ)യും തമ്മിലുള്ള വിവാഹത്തിന്റെ കാരണത്താൽ നൂറു കുടുംബങ്ങൾ മോചിപ്പിക്കപ്പെട്ടുവെന്ന് ആഇശ ബീവി (റ) തന്നെ പറഞ്ഞു. നബി ജീവിതത്തിന്റെ അരമന യാഥാർഥ്യങ്ങളെയും രാഷ്ട്രീയ പരിസരങ്ങളെയും വസ്തുതാപരമായി പഠിക്കാതെ വരുമ്പോഴാണ് നബി ജീവിതത്തിലെ വിവാഹാധ്യായങ്ങളെ മറ്റെന്തുമായി ആരോപിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നത്. സുന്ദരിയും കുലീനയുമായ സഹഭാര്യയിലൂടെ സമൂഹത്തിൽ ലഭിച്ച നന്മകളെക്കുറിച്ച് ബീവി ആഇശ (റ) തന്നെ നിവേദനം ചെയ്തത് ഏറെ പ്രസക്തിയുള്ള കാര്യമാണ്. മുത്ത് നബിﷺയുടെ ഭാര്യമാരിൽ ഏക കന്യകയും സുന്ദരിയും ബുദ്ധിമതിയും പണ്ഡിതയുമായിരുന്നല്ലോ ആഇശ (റ). അതിനു പുറമേ ജുവൈരിയ (റ) നബി സവിധത്തിലേക്ക് കടന്നു വരുന്ന രംഗത്തിന് സാക്ഷിയുമായിരുന്നു മഹതി.
യുദ്ധത്തിന്റെയാരവങ്ങളവസാനിച്ച ശേഷം മകൾ ജുവൈരിയ(റ)യെത്തേടി പിതാവ് ഹാരിസ് നബിﷺയെ സമീപിച്ചു. ഒന്ന് കൊമ്പുകോർക്കാം എന്ന് വിചാരിച്ചു കൂടിയായിരുന്നു ആ വരവ്. എന്നാൽ സൗമനസ്യത്തോടെ നബിﷺ അദ്ദേഹത്തെ സ്വീകരിച്ചു. മകളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്ന് പറഞ്ഞു. മകളുടെ ഹിതമന്വേഷിച്ചപ്പോൾ അവർ നബിﷺയെത്തിരഞ്ഞെടുക്കുകയും പിതാവിനോട് തന്റെ സൗഭാഗ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇസ്‌ലാമിനെയും പ്രവാചകരെﷺയും മനസ്സിലാക്കിയ ഹാരിസ് (റ) അപ്പോൾ തന്നെ വിശ്വാസിയായി.
ജുവൈരിയ (റ) വിശ്വാസി ലോകത്തിന്റെ മാതാവായി നബി സവിധത്തിൽ സന്തോഷപൂർവം ജീവിച്ചു. മുത്ത് നബിﷺയുടെ വിയോഗാനന്തരം ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഹിജ്‌റ അമ്പതിലാണ് മഹതി ഇഹലോക വാസം വെടിയുന്നത്. അപ്പോൾ മഹതിയുടെ പ്രായം അറുപത്തിയഞ്ചായിരുന്നു. ബരീറ എന്നായിരുന്നു അവരുടെ പേര്. നബിﷺയാണ് ജുവൈരിയ എന്ന പേര് വച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
