Tweet 326

    Tweet 326
    May 6, 2023 • Saturday
    Post Header

    ഉഹ്ദിൽ ശഹീദായ മഹാന്മാരായ സ്വഹാബികളെ മറമാടിയ ശേഷം നബിﷺ മദീനയിലേക്ക് മടങ്ങി. ജഹ്ശി(റ)ന്റെ മകൾ ഹനയെ നബി ﷺ വഴിയിൽ വച്ചു കണ്ടുമുട്ടി. അപ്പോൾ അവളോട് പറഞ്ഞു : “മോളേ നീ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചോളൂ “.
    “എന്തേ നബിﷺയേ? ആരുടെ കാര്യത്തിലാണ് അവിടുന്ന് പറയുന്നത് ?”
    “നിന്റെ അമ്മാവൻ ഹംസ(റ)യുടെ കാര്യത്തിൽ, അഥവാ അദ്ദേഹം കൊല്ലപ്പെട്ടതിൽ ക്ഷമിച്ചു പ്രതിഫലം പ്രതീക്ഷിക്കൂ എന്നാണ് പറഞ്ഞതിന്റെ സാരം “. അവൾ പറഞ്ഞു, “ഇന്നാ ലില്ലാഹ്… അല്ലാഹു അവർക്ക് കരുണ ചെയ്യട്ടെ! അദ്ദേഹത്തിന് ശഹാദത്തിന്റെ പദവി ലഭിക്കട്ടെ! മംഗളങ്ങൾ! ”
    വീണ്ടും നബി ﷺ “അല്ലാഹുവിൽ നിന്നും പ്രതിഫലം പ്രതീക്ഷിക്കൂ മോളേ”. അപ്പോഴും ചോദിച്ചു, “ആരാണ്?”
    “സഹോദരൻ അബ്ദുല്ലാഹിബിൻ ജഹ്ഷി(റ)ന്റെ കാര്യത്തിൽ “. അപ്പോഴും പഴയതു പോലെത്തന്നെ പ്രതികരിച്ചു. വീണ്ടും നബി ﷺ പറഞ്ഞു. “മോളേ അല്ലാഹുവിൽ നിന്നും പ്രതിഫലം പ്രതീക്ഷിച്ചോളൂ “. അപ്പോഴും ചോദിച്ചു, “ആരുടെ കാര്യത്തിൽ ?” അവിടുന്ന് പറഞ്ഞു. “നിന്റെ ഭർത്താവ് മിസ്അബു ബിൻ ഉമൈർ(റ)”. പെട്ടെന്ന് ഹനയൊന്നു കരഞ്ഞു. പരിഭ്രമം പ്രകടിപ്പിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു. “ഏതായാലും ഒരു സ്ത്രീക്ക് ഭർത്താവ് വേറെത്തന്നെ ഒരു സ്ഥാനത്താണല്ലോ!” എന്നിട്ടവളോട് കാര്യമന്വേഷിച്ചു. “എന്താണ് ഭർത്താവിന്റെ കാര്യം കേട്ടപ്പോൾ പെട്ടെന്ന് ഭാവമാറ്റം?” അപ്പോഴവൾ പറഞ്ഞു. “പെട്ടെന്നാവാർത്ത കേട്ടപ്പോൾ അദ്ദേഹത്തിന്റെ മക്കൾ അനാഥരായല്ലോ! അഥവാ, മക്കളുടെ അനാഥത്വം ഓർത്താണ് കരഞ്ഞു പോയത് ” എന്ന്‌ വിശദീകരണം നൽകി. നബിﷺ ഉടനെ ആ മക്കൾക്ക്‌ വേണ്ടി പ്രത്യേകം പ്രാർഥന നിർവഹിച്ചു.
    ഈ സംഭവം ചില പ്രയോഗ വ്യത്യാസങ്ങളോടെ വേറെയും ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്.
    മദീനയിലെ സ്ത്രീകൾ അവരുടെ മരണപ്പെട്ടു പോയ ഭർത്താക്കൾക്കും മറ്റും വേണ്ടി കരഞ്ഞു. ഇതറിഞ്ഞ നബി ﷺ പറഞ്ഞു. “എൻ്റെ ഹംസ(റ)യ്ക്ക് വേണ്ടിക്കരയാൻ ആരുമില്ലാതായിപ്പോയല്ലോ”. ഇത് കേൾക്കേണ്ട താമസം ഒരുപറ്റം സ്ത്രീകൾ രാവുവെളുക്കുവോളം ഹംസ(റ)യ്ക്ക്‌ വേണ്ടിക്കരഞ്ഞു. രാവിലെ വിവരമറിഞ്ഞ നബിﷺ മരിച്ചവർക്ക് വേണ്ടിയുള്ള ഇത്തരം കരച്ചിൽ നിരോധിച്ചു.
    നബിﷺയും അനുയായികളും മദീനയിൽ തിരിച്ചെത്തിയതോടെ മറ്റൊരു പശ്ചാത്തലം കൂടി രൂപപ്പെട്ടു. ഉഹ്ദിൽ മുസ്‌ലിം സൈന്യത്തിനേറ്റ ക്ഷതം മുന്നിൽ വച്ച് കപടവിശ്വാസികൾ ഇസ്‌ലാമിനെയും മുത്ത് നബിﷺയേയും കുറ്റപ്പെടുത്താൻ തുടങ്ങി. കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബിന് ഉബയ്യ് രംഗത്തെത്തി. അയാളുടെ മകൻ സ്വഹാബിയായ അബ്ദുല്ല (റ)യെ കുറ്റപ്പെടുത്തി. എന്നിട്ട് പറഞ്ഞു. “മുഹമ്മദ് നബി ﷺ എന്നെ അനുസരിക്കാതെ കുട്ടികളെ അനുസരിച്ചതിനാലാണ് ഈ കഷ്ട നഷ്ടങ്ങളൊക്കെയുണ്ടായത് “. ഉടനെ സ്വഹാബി പ്രതികരിച്ചു. “അല്ലാഹുവിന്റെ തിരുദൂതർﷺക്കും മുസ്‌ലിംകൾക്കും ഉണ്ടായതെല്ലാം നന്മയ്ക്ക് തന്നെയാണ് “. ഇക്കൂട്ടത്തിൽ യഹൂദികളും രംഗത്ത് വന്നു. അവർ പറഞ്ഞു, “മുഹമ്മദ് ﷺ ന്റെ ലക്ഷ്യം അധികാരമാണ്. അത്കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഒരു പ്രവാചകനും ഇതുപോലെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടില്ല. കണ്ടില്ലേ മുഹമ്മദ് ﷺ ന് ശരീരത്തിനും സംഘത്തിനും സമ്പത്തിനും ഒക്കെ നഷ്ടം നേരിടേണ്ടി വന്നു. ഞങ്ങളോടൊപ്പം നിന്നിരുന്നെങ്കിൽ ഈ കൊല്ലപ്പെട്ടവരൊന്നും കൊല്ലപ്പെടുമായിരുന്നില്ല “.
    ജൂതന്മാരും കപടവിശ്വാസികളും വ്യാപകമായ ദുഷ്പ്രചാരണങ്ങൾ നടത്തി. ഇതുകേട്ട് പൊറുതിമുട്ടിയ ഉമർ (റ) രംഗത്തെത്തി. നബി ﷺ യെ സമീപിച്ചു ചോദിച്ചു. “അല്ലയോ , പ്രവാചകരേ! ﷺ നമ്മെ ഈ ആക്ഷേപിക്കുന്നവരെ ഞാൻ കൈകാര്യം ചെയ്തോട്ടെ?” നബി ﷺ അതിന് സമ്മതം നൽകിയില്ല. ശേഷം, നബി ﷺ വിശദീകരിച്ചു. “ഉമറേ(റ) , അവർ പ്രത്യക്ഷത്തിൽ വിശ്വാസം പ്രഖ്യാപിച്ചവരും അല്ലാഹുവിന്റെ ദൂതരെ അംഗീകരിച്ചവരുമാണ് “. അപ്പോൾ ഉമർ(റ) ചോദിച്ചു. “നബിയേ,ﷺ അവർ കപട വിശ്വാസികളല്ലേ?”
    “അല്ല, അവർ വിശ്വാസ വാചകം ചൊല്ലാറില്ലേ?”
    “അതെ, അവർ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലാറുണ്ട്. പക്ഷേ, അവർ ആത്മരക്ഷയ്ക്ക് വേണ്ടിയാണത് ചൊല്ലുന്നത് “.
    “അതൊക്കെയെനിക്കറിയാം. പക്ഷേ, സത്യവാചകം ചൊല്ലുന്നവർക്ക് സുരക്ഷിതത്വം എന്നത് അല്ലാഹുവിന്റെ നിർദേശമാണ്. അല്ലയോ , ഖത്വാബിന്റെ മകൻ ഉമറേ(റ).. നമ്മൾ കഅ്ബയുടെ കോർണർ സുരക്ഷിതമായി ചുംബിക്കും വരെ ഖുറൈശികൾ ഇത് തുടരും “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...