
അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു, “അല്ലാഹുവാണ് സത്യം! അവരോട് കൂടെയുള്ള ബാക്കിയാളുകളെക്കൂടി നശിപ്പിക്കാൻ വേണ്ടി നാമൊന്നിച്ച് തീരുമാനമെടുത്തതാണല്ലോ “. മഅ്‌ബദ് പറഞ്ഞു: “എന്നാൽ ഇപ്പോൾ ഞാനതിനോട് യോജിക്കുന്നില്ല “. ഇതു കേട്ടതോടെ അബൂസുഫ്‌യാനും കൂടെയുള്ളവർക്കും എന്തോ ഒരു പന്തികേടനുഭവപ്പെട്ടു. അവർ വളരെ ധൃതിയിൽ മക്കയിലേക്ക് തന്നെ മടങ്ങാനൊരുങ്ങി. അബൂസുഫ്‌യാനും സൈന്യവും മക്കയിലേക്ക് മടങ്ങുമ്പോൾ അബ്ദുൽ ഖൈസ് ഗോത്രത്തിൽപ്പെട്ട ഒരു യാത്രാ സംഘം മദീനയെ ലക്ഷ്യം വച്ചു പോകുന്നതായിക്കണ്ടു. അവരുടെ പക്കൽ മുഹമ്മദ് നബിﷺക്ക് ഒരു കത്ത് കൊടുത്തയച്ചു. ഒപ്പം നബി ﷺ യോട് ഇങ്ങനെ കൂടിപ്പറയണമെന്നും ഏല്പിച്ചു.
“ഞങ്ങൾ വീണ്ടും മദീനയിലേക്ക് വരും. നിങ്ങളുടെ കൂട്ടരെ മുഴുവനായും ഞങ്ങൾ നശിപ്പിക്കും.” നബിﷺ ഹംറാഉൽ അസദിൽ ആയിരിക്കെ, ഈ സംഘം അവിടെ കടന്നു വന്നു. അബൂസുഫ്‌യാൻ പറഞ്ഞ കാര്യം നബിﷺയെ അറിയിക്കുകയും ചെയ്തു. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക് അല്ലാഹു മതി, അവലംബിക്കാൻ. അവൻ എത്രയോ നല്ലവനാണ്.” ഈ ഒരു സന്ദർഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം നൂറ്റിയെഴുപത്തി രണ്ടുമുതൽ നൂറ്റിയെഴുപത്തി നാലുവരെ സൂക്തങ്ങൾ അവതരിച്ചത്. ആശയം ഇങ്ങനെ പകർത്താം.
“പോരാട്ടത്തില്‍ പരുക്കുപറ്റിയ ശേഷവും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കിയവരുണ്ട്. അവരിൽ നിന്ന് സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ട്. നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെപ്പേടിക്കണം എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പ്പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവനാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ബുദ്ധിമുട്ടൊന്നുമുണ്ടാവാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അനുധാവനം ചെയ്തു മുന്നേറി. അല്ലാഹു അതിമഹത്തായ ഔദാര്യത്തിനുടമയാണ് .”
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കൂടി വായിക്കാം. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: “ഇന്നു ഞങ്ങൾക്കു അല്ലാഹു മതി. ഭരമേൽപ്പിക്കാൻ അവൻ എത്രയോ നല്ലവനാണെന്ന് ഇബ്രാഹിം നബി(അ)യെ അഗ്നിയിലിട്ടപ്പോൾ അവിടുന്ന് പറഞ്ഞിട്ടുണ്ട്. ജനങ്ങൾ നിങ്ങൾക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു. അതുകൊണ്ടു തന്നെ അവരെ ഭയപ്പെടുക എന്ന് നബിﷺയോട് പറയപ്പെട്ടപ്പോൾ അവരുടെ ഈമാൻ വർധിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു : ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ അവൻ എത്രയോ മതിയായവനാണ് “.
ബുധനാഴ്ച ദിവസം നബിﷺയും സ്വഹാബികളും മദീനയിലേക്ക് മടങ്ങി. മൂന്ന് രാത്രികളാണ് ഹംറാഉൽ അസദിൽ അവർ താമസിച്ചത്. മുസ്‌ലിംകൾക്ക് ഉഹ്ദിൽ ബാധിച്ച ഭീതി ഇതോടെ നീങ്ങുകയും ചെയ്തു. ഹിജ്റ മൂന്നാം വർഷം അനവധിയാളുകൾ മരണപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രഗല്ഭരായ ആളുകൾ ഹംസ (റ), മിസ്അബ് ഇബ്നു ഉമൈർ (റ), അബ്ദുല്ലാഹിബിനു ഹറാം (റ), അംറുബ്നുൽ ജമൂഹ് (റ), അനസുബ്നു നള്ർ (റ) തുടങ്ങിയവരായിരുന്നു. അൻസ്വാറുകളിൽ നിന്ന് അറുപത്തി നാലും മുഹാജിറുകളിൽ നിന്ന് ആറു പേരുമാണല്ലോ ഉഹ്ദിൽ ശഹീദായത്.
ഉഹ്ദ് യുദ്ധം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമായിരുന്നു ഈ നീക്കം. ശവ്വാൽ മാസം പതിനഞ്ചിന് ശനിയാഴ്ചയാണ് ഉഹ്ദ് യുദ്ധമുണ്ടായത്. അപ്പോൾ ശവ്വാൽ പതിനാറു ഞായറാഴ്ചയായിരുന്നു ഹംറാഉൽ അസദ് സംഭവം നടന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
