
യുദ്ധക്കളം അവസാനിച്ചപ്പോൾ വിശ്വാസികൾ അവരുടെ ഉറ്റവരെത്തേടിയിറങ്ങി. കൊല്ലപ്പെട്ടവരെ സംസ്കരിക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഓരോ മൃതശരീരവും അവരെ വേദനിപ്പിച്ചു. കാരണം, ഹൻളലാ (റ) ഒഴികെയുള്ള എല്ലാ ശുഹദാക്കളുടെയും ശരീരം മുശ്‌രിക്കുകൾ അലങ്കോലപ്പെടുത്തിയിരുന്നു. സൈദ് ബിൻ സാബിത് (റ) പറയുന്നു : “കൊല്ലപ്പെട്ടവരെത്തേടി ഉഹ്ദ് രണഭൂമിയിൽ ഇറങ്ങിയവരോട് നബിﷺ ചോദിച്ചു. ‘സഅ്ദ് ബിൻ റബീഇ (റ)ന് എന്തായി എന്നാരാണൊന്നു നോക്കുക? പന്ത്രണ്ട് ശരങ്ങൾ അദ്ദേഹത്തിന് നേരേ പായുന്നത് ഞാൻ കണ്ടിരുന്നു. അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതല്ല, മരണപ്പെട്ടോ എന്ന് ആരാണ് ഒന്നന്വേഷിക്കുക?’ സൈദ്(റ) പറയുന്നു. ‘മുഹമ്മദ് ബിൻ മസ്‌ലമ (റ) അന്വേഷിച്ചിറങ്ങി. ഉബയ്യ് ബിൻ കഅ്ബാ(റ)ണെന്നും അഭിപ്രായമുണ്ട്. അതാ കിടക്കുന്നു സഅ്ദ്(റ). മൂന്നു പ്രാവശ്യം വിളിച്ചു. അനങ്ങുന്നില്ല. നബിﷺ അന്വേഷിച്ചതാണെന്നു പറയാൻ വേണ്ടി. നേർത്ത ശബ്ദത്തിൽ സഅ്ദ്(റ) പ്രതികരിച്ചു “.
സൈദ് ബിൻ സാബിത്തി(റ)ന്റെ ഒരു നിവേദനം ഇങ്ങനെയാണ്. “ഉഹ്ദ് ദിവസത്തിൽ സഅ്ദ് ബിൻ റബീഇ(റ)നെക്കണ്ടെത്താൻ വേണ്ടി നബിﷺ എന്നെ നിയോഗിച്ചു. കണ്ടുമുട്ടിയാൽ സലാം ചൊല്ലാനും ക്ഷേമാന്വേഷണം നടത്താനും എന്നോട് പറഞ്ഞു. ഞാൻ ചക്രശ്വാസം വലിക്കുന്ന സഅ്ദി(റ)നെയാണ് കണ്ടെത്തിയത്. വാളും കുന്തവും അമ്പും ഏല്പിച്ച എഴുപതോളം പരുക്കുകൾ ആ ശരീരത്തിലുണ്ടായിരുന്നു. ‘നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ അതല്ല, മരണപ്പെട്ടോ’ എന്നന്വേഷിക്കാനാണ് എന്നെ അയച്ചതെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, ‘ഞാൻ മരണപ്പെട്ടവരുടെ കൂട്ടത്തിലാണ്. എന്റെ ഒരഭിവാദ്യം അഥവാ സലാം നബിﷺയെ അറിയിക്കണം. ഒപ്പം ഇതുകൂടിപ്പറയണം. ഒരു ജനതയിൽ നിന്നും അവരുടെ പ്രവാചകന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച സമ്മാനം അല്ലാഹു അവിടുത്തേക്ക് തരട്ടെ. എനിക്ക് സ്വർഗത്തിന്റെ സുഗന്ധം ലഭിക്കുന്നുണ്ടെന്നു കൂടി നബിﷺയോട് പറയണം’. സഅ്ദ്(റ) തുടർന്നു, ‘എന്റെ സമൂഹത്തിനും എന്റെ ഒരു സലാം അറിയിക്കണം. അവരോടു പറയണം , നിങ്ങൾക്ക് ഇമയനങ്ങുന്ന ജീവനുള്ളേടത്തോളം നബിﷺയെ നിങ്ങൾ തനിച്ചാക്കരുത് ‘. പിന്നെ വൈകിയില്ല, സഅ്ദ്(റ) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഞാൻ പെട്ടെന്ന് തന്നെ നബി ﷺ യെ വിവരമറിയിച്ചു “.
സഅദ്(റ) അത്യുന്നതങ്ങളിലേക്ക് യാത്രയായി. സ്വാഹാബികൾക്കിടയിൽ സഅ്ദി(റ)ന്റെ പേരു പറയുമ്പോൾത്തന്നെ പ്രത്യേക ആദരവായിരുന്നു. അബൂബക്കർ അസ്സുബൈരി (റ) പറയുന്നു. ‘ഒരിക്കൽ അബൂബക്കർ സിദ്ദീഖ് (റ)വിന്റെ അടുക്കലേക്ക് ഒരാൾ കടന്നു വന്നു. അപ്പോൾ മഹാനവർകൾ ഒരു കുഞ്ഞുമോളെ തലോലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ കുഞ്ഞ് ഏതാണെന്നു ആഗതൻ അന്വേഷിച്ചപ്പോൾ സിദ്ദീഖ്(റ) മറുപടി പറഞ്ഞു. ‘എന്നേക്കാൾ എത്രയോ ഉത്തമനായ ഒരാളുടെ മകളാണിത് ‘.
‘അതാരാണ്?’ ‘അതെ, സഅ്ദ് ബിൻ റബീഅ് (റ). അദ്ദേഹം അഖബ ഉടമ്പടിയിലെ സവിശേഷ പ്രതിനിധി അഥവാ നൂഖബ അംഗമാണ്. ബദ്റിൽ സംബന്ധിച്ചു. ഉഹ്ദിൽ രക്തസാക്ഷിയായി’.
ഇബ്നു അബ്ബാസ് (റ) പറയുന്നു : “ഉഹ്ദിൽ കൊല്ലപ്പെട്ടവരുടെ ആയുധങ്ങളും പടച്ചട്ടകളും അഴിച്ചുമാറ്റി അവർ അണിഞ്ഞിരുന്ന വസ്ത്രത്തിൽത്തന്നെ രക്തം പോലും കഴുകാതെ മറമാടാൻ നബി ﷺ നിർദേശിച്ചു”.
ഇമാം അഹ്‌മദി(റ)ന്റെ നിവേദന പ്രകാരം ഇങ്ങനെ കൂടിയുണ്ട്.
“ആഴത്തിലും വ്യാസത്തിലും ഖബർ കുഴിക്കാൻ നബിﷺ നിർദേശിച്ചു. ഒരേ ഖബ്റിൽ രണ്ടോ മൂന്നോ ആളുകളെ വയ്ക്കാനും കൂട്ടത്തിൽ ഖുർആൻ കൂടുതൽ വശമുള്ളവരെ ആദ്യം പരിഗണിക്കാനും പറഞ്ഞു “.
കഅ്ബു ബിൻ മാലിക് (റ) പറയുന്നു : “നബിﷺ ഉഹ്ദിൽ കൊല്ലപ്പെട്ടവരുടെ സമീപത്തെത്തി. അവർക്കിടയിൽ നിന്നുകൊണ്ട് അവിടുന്ന് പറഞ്ഞു. ‘ഞാൻ ഇവർക്കുള്ള അനുകൂല സാക്ഷിയാണ്. ഇവരെ ഈ രക്തത്തോടെത്തന്നെ മറമാടുക. അവരെ കുളിപ്പിക്കുകയോ അവരുടെ മേൽ നിസ്ക്കരിക്കുകയോ വേണ്ട”.
ഇബ്നു ഇസ്ഹാഖ് നിവേദനം ചെയ്യുന്നു. ” നബിﷺ പറഞ്ഞു, ‘അംറ്ബിൻ അൽ ജമൂഹും(റ) അബ്ദുള്ളാഹിബ്നു അംറ് ബിൻ അൽ ഹറാമും(റ) എവിടെയാണെന്ന് നോക്കൂ.. അവർ വലിയ ചങ്ങാതിമാരായിരുന്നു. അവരെ ഒരേ ഖബ്റിൽ അടയ്ക്കാം’.
കൊല്ലപ്പെട്ടവരെ വഹിച്ചു മദീനയിൽക്കൊണ്ടുപോയി സംസ്കരിക്കാൻ ആളുകളൊരുങ്ങി. എന്നാൽ ശുഹദാക്കൾപ്പിടഞ്ഞു വീണ ഭൂമിയിൽ അഥവാ, ഉഹ്ദിൽ തന്നെ വിശ്രമമൊരുക്കാൻ നബിﷺ നിർദേശിച്ചു “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
