Tweet 327

    Tweet 327
    May 7, 2023 • Sunday
    Post Header

    മുശ്‌രിക്കുകൾ ഉഹ്ദിൽ നിന്നും പിരിഞ്ഞു റൗഹാഅ്‌ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ പറഞ്ഞു: “മുഹമ്മദിﷺനെ നിങ്ങൾ കൊന്നില്ല. വളരെ മോശമായിപ്പോയി നിങ്ങൾ ചെയ്തത്. അത്കൊണ്ട് വീണ്ടും മദീനയിലേക്ക് മടങ്ങണം”. അങ്ങനെ അവർ ഹംറാഉൽ അസദ് എന്ന സ്ഥലത്തേക്ക് എത്തി. ഈ വിവരം നബിﷺക്ക് ലഭിച്ചതോടെ നേരം പുലർന്നപ്പോൾ സ്വുബ്‌ഹി നിസ്കാര ശേഷം ബിലാൽ(റ)വിനോട് നബിﷺ ഇപ്രകാരം പറഞ്ഞു: “ശത്രുക്കളെത്തേടിപ്പുറപ്പെടാൻ നബിﷺ നിങ്ങളോട് കൽപ്പിക്കുന്നു എന്നു വിളിച്ചു പറയുക “. ഇന്നലെ നമ്മോടൊപ്പം യുദ്ധത്തിൽപ്പങ്കെടുത്തവരല്ലാതെ വേറെയാരും ഇന്ന് പങ്കെടുക്കരുതെന്നും പറയാൻ നബിﷺ പ്രത്യേകം കൽപ്പിച്ചു.
    ഈ സന്ദർഭത്തിൽ ജാബിർ (റ) വന്നു യുദ്ധത്തിന് പോകുവാനുള്ള അനുവാദം നബിﷺയോട് ചോദിച്ചു. കാരണം അദ്ദേഹത്തിന്റെ പിതാവ് തന്റെ സഹോദരന്മാരെ നോക്കുന്നതിനു വേണ്ടി ഏൽപ്പിച്ചതിനാൽ അദ്ദേഹം ഉഹ്ദിൽ പങ്കെടുത്തിരുന്നില്ല. അപ്പോൾ നബിﷺ അദ്ദേഹത്തിന് അനുവാദം നൽകി. മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂലും നബിﷺയോട് അനുവാദം ചോദിച്ചു വന്നു. പക്ഷേ, നബിﷺ അനുവാദം കൊടുക്കാതെ അയാളെ മടക്കിയയച്ചു.
    അലിയ്യുബ്നു അബീത്വാലിബ് (റ) ആയിരുന്നു മുസ്‌ലിംകളുടെ പതാക വാഹകൻ. നബിﷺ ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. അവിടുത്തെ തിരുമുഖത്തും നെറ്റിയിലും മുറിവേറ്റിരുന്നു. അണപ്പല്ല് പൊട്ടിയ അവസ്ഥയിലായിരുന്നു. ഉഹ്ദിൽ ഇബ്നു ഖംഅയുടെ അടി കാരണത്താൽ അവിടുത്തെ വലതു ചുമലിന് പരുക്കേറ്റിരുന്നു. ശത്രുക്കൾ കുഴിച്ച വാരിക്കുഴിയിൽ വീണ കാരണത്താൽ കാൽമുട്ടിലും മുറിവുണ്ടായിരുന്നു. അബൂ ആമിർ എന്ന ദുഷ്ട വ്യക്തിയാണ് ഉഹ്ദ് മൈതാനത്തിൽ ഈ കുഴിയുണ്ടാക്കിയിരുന്നത്. ശരീരത്തിൽ മുറിവുകളും വേദനകളും സഹിച്ചു കൊണ്ട് തന്നെ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരും നബിﷺ യോടൊപ്പം ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. ഈ രംഗം പ്രമേയമാകുന്ന സൂക്തങ്ങളാണ് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റി നാൽപ്പത്, നാൽപ്പത്തിയൊന്ന് എന്നിവ. ആശയം ഇങ്ങനെയാണ്. “നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് ‎അവര്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ‎ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും. ‎അല്ലാഹുവിന് സത്യവിശ്വാസികളെ ‎വേര്‍ത്തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് ‎രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ‎ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിന് സത്യവിശ്വാസികളെ ‎കറകളഞ്ഞെടുക്കാനാണിത്. സത്യനിഷേധികളെ പരാജയപ്പെടുത്താനും.”‎
    സ്വുബ്ഹി നിസ്കാര ശേഷം നബിﷺ പുറപ്പെട്ടു. സാബിത്ത് ബിനു ളഹ്ഹാക്ക് അൽ ഖസ്റജി എന്ന വ്യക്തിയെയായിരുന്നു വഴികാട്ടിയായി സ്വീകരിച്ചത്. ഹംറാഉൽ അസദ് വരെയെത്തി. അവിടെ സൈനികത്താവളമടിച്ചു. മൂന്ന് ദിവസത്തോളം അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. എല്ലാ രാത്രികളിലും സ്വഹാബികൾ തീ കത്തിക്കാറുണ്ടായിരുന്നു. വളരെ വിദൂരത്തു നിന്ന് നോക്കുന്ന ആളുകൾക്കു പോലും അത് കാണുക സാധ്യമായിരുന്നു. ഈയിടക്ക് ഖുസാആ ഗോത്രത്തിൽപ്പെട്ട മഅ്‌ബദുബ്നു മഅ്‌ബദിനെ ഹംറാഉൽ അസദിൽ വച്ചു കൊണ്ട് നബിﷺ കണ്ടുമുട്ടി. ഇയാൾ മുശ്‌രിക്കായിരുന്നു. ഖുസാഅ ഗോത്രത്തിൽ മുസ്‌ലിംകളും മുശ്‌രിക്കുകളുമുണ്ടായിരുന്നു. മഅ്‌ബദ് പറഞ്ഞു: “അല്ലയോ മുഹമ്മദ്ﷺ, താങ്കളുടെ അനുയായികൾക്കിടയിൽ വച്ചു കൊണ്ട് താങ്കൾക്ക് ബാധിച്ച പ്രയാസങ്ങളിൽ ഞങ്ങൾക്ക് വിഷമമുണ്ട്. അല്ലാഹു താങ്കൾക്ക് സൗഖ്യം നൽകട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു. അപ്പോൾ നബിﷺ മഅ്‌ബദിനോട് അബൂസുഫ്‌യാനെപ്പോയിക്കാണുവാനും അയാളെ ചെറുതാക്കിയവതരിപ്പിക്കാനും പറഞ്ഞു. മഅ്‌ബദ് തിരിച്ചു നടന്നു. റൗഹാഇലുള്ള അബൂസുഫ്‌യാനെയും കൂട്ടരെയും സമീപിച്ചു. അവർ മുഹമ്മദ് നബിﷺയുടെ അടുക്കലേക്കു പോകാനൊരുങ്ങി നിൽക്കുകയായിരുന്നു. മഅ്‌ബദിനെക്കണ്ടപ്പോൾ അബൂസുഫ്‌യാൻ ചോദിച്ചു. “എന്തൊക്കെ വിവരങ്ങളുമായിട്ടാണ് മഅ്‌ബദ് വന്നിട്ടുള്ളത് ?” മഅ്‌ബദ് പറഞ്ഞു: “മുഹമ്മദ്ﷺ തന്റെ അനുയായികളെയും കൊണ്ട് നിങ്ങളെത്തേടിപ്പുറപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ ഒരു സൈന്യത്തെ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല. അവർ നിങ്ങളെ കരിച്ചു കളയും. ഇതിനു മുമ്പ് മുഹമ്മദിﷺന്റെ കൂടെ ഇല്ലാത്ത പലരും നിങ്ങൾക്കെതിരെ ഇന്ന് കൂടക്കൂടിയിട്ടുണ്ട് “. അബൂസുഫ്‌യാൻ പറഞ്ഞു: “നിനക്ക് നാശം! എന്താണ് നീ പറയുന്നത്! ” മഅ്‌ബദ് പറഞ്ഞു: “ഇപ്പോൾ നിങ്ങളങ്ങോട്ട് പോകുന്നത് ഉചിതമായി എനിക്ക് തോന്നുന്നില്ല “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...