
പ്രഭാതമായി. ഖുബൈബി(റ)നെ ശത്രുക്കൾ കൊലക്കളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരസ്യമായി വധിക്കാനാണ് അവരുടെ ഉദ്ദേശ്യം. അതറിഞ്ഞയുടനെ മഹാനവർകൾ അവരോടു ഒരന്ത്യാഭിലാഷം അറിയിച്ചു. അത് മറ്റൊന്നുമായിരുന്നില്ല, രണ്ടു റകഅത് നിസ്കരിക്കാൻ. അവരത് അനുവദിച്ചു കൊടുത്തു. അദ്ദേഹം വേഗം നിസ്ക്കാരം പൂർത്തീകരിച്ചു. എന്നിട്ട് പറഞ്ഞു “ഞാൻ വേഗം നിസ്ക്കാരം പൂർത്തിയാക്കിയത് നിങ്ങൾ എന്റെമേൽ ഭീരുത്വം ആരോപിക്കുമെന്ന് പേടിച്ചു മാത്രമാണ്. അല്ലാതെ നിസ്ക്കാരത്തിന്റെ ആശ മതിയായിട്ടോ മധുരം നുണഞ്ഞു കഴിഞ്ഞത് കൊണ്ടോ അല്ല”. ഇത്തരമൊരു നിസ്ക്കാരം മരണത്തിനു മുമ്പ് നിർവഹിക്കുന്ന ശൈലി ആദ്യമായി സ്വീകരിച്ചത് തന്നെ ഖുബൈബ് (റ) ആയിരുന്നുവെന്ന് ഹദീസുകൾ പഠിപ്പിക്കുന്നു. പിന്നീട് പലരും ആ ചര്യ പിന്തുടർന്നു.
ഖുറൈശികളിൽ അന്നുവരെ ശീലമില്ലാതിരുന്ന ക്രൂശിക്കുക എന്ന രീതിയാണ് ഖുബൈബി(റ)നെതിരെ അവർ സ്വീകരിക്കാനുദ്ദേശിച്ചത്. ഒരുപക്ഷേ, റോം പോലെയുള്ള രാജ്യങ്ങളിൽ വ്യാപാര യാത്രകൾ നടത്തുക വഴി അറബികൾ കണ്ടു പകർത്തിയതായിരിക്കണം ഈ രീതിയെന്നാണ് പ്രമാണങ്ങളുടെ നിഗമനം. മരത്തിൽ വരിഞ്ഞുമുറുക്കിക്കെട്ടുമ്പോഴും കൂസലില്ലാത്ത ഭാവമാണ് അദ്ദേഹം പുലർത്തിയത്. പതറാത്ത മനോധൈര്യത്തോടെ മഹാനവർകൾ നിലകൊണ്ടു. അപ്പോഴും ചില കവിതാ ശകലങ്ങൾ അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നു. അതിൽപ്പെട്ട വരികളാണ്:
“വ ലസ്തു ഉബാലീ ഹീന ഉഖ്‌തലു മുസ്‌ലിമൻ,
അലാ അയ്‌യി ജൻബിൻ കാന
ലില്ലാഹി മസ്റഈ.”
‘’അല്ലാവിൻ മാർഗത്തിൽ മരിക്കുകിൽ
പരിഭവമില്ലതിൽ ഏതു വിധേനയും.“
അഥവാ, അല്ലാഹുവിന്റെ മാർഗത്തിലാണ് എന്റെ മരണമെങ്കിൽ എങ്ങനെ കൊല്ലപ്പെട്ടാലും എനിക്ക് പരാതിയില്ല. കഷണങ്ങളായി പല ദിക്കുകളിൽച്ചിതറിയാലും ഒരുമിച്ചുകൂട്ടാൻ കഴിവുള്ളവനല്ലോ എന്റെ രക്ഷിതാവ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം.
മരണത്തോടടുത്ത വേളയിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ആകാശത്തേക്കുയർന്നു. എന്നിട്ട് പ്രാർഥിച്ചു. “അല്ലാഹുവേ എന്റെ ഒരു സലാം എന്റെ പ്രിയപ്പെട്ട പ്രവാചക തിരുനബിﷺക്കു എത്തിച്ചു കൊടുക്കാൻ ഒരാളെയും ഞാൻ പരിസരത്ത് കാണുന്നില്ല. നീ തന്നെ എന്റെ ഒരഭിവാദ്യം പുണ്യനബിﷺക്കു എത്തിച്ചു നൽകേണമേ!”
നോക്കൂ അനുരാഗത്തിന്റെ ആത്മ ശീലുകൾ എത്രമേൽ കൃത്യമായിട്ടാണ് ഖുബൈബി(റ)നെ പുൽകിയിരിക്കുന്നത് ! ഏതൊരു നേതാവിനെ അംഗീകരിച്ചതിനാലാണോ ക്രൂശിക്കപ്പെടാൻ പോകുന്നത് അതേ തിരുനബിﷺയിലേക്കാണ് പിന്നെയും ഹൃദയം ഓടിച്ചെല്ലുന്നത്. ആത്മാവിനോട് പ്രണയം ചേർത്തു വച്ചു എന്ന പ്രയോഗമല്ല ഇവിടെ, പ്രണയം മരണത്തെയും തോൽപ്പിച്ചു അനുരാഗിയെ ആസ്വദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ ഒരു സ്നേഹ ഗാഥ മുത്തു നബിﷺയുടെ ചരിത്രത്തിലല്ലാതെ ആരുടെ ചരിത്രത്തിലാണ് വായിക്കാൻ ലഭിക്കുക ?
ഈ മുഹൂർത്തത്തിൽ നമ്മുടെ ക്യാമറയൊന്നു മദീനയിലേക്ക് തിരിക്കാം. അഥവാ, മുത്തുനബിﷺയുടെ സവിധത്തിലേക്ക്. നബിﷺയെ അടുത്തുള്ള അനുയായികൾ അസ്വസ്ഥമായിട്ടാണ് കാണുന്നത്. അവിടുത്തെ തിരുമുഖത്തു ആകുലത നിഴൽ വീഴ്ത്തിയിരിക്കുന്നു. പെട്ടെന്നവിടുന്ന് ‘വഅലൈകുമുസ്സലാം’ എന്ന് സലാം മടക്കുന്നത് അഥവാ പ്രത്യഭിവാദ്യം ചെയ്യുന്നത് കേട്ടു. അടുത്തുള്ള അനുയായികൾ ആകെ അദ്ഭുതപ്പെട്ടു. ആർക്കായിരിക്കും ഈ സലാം മടക്കിയത്! ഉടനെ നബിﷺ കാര്യം വിശദീകരിച്ചു. ഖുബൈബി(റ)ന്റെ സലാം ജിബ്‌രീല്‍ (അ) എനിക്ക് എത്തിച്ചു തന്നിരിക്കുന്നു. തുടർന്നു ഖുബൈബി(റ)ന്റെ വിവരങ്ങൾ അനുയായികളോട് പങ്കുവച്ചു.
ഖുബൈബി(റ)നെ അവർ ഇഞ്ചിഞ്ചായി കൊലചെയ്യാൻ തുടങ്ങി. ഉറച്ച വിശ്വാസത്തോടെ സഹിച്ചു നിൽക്കുന്ന ഖുബൈബ് (റ) ശത്രുക്കളെയും അദ്ഭുതപ്പെടുത്തി. അതിനിടയിൽ അദ്ദേഹത്തെ ചൊടിപ്പിക്കാൻ വേണ്ടി അവർ ചോദിച്ചു. നിങ്ങളുടെ ഈ സ്ഥാനത്ത് മുഹമ്മദ് നബിﷺ ആയിരുന്നെങ്കിലോ? ഉടനെ അദ്ദേഹം പ്രതികരിച്ചു. “മുത്തു നബിﷺ ഈ സ്ഥാനത്തു പോയിട്ട് അവിടുത്തെ പൂമേനിയിൽ ഒരു മുള്ളു കൊള്ളുന്നതു പോലും ഞാനിഷ്ടപ്പെടുന്നില്ല “.
വീണ്ടും നബിസ്നേഹത്തിന്റെ അതുല്യമായ സാക്ഷ്യം അടയാളപ്പെടുത്തി. ജീവിതത്തിന്റെ അവസാന നിമിഷമടുത്തപ്പോൾ അദ്ദേഹം സഹനത്തിന്റെ പാരമ്യതയും കടന്നു ഇങ്ങനെ പ്രാർഥിച്ചു. “അല്ലാഹുവേ, ഇവരിലൊരാളെയും നീ ബാക്കിയാക്കരുതേ! എല്ലാവരോടും നീ കണക്കു ചോദിക്കേണമേ!”
മരണം സ്ഥിരീകരിച്ചതോടെ ഖുറൈശികൾ മക്കയിലേക്ക് മടങ്ങി. പക്ഷേ, കാഴ്ചക്കാരായ പലരുടെയും ഹൃദയങ്ങളിൽ ഖുബൈബി(റ)ന്റെ ഓരോ ഭാവവും ആഴത്തിൽപ്പതിഞ്ഞു. ആജീവനാന്തം ആ ഓർമകൾ അവരെ സ്വാധീനിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
