
അനുരാഗത്തിനായി ആത്മാവ് സമർപ്പിച്ച ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ശരീരം ക്രൂശിക്കപ്പെട്ട മരത്തിൽത്തന്നെ നിന്നു. വിവരം നബിﷺ മദീനയിലിരുന്ന് അല്ലാഹുവിൽ നിന്നുള്ള അറിയിപ്പു പ്രകാരം അറിഞ്ഞു. ഉടനെ രണ്ടാളുകളെ അങ്ങോട്ടയച്ചു. മിഖ്ദാദ് ബിൻ അംറും(റ) സുബൈർ ബിൻ അൽ അവ്വാമു(റ)മായിരുന്നു ആ രണ്ടു പേർ എന്നാണ് പ്രബലാഭിപ്രായം. അതല്ല, അവരിലൊരാൾ അംറ് ബിൻ ഉമയ്യ അള്ളംരി (റ) ആയിരുന്നു എന്നും അഭിപ്രായമുണ്ട്. ഈ രണ്ടു ദൂതന്മാർ രാത്രിയുടെ മറവിൽ കഴുമരത്തിനടുത്തെത്തി. ഖുബൈബ്(റ)ന്റെ ശരീരം അഴിച്ചിറക്കി മറമാടി. ഇന്ന് തൻഈമിലെ ആഇശ പള്ളി നിലനിൽക്കുന്നതിന്റെയധികം ദൂരെയായിരുന്നില്ല ഈ സംഭവങ്ങൾ നടന്നത്. പള്ളിയിൽ ഖിബ്’ലയ്ക്ക് നേരേ നിൽക്കുമ്പോൾ ഇടതു ഭാഗത്തായിരുന്നുവത്രെ കൃത്യമായ സ്ഥലം.
ഖുബൈബി(റ)ന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായ ഒരു വ്യക്തിത്വത്തിൽ നിഴലിച്ച വികാരം കൂടി വായിക്കുമ്പോഴാണ് ഈ അധ്യായം പൂർത്തിയാകുന്നത്.
സഈദ് ബിൻ ആമിർ അൽ ജുമഹി ഈ സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു. പക്ഷേ, അന്ന് ഇസ്‌ലാം പക്ഷത്തായിരുന്നില്ല. ശത്രുസംഘത്തിൽ നിന്ന് രംഗം കാണാൻ വന്നയാളായിരുന്നു. എന്നാൽ, ഖുബൈബി(റ)ൻ്റെ അവസാന സമയത്തെ സ്ഥൈര്യവും നിലപാടുകളും അദ്ദേഹത്തെ മാറ്റിച്ചിന്തിപ്പിച്ചു. അങ്ങനെയദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. നല്ല ഒരനുയായിയായി ജീവിച്ചു.
നബിﷺയുടെ വിയോഗവും പിന്നെ വർഷങ്ങളും കഴിഞ്ഞു. ഉമർ (റ) ഇദ്ദേഹത്തെ സിറിയയിലെ ഹിംസിൽ ഗവർണറായി നിയോഗിച്ചു. ഉമറി(റ)ന്റെ ഭരണക്രമത്തിൽ ഗവർണർമാർ കൃത്യമായി നിരീക്ഷിക്കപ്പെട്ടിരുന്നു. അവരെക്കുറിച്ചുള്ള ഭരണീയരുടെ വിലയിരുത്തലുകൾ മുഖവിലയ്ക്കെടുത്തിരുന്നു. അതിന്റെ ഭാഗമായി ഹിംസുകാരോട് സഈദി(റ)നെക്കുറിച്ച് അഭിപ്രായാന്വേഷണം നടത്തി. അവർ മൂന്ന് പരാതികൾ സഈദി(റ)നെതിരെ ഉന്നയിച്ചു. പരസ്യമായി സഈദി(റ)നെ വിചാരണ ചെയ്യാൻ ഖലീഫ മുന്നോട്ട് വന്നു. നാട്ടുകാർ പരാതികൾ ഓരോന്നായി ഉന്നയിച്ചു തുടങ്ങി. ‘രാവിലെ വളരെ വൈകിയാണ് സഈദ് കാര്യാലയത്തിലേക്കെത്തുക’ എന്നതായിരുന്നു ആദ്യത്തേത്. സഈദി(റ)നോട് ഈ പരാതിക്ക് വിശദീകരണം തേടി. അദ്ദേഹം പറഞ്ഞു. “ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വ്യക്തിപരമായി എനിക്ക് താല്പര്യമില്ല. ഇത്തരമൊരു ഘട്ടത്തിലായത് കൊണ്ട് മാത്രം ഞാൻ പറയാം. എന്റെ ഭാര്യ രോഗിണിയാണ്. വീട്ടുവേലയ്ക്ക് വേറെയാരുമില്ല. പരിചാരകരെയോ സേവകരെയോ വച്ചിട്ടില്ല. ഞാൻ തന്നെയാണ് ഭാര്യയെ പരിചരിക്കുന്നതും വീട്ടുവേലകൾ ചെയ്യുന്നതും. അതിനാലാണ് രാവിലെ എത്താൻ ഞാൻ വൈകുന്നത് “. ഇതു കഴിഞ്ഞപ്പോൾ ഖലീഫയുടെ നിർദേശപ്രകാരം അടുത്ത പരാതി ഉന്നയിച്ചു. ‘ഗവർണർ പകൽ മാത്രമെ ജനങ്ങളുടെ കാര്യത്തിൽ ഇടപെടാറുള്ളൂ. രാത്രിയിലദ്ദേഹത്തെ ലഭിക്കുന്നില്ല’. സഈദ്(റ) പ്രതികരിച്ചു. “അല്ലയോ അമീറുൽ മുഅ്മിനീൻ, ഇതും പുറത്തൊരാളോട് പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാനെന്റെ പകല്‍ സമയം ജനങ്ങള്‍ക്കും രാത്രി എന്റെ റബ്ബിനും വേണ്ടി നീക്കി വച്ചിരിക്കുന്നു. അതുകൊണ്ടാണ് രാത്രിയിലെന്നെ ലഭിക്കാത്തത് “.
‘ചിലപ്പോള്‍ അദ്ദേഹത്തെ ഒരു ബോധക്ഷയം പിടികൂടും. അങ്ങനെയദ്ദേഹം സദസ്സില്‍ നിന്ന് അപ്രത്യക്ഷനാകും. ഇതായിരുന്നു ഹിംസുകാരുടെ അടുത്ത പരാതി’.
ഉമർ (റ) സഈദി(റ)നോട് ചോദിച്ചു. “ഇതെന്തുകൊണ്ടാണ് ?”
സഈദ് (റ) പറഞ്ഞു തുടങ്ങി. “അത്…. ഞാന്‍ ബഹുദൈവ വിശ്വാസിയായിരിക്കെ ഖുബൈബ്‌നു അദിയ്യ്(റ)ന്റെ വധത്തിന് സാക്ഷിയായിട്ടുണ്ട്. ഖുറൈശികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുമ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ‘നിന്റെ സ്ഥാനത്ത് മുഹമ്മദ്ﷺ ആയിരിക്കാന്‍ നീ ആഗ്രഹിക്കുന്നില്ലേ?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ, മുഹമ്മദ്ﷺക്ക് ഒരു മുള്ള് തറയ്ക്കുകയും ഞാനെന്റെ കുടുംബത്തില്‍ മക്കളോടൊപ്പം നിര്‍ഭയനായിരിക്കുകയും ചെയ്യുന്നത് പോലും എനിക്ക് ഇഷ്ടമല്ല…’ ‘അല്ലാഹുവാണെ, ആ ദിവസത്തെ ഞാന്‍ ഓര്‍ക്കുമ്പോഴെല്ലാം അന്ന് അദ്ദേഹത്തെ സഹായിക്കാന്‍ കഴിയാതെ പോയതില്‍ അല്ലാഹു എനിക്ക് പൊറുത്തുതരാതിരിക്കുമോ എന്ന ചിന്ത എന്നെ വേട്ടയാടും’. അപ്പോഴാണ് അങ്ങനെ സംഭവിക്കുന്നത് “.
ഇത് കേട്ട് ഉമറി(റ)ന്റെ കണ്ണുകളിലും ഈറനണിഞ്ഞു. ചില നിവേദനങ്ങളിൽ ഹിംസുകാർക്ക് ഒരു പരാതി കൂടിയുണ്ടായിരുന്നു. ‘മാസത്തിലൊരു ദിവസം അദ്ദേഹം തീരെ പുറത്തിറങ്ങാറില്ല എന്നതായിരുന്നു’.
‘‘ഇതെന്താണ് സഈദേ?’’ ഉമർ (റ) വിശദീകരണം തേടി.
“അമീറുല്‍ മുഅ്മിനീന്‍, എനിക്ക് വേലക്കാരനില്ല. ഞാനുടുത്ത ഈ വസ്ത്രമല്ലാതെ മറ്റു വസ്ത്രങ്ങളുമില്ല. അത് അലക്കിയുണങ്ങും വരെ ഞാന്‍ കാത്തിരിക്കും. അന്ന് പകലിന്റെയവസാനം ഞാന്‍ പുറത്തിറങ്ങുകയും ചെയ്യും.”
മറുപടികൾ കേട്ട് സംതൃപ്തനായി. ഹിംസുകാർ ആശ്ചര്യത്തോടെ തങ്ങളുടെ ഗവർണറുടെ മഹത്വം മനസ്സിലാക്കി.
ഖുബൈബി(റ)ൻ്റെ വിയോഗം ആഴ്ന്നു നിൽക്കുന്ന ഓർമയായി കാലങ്ങൾക്കിപ്പുറത്തേക്കും നാം വായിച്ചു കൊണ്ടിരിക്കുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
