
സൂറതുൽ ഹശ്റിന്റെ തുടർന്നുള്ള ഭാഗം കൂടി ഒന്ന് വായിച്ചു നോക്കൂ.
“തങ്ങളുടെ വീടുകളില്‍നിന്നും സ്വത്തുക്കളില്‍ നിന്നും പുറത്താക്കപ്പെട്ട് പലായനം ചെയ്തുവന്ന പാവങ്ങള്‍ക്കുമുള്ളതാണ് യുദ്ധമുതല്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും സഹായിക്കുന്നവരും അല്ലാഹുവിന്റെ ഔദാര്യവും പ്രീതിയും തേടുന്നവരുമാണവര്‍. അവര്‍ തന്നെയാണ് സത്യസന്ധര്‍. അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെത്താമസിക്കുകയും ചെയ്തവര്‍ക്കുമുള്ളതാണ് ആ സമരാര്‍ജിത സമ്പത്ത്. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍പ്പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍. ഈ യുദ്ധമുതല്‍ അവര്‍ക്കു ശേഷം വന്നെത്തിയവര്‍ക്കുമുള്ളതാണ്.
അവരുടെ പ്രാർഥന ഇപ്രകാരമാണ്. “ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.”
കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരിലെ സത്യനിഷേധികളായ സഹോദരങ്ങളോട് അവര്‍ പറയുന്നു: “നിങ്ങള്‍ നാടുകടത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും മറ്റാരെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാല്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും.”
എന്നാല്‍ ഈ കപടന്മാര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ പുറത്താക്കപ്പെട്ടാല്‍ ഒരിക്കലും ഇക്കൂട്ടര്‍ കൂടെ പുറത്തു പോവുകയില്ല. അവര്‍ യുദ്ധത്തിന്നിരയായാല്‍ ഈ കപടന്മാര്‍ അവരെ സഹായിക്കുകയുമില്ല. അഥവാ, സഹായിക്കാനിറങ്ങിയാല്‍ത്തന്നെ പിന്തിരിഞ്ഞോടും; തീര്‍ച്ച. പിന്നെ, അവര്‍ക്ക് ഒരിടത്തുനിന്നും ഒരു സഹായവും ലഭിക്കുകയില്ല. ആ കപടവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹുവോടുള്ളതിലേറെ ഭയം നിങ്ങളോടാണ്. കാരണം, അവരൊട്ടും കാര്യബോധമില്ലാത്ത ജനതയാണെന്നതുതന്നെ. ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില്‍ വച്ചോ വന്‍മതിലുകള്‍ക്കു പുറകിൽ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പര തർക്കം അതിരൂക്ഷമാണ്. അവര്‍ ഒറ്റക്കെട്ടാണെന്ന് തങ്ങൾ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്. കാരണം, അവര്‍ അവരുടെ തൊട്ടുമുമ്പുള്ളവരെപ്പോലെത്തന്നെ ശരിയാംവിധം കാര്യം മനസ്സിലാക്കാത്തവരാണ്. അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ദുഷ്ഫലം അനുഭവിച്ചുകഴിഞ്ഞു. ഇവര്‍ക്കും നോവേറിയ ശിക്ഷയുണ്ട്.”
ബനൂ നളീർ ഓപ്പറേഷനുമായി ബന്ധപ്പെട്ട സകല പരിസരങ്ങളെയും ഈ അധ്യായം ഉൾക്കൊണ്ടിരിക്കുന്നു. ഈ അധ്യായത്തിന് സൂറതുന്നളീർ എന്ന പേര് കൂടി ഇബ്നു അബ്ബാസ്(റ) തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്.
ബനൂ നളീറിൽ നിന്ന് ലഭിച്ച ഭൗതിക സമ്പാദ്യങ്ങൾ മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ ‘മുഹാജിറുകൾ’ക്കാണ് നൽകിയത്. കാരണം, അവർ അവർക്കുള്ളതെല്ലാം അല്ലാഹുവിന്റെ പ്രീതിയിൽ വിനിയോഗിച്ചവരായിരുന്നു. ആവശ്യങ്ങളുംള്ളവർ പലരും മദീനക്കാരിൽ ഉണ്ടായിരുന്നിട്ടു പോലും മക്കക്കാർക്ക് സമ്പത്ത് പകുത്തു നൽകിയതിൽ ഒരാൾക്കും ഒരു പരിഭവവും ഉണ്ടായില്ല. ഒരുപക്ഷേ, ലോക ചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഒരുൾക്കൊള്ളലിൻ്റെ മുഹൂർത്തവും സാക്ഷ്യവുമായിരുന്നു അത്.
സാഹചര്യങ്ങളെയും പരിസരങ്ങളെയും ചേർത്തു വായിക്കാതെ മുത്തുനബിﷺയുടെ സൈനിക നീക്കങ്ങളെയും രാഷ്ട്രീയ ഇടപെടലുകളെയും വായിപ്പിക്കാനാണ് ചില തത്‌പ്പരകക്ഷികൾ ശ്രമിക്കാറുള്ളത്. നയങ്ങളും തന്ത്രങ്ങളും രാഷ്ട്ര സുരക്ഷയും കരാറുകളോട് കാണിക്കേണ്ട പ്രതിബദ്ധതയും എല്ലാം ചേർത്ത് വയ്ക്കുമ്പോഴാണ് ഇത്തരം നീക്കങ്ങളുടെ അനിവാര്യതയും സാംഗത്യവും ബോധ്യമാകുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
