
ബാക്കിയുള്ള രണ്ടുപേരെ മക്കയിലെ ഖുറൈശികൾക്ക് കൈമാറാൻ അവർ തീരുമാനിച്ചു. കാരണം, ഇവരെ വധിച്ചാൽ പ്രത്യേകിച്ചൊന്നും കിട്ടാനില്ല. അതേ സമയം ഖുറൈശികൾക്ക് വിറ്റാൽ നല്ല ഉപഹാരങ്ങൾ സ്വീകരിക്കാൻ കഴിയും. കാരണം, ഇവർ രണ്ടുപേരും ഖുറൈശി പ്രമുഖരെ ബദ്റിൽ കൈകാര്യം ചെയ്തവരാണ്. അപ്പോൾ അവരുടെ ബന്ധുക്കൾ പക തീർക്കാൻ വേണ്ടി ഇവരെ വാങ്ങിക്കൊള്ളും. അങ്ങനെ ഹുദൈൽ ഗോത്രക്കാർ ഖുറൈശികളുമായി ബന്ധപ്പെട്ടു. പ്രമുഖനായ സഫ്‌വാൻ ബിൻ ഉമയ്യ എന്നയാൾ സൈദ് ബിൻ ദസിന(റ)യെ വാങ്ങി. കാരണം, ഉമയ്യത്തു ബിൻ ഖലഫിനെ ബദ്റിൽ വച്ചു ബിലാൽ വകവരുത്തിയപ്പോൾ സഹായിച്ച ആളായിരുന്നു സൈദ് (റ). പിതാവിന്റെ വധത്തിന് പ്രതികാരം തീർക്കാനാണ് സഫ്‌വാൻ ഈ ഇടപാട് നടത്തിയത്. ഹാരിസ് ബിൻ ആമിറിന്റെ മക്കൾ ഖുബൈബി(റ)നെയും വാങ്ങി. കാരണം, അവരുടെ പിതാവിനെ ബദ്റിൽ നേരിട്ടു വകവരുത്തിയ ആളായിരുന്നു ഖുബൈബ് (റ). വലിയ തുക നൽകിയാണ് അവർ ഇദ്ദേഹത്തെ വാങ്ങിയത്. പ്രതികാര നടപടികൾ ഉടനെ നടത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമായിരുന്നതിനാൽ അവർ സ്വഹാബികളെ തടങ്കലിൽ വച്ചു. കൈകാലുകൾ ചങ്ങലകളിൽ ബന്ധിച്ച് വന്യമായ ഏകാന്തതയിലാണ് അവരെ പാർപ്പിച്ചത്.
പവിത്രമാസം കഴിഞ്ഞയുടനെ ആദ്യം സൈദി(റ)നെ വധിക്കാൻ അവർ കളമൊരുക്കി. മക്കയുടെ പവിത്ര ഭൂപരിധി അഥവാ, ഹറമിന് പുറത്ത് തൻഈമിലേക്ക് അവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. പരസ്യമായ വധ ശിക്ഷയിലൂടെ ആഘോഷിക്കാൻ തന്നെ അവർ തീരുമാനിച്ചു. സൈദി(റ)നെയും കൂട്ടി അവർ തൻഈമിലേക്ക് പോകുമ്പോൾ സൈദി(റ)ൽക്കണ്ട ധൈര്യം അവരെ അദ്ഭുതപ്പെടുത്തി. കൊലക്കയറിലേക്കാണെന്നറിഞ്ഞിട്ടും കൂസാത്ത ഭാവം കണ്ടപ്പോൾ അബൂസുഫ്‌യാൻ ഏറെ ആശ്ചര്യപ്പെട്ടു. അദ്ദേഹം സൈദി(റ)നോട് ചോദിച്ചു. “അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ! നിങ്ങളുടെ ഈ സ്ഥാനത്തു മുഹമ്മദ് നബിﷺയാവുകയും നിങ്ങൾ സുരക്ഷിതമായി വീട്ടിലിരിക്കുന്നതും നിങ്ങൾക്കൊന്നു സങ്കല്പിക്കാമോ? അങ്ങനെയൊന്നു ഇഷ്ടപ്പെടുന്നുണ്ടോ?” സൈദ് (റ) കൂസലില്ലാതെ ചിരിച്ചുകൊണ്ട് പ്രതികരിച്ചു. “അല്ലാഹു സത്യം! ഞാൻ സ്വസ്ഥമായി എന്റെ കുടുംബത്തോടൊപ്പമിരിക്കുന്നതും അതേ സമയം, മുത്തുനബിﷺ ഉള്ള സ്ഥലത്തുവച്ചു തന്നെ അവിടുത്തെ കാലിൽ ഒരു മുള്ളു തറക്കുന്നതു പോലും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് “. മറുപടി കേട്ടു അബൂസുഫ്‌യാൻ ഒരിക്കൽ കൂടി അദ്ഭുതപ്പെട്ടു. പിന്നൊരിക്കൽ അദ്ദേഹം പറഞ്ഞു. “മുഹമ്മദ് നബിﷺയെ അനുയായികൾ സ്നേഹിക്കുമ്പോലെ ഒരു നേതാവും ലോകത്തു അനുയായികളാൽ സ്നേഹിക്കപ്പെടുന്നതേയില്ല “.
ഇപ്പോൾ ഇവിടെ ഉദ്ധരിച്ച ഭാഗങ്ങൾ കാതുമുളച്ചതു മുതൽ ഓരോ വിശ്വാസിയും കേട്ടു വരുന്ന നബിസ്നേഹ കഥനമാണ്.
സൈദി(റ)നെ വധിക്കാൻ വേണ്ടി ശത്രുക്കൾ കൊലക്കല്ലിന്റെയടുത്തു ഹാജരാക്കി. ഖുറൈശികളിലെ അതിനീചനായ നസ്താഷ് എന്ന് പേരുള്ളവൻ ഓടിവന്ന് തന്റെ കുന്തം കൊണ്ട് സൈദി(റ)നെ ആഞ്ഞു കുത്തി. വിശ്വാസ വാചകം ഉറക്കെച്ചൊല്ലി സൈദ് (റ) യാത്രയായി. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ നിരവധിയാളുകൾ പിൽകാലത്തു വിശ്വാസികളായി. ഖുറൈശി പ്രമുഖനായ അബൂസുഫ്‌യാനും അദ്ദേഹത്തിന്റെ മകൻ മുആവിയയും മുസ്‌ലിം പക്ഷത്തിന്റെ നേതാക്കളായി. മുആവിയയാണ് ഈ സംഭവങ്ങളുടെയൊക്കെ വിശദമായ വിവരങ്ങൾ നിവേദനം ചെയ്തത്.
ഒരു വിശ്വാസത്തിനും നേതാവിനും വേണ്ടി ഇത്രമേൽ സമർപ്പിച്ച ഉദാഹരണങ്ങൾ മറ്റൊരു വിശ്വാസ സമൂഹത്തിൽ നിന്നും നമുക്ക് വായിക്കാനുണ്ടാവില്ല. അല്ലാഹുവിലും അവന്റെ ദൂതരിലുമുള്ള വിശ്വാസത്തിന്റെ യാഥാർഥ്യമാണ് അവസാന ഘട്ടത്തിൽ അവർക്കു മനസ്സമാധാനവും പുഞ്ചിരിയും പകർന്നു നൽകിയത്; പതറാത്ത മനോഗതികൾ അവർക്ക് സമ്മാനിച്ചത്.
ഒപ്പമുള്ള എല്ലാവരും യാത്രയായി. ഇനിയൊരാൾ മാത്രമേ ബാക്കിയുള്ളൂ. ഖുബൈബ് ബിൻ അദിയ്യ് (റ). തൻഈമിനോടും താഴ്‌വരയോടും അദ്ദേഹത്തെക്കുറിച്ചു നമുക്ക് ചോദിച്ചു നോക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
