
ഖുബൈബ്(റ) ഇപ്പോഴുള്ളത് ബനൂ ഹാരിസയുടെ തടവറയിലാണ്. ഹാരിസിന്റെ മക്കളാണ് തടവറയിൽ അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. അതിനിടയിൽ ഒരദ്ഭുതം അവർ ദർശിച്ചു. ഒരു ദിവസം ഹാരിസിന്റെ മകൾ തടവറയിലേക്ക് നോക്കിയപ്പോൾ ഒരു വലിയ കുല മുന്തിരി അദ്ദേഹം കഴിച്ചു കൊണ്ടിരിക്കുന്നു. ഈ വീട്ടുകാർ നൽകാതെ ഒന്നും ഖുബൈബി(റ)ന് കിട്ടാനുള്ള ഒരു വഴിയുമില്ല. അപ്പോൾ ഇതെങ്ങനെ ലഭിച്ചു? അതിലുപരി ഇപ്പോഴെവിടെയും മുന്തിരി ലഭിക്കുന്ന കാലമോ സീസണോ അല്ല. അവരദ്ദേഹത്തോട് തന്നെ ചോദിച്ചു : “എവിടെ നിന്നാണ് നിങ്ങൾക്കിത് കിട്ടിയത്?” ഉടനെ അവിടുന്ന് പ്രതികരിച്ചതിങ്ങനെയാണ്. “എൻ്റെ രക്ഷിതാവായ അല്ലാഹുവാണ് എന്നെ കുടിപ്പിക്കുന്നതും കഴിപ്പിക്കുന്നതും “.
അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക്കു നൽകുന്ന അസാധാരണത്വം അഥവാ ‘കറാമത്ത്’ – ന്റെ ഭാഗമാണിത്. അല്ലാഹുവിനെ സ്നേഹിച്ച്, അനുസരിച്ച് വിധേയപ്പെടുന്നവർക്ക് അനുഗ്രഹവും ആദരവുമായി നൽകുന്ന അസാധാരണത്വം. ഖുബൈബി(റ)ന് ലഭിച്ചതിന് സമാനമായ അനുഗ്രഹങ്ങൾ അല്ലാഹു മുൻകാലത്ത് നൽകിയതിന്റെ ഉദാഹരണം ഖുർആൻ തന്നെ പ്രതിപാദിക്കുന്നുണ്ട്. മഹതിയായ മർയം ബീവി(റ)യുടെ ചരിത്രത്തിൽ ഖുർആൻ എടുത്ത് പറയുന്നത് നോക്കൂ.
“അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു. മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിക്കുമായിരുന്നു: “മര്‍യം, നിനക്കെവിടെനിന്നാണിത് ലഭിക്കുന്നത്?” അവർ പറഞ്ഞു.: “ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കറ്റ് കൊടുക്കുന്നു.” മൂന്നാമധ്യായം ആലു ഇംറാനിലെ മുപ്പത്തിയേഴാം സൂക്തത്തിന്റെ ആശയസാരമാണിത്.
ഏതായാലും ഖുബൈബ്(റ)നെ അവർ തടവറയിൽത്തന്നെ കിടത്തി. വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചത്തിന്റെ തലേ ദിവസം മഹാനവർകൾ ഒരാവശ്യം ഉന്നയിച്ചു. എനിക്കൊന്നു ക്ഷൗരം ചെയ്യാനാവശ്യമായ ഒരു കത്തി വേണമായിരുന്നു. ഹാരിസിൻ്റെ വീട്ടിലെ പരിചാരക അത് കൊണ്ടുവന്നു കൊടുത്തു. ശരീരത്തിൽ നിന്ന് നീക്കേണ്ട രോമവും മറ്റും നാൽപ്പത് ദിവസത്തിലൊരിക്കൽ നീക്കം ചെയ്യണമെന്ന നബിചര്യയാണ് ഖുബൈബ് (റ) തടവറയിലും ശ്രദ്ധിച്ചിരുന്നത്. അതോടൊപ്പം അടുത്ത ദിവസം ഞാനെന്റെ രക്ഷിതാവിലേക്ക് യാത്രയാവുകയാണല്ലോ? അവനെക്കണ്ടുമുട്ടാൻ തയ്യാറെടുക്കണമല്ലോ? എന്ന വിചാരം കൂടി മഹാനവർകളെ സ്വാധീനിച്ചിട്ടുണ്ട്.
മഹാനവർകൾ ക്ഷൗരക്കത്തിയുമായി തടവുമുറിയിലിരിക്കുമ്പോൾ ഹാരിസിൻ്റെ കുടുംബത്തിൽ നിന്ന് ഒരു കുട്ടി ഓടി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. വാത്സല്യപൂർവം ഖുബൈബ് (റ) കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി. ഈ രംഗം കണ്ട വീട്ടുകാരി ഓടി വന്ന് തടവറയുടെ മുമ്പിൽ ഭയവിഹ്വലയായി വന്നു നിന്നു. തടവുപുള്ളിയുടെ കൈയിൽ കത്തിയിരിക്കുന്നു. തടവിലാക്കിയവരുടെ വീട്ടിലെ കുഞ്ഞിനെ മടിയിൽ കിട്ടിയിരിക്കുന്നു. നാളെ വധശിക്ഷ നടപ്പിലാക്കാൻ പോകുന്നവരാണ് കുട്ടിയുടെ കുടുംബക്കാർ. അപകട സാധ്യത മുന്നിൽക്കണ്ട മാതാവിന്റെ മുഖഭാവം കണ്ട് ഖുബൈബ് (റ) പുഞ്ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു. “ഞാനീ കുഞ്ഞിനെ വധിച്ചു കളയുമെന്നാണോ നീ ഭയപ്പെടുന്നത്? നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല. ഞാനങ്ങനെ ചെയ്യുകയോ?” സത്യവിശ്വാസിയായ തന്നെക്കുറിച്ച് അങ്ങനെ ചിന്തിച്ചു പോയോ എന്ന രൂപേണയാണ് ഖുബൈബ് (റ) സംസാരിച്ചത്. കാരണം, നിരപരാധിയായ ഒരാളെ വധിക്കുന്നതിന്റെ ഗൗരവം എത്ര വ്യക്തമായിട്ടാണ് ഖുർആനെടുത്ത് പറഞ്ഞത് ! “ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്.” അഞ്ചാമധ്യായം അൽ മാഇദയിലെ മുപ്പത്തിരണ്ടാം സൂക്തത്തിന്റെ ആശയ ശകലമാണിത്.
ഖുബൈബി(റ)ന്റെ തടവറ ജീവിതത്തെ ലോകത്തോട് പങ്കുവച്ച ഹാരിസിന്റെ വീട്ടിലെ പരിചാരക ഇപ്രകാരം പറഞ്ഞു. “അല്ലാഹു സത്യം! ഖുബൈബി(റ)നോളം മഹത്വമുള്ള ഒരു ബന്ധിയേയും ഞാനറിഞ്ഞിട്ടില്ല”.
തൊട്ടടുത്ത ദിവസം ഖുബൈബി(റ)നെ കൊലക്കയറിലേക്ക് കൊണ്ടുപോകാൻ ഖുറൈശികൾ തയ്യാറായിരിക്കുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
