
ഗതിമുട്ടിയ ഹുയയ്യ് ബിൻ അഖ്തബ് നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, “അവിടുന്ന് ആവശ്യപ്പെട്ട ദിയാ ധനം ഞങ്ങൾ തരാം. ഞങ്ങൾ ഇവിടെ നിന്നും പോയ്ക്കൊള്ളാം “.
“നിങ്ങൾ ഇനി തരുന്നതൊന്നും ഞങ്ങൾക്ക് വേണ്ട. ഒട്ടകപ്പുറത്തു കൊണ്ടുപോകാവുന്നതുമായി നിങ്ങൾ നാട് വിട്ടാൽ മാത്രം മതി.” നബിﷺ പ്രതികരണമറിയിച്ചു. അപ്പോൾ സല്ലാം ബിൻ മിഷ്കം ഹുയയ്യിനോട് പറഞ്ഞു, “ഇനിയും വൈകിയിട്ടു കൂടുതൽ നഷ്ടങ്ങൾ വരുത്താതെ പോയ്ക്കൊള്ളുക. അതാണ് നല്ലത് “.
അയാൾ ചോദിച്ചു, “ഇനിയെന്താണ് നഷ്ടം വരാനുള്ളത് ? ഇനിയും മുന്നോട്ട് പോയാൽ നിങ്ങളിൽ പലരും ബന്ധികളാവും. നീണ്ട യുദ്ധത്തിന് വഴിയൊരുങ്ങും. അതിനൊന്നും നിൽക്കാതെ പോകുന്നതല്ലേ നല്ലത്?”
പെട്ടെന്നതങ്ങ് അംഗീകരിക്കാൻ ഹുയയ്യിന് കഴിഞ്ഞില്ല. അതിനിടെ യാമീൻ ബിൻ ഉമൈർ, അബൂ സഈദ് ബിൻ വഹബ് എന്നീ രണ്ടാളുകൾ നബിﷺയെ കണ്ടു ഇസ്‌ലാമിലേക്ക് ചേർന്നു. അവർ സുരക്ഷ സമ്പാദിക്കുകയും ചെയ്തു.
ബനൂ നളീറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത് പതിനഞ്ചു ദിവസം, ആറ് ദിവസം, ഇരുപതു ദിവസം ഇങ്ങനെ പല അഭിപ്രായങ്ങളും ഉണ്ട്. ആഇശ (റ) റിപ്പോർട്ട് ചെയ്തത് ഇരുപത്തി അഞ്ച് ദിവസങ്ങൾ എന്നായിരുന്നു.
ബനൂ നളീർ മദീന വിട്ടു പാലായനം തുടങ്ങി. ഓരോ ഒട്ടകത്തിലും കുന്നുപോലെ സാധനങ്ങളും വഹിച്ചു ആഘോഷപൂർവം അവർ നടന്നു നീങ്ങി. മദീനയുടെ ഹൃദയ ഭാഗത്തുകൂടി അറുനൂറ് ഒട്ടകങ്ങളുടെ ഒരു മഹാനിര അരിച്ചു നീങ്ങി. ആഭരണങ്ങളും ഉടയാടകളും ആഡംബര വസ്തുക്കളുമെല്ലാം മദീനക്കാരെ അദ്ഭുതപ്പെടുത്തി. അവരിൽ വലിയ ഒരു സംഘം ഖൈബറിലേക്കാണ് പോയത്. ഹുയയ്യ്, സല്ലാം, കിനാന എന്നീ നേതാക്കൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവർ സിറിയയിലേക്ക് സഞ്ചരിച്ചു. ഈത്തപ്പനയും കൃഷിയും അനുകൂലമായ സ്ഥലങ്ങളാണ് അവർ തെരഞ്ഞെടുത്തത്. മദീനയിൽ നിന്നു ചെല്ലുന്നവർക്ക് നല്ല ആസ്തിയുണ്ടായിരുന്നതിനാൽ അവരെ സ്വീകരിക്കുന്നതിൽ മറ്റു ദേശക്കാർക്ക് പരിഭവമില്ലായിരുന്നു.
ഏതു അന്താരാഷ്ട്ര നിയമങ്ങൾ വച്ചു നോക്കിയാലും രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയ്ക്കു വേണ്ടി ഒരു ഭരണാധികാരി സ്വീകരിച്ച ഈ നടപടി തീവ്രമായെന്നോ കുറ്റകരമായിപ്പോയെന്നോ പറയാനാവില്ല.
ബനൂ നളീർ സംഭവത്തിന്റെ നയവും രാഷ്ട്രീയവും ആർജിത സ്വത്തിന്റെ വിതരണവുമെല്ലാം വളരെ മനോഹരമായി ഖുർആൻ തന്നെ വിശദീകരിക്കുന്നു. അൽ ഹശ്ർ അധ്യായത്തിന്റെ ആശയസാരം ഒന്നു വായിച്ച് നോക്കൂ.
“ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രെ. ഒന്നാമത്തെ പടപ്പുറപ്പാടില്‍ത്തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍, അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ ഭയം പടര്‍ത്തി. അങ്ങനെയവര്‍ സ്വന്തം കൈകള്‍ക്കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക. അല്ലാഹു അവര്‍ക്ക് നാടുകടത്തല്‍ ശിക്ഷ വിധിച്ചില്ലായിരുന്നെങ്കില്‍ അവന്‍ അവരെ ഈ ലോകത്തുവച്ചുതന്നെ ശിക്ഷിക്കുമായിരുന്നു. പരലോകത്തവര്‍ക്ക് നരകശിക്ഷയാണുണ്ടാവുക. അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും എതിര്‍ത്തതിനാലാണിത്. അല്ലാഹുവോട് വിരോധം വച്ചുപുലര്‍ത്തുന്നവരേ, അറിയണം: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. നിങ്ങള്‍ ചില ഈത്തപ്പനകളെ മുറിച്ചിട്ടതും ചിലതിനെ അവയുടെ മുരടുകളില്‍ നിലനിര്‍ത്തിയതും അല്ലാഹുവിന്റെ അനുമതിയോടെത്തന്നെയാണ്. അധര്‍മകാരികളെ അപമാനിതരാക്കാനാണത്. അവരില്‍നിന്ന് അല്ലാഹു തന്റെ ദൂതന് അധീനപ്പെടുത്തിക്കൊടുത്ത ധനമുണ്ടല്ലോ; അതിനായി നിങ്ങള്‍ക്ക് കുതിരകളെയും ഒട്ടകങ്ങളെയും ഓടിക്കേണ്ടി വന്നില്ല. എന്നാല്‍, അല്ലാഹു അവനാഗ്രഹിക്കുന്നവരുടെ മേല്‍ തന്റെ ദൂതന്മാര്‍ക്ക് ആധിപത്യമേകുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനല്ലോ. വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും യാത്രക്കാർക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണീ നടപടികൾ. അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച!”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
