
തുടർന്ന് മകനോട് ബീവി സഫിയ്യ (റ) പറഞ്ഞു. “മോനേ, ഹംസ(റ)യുടെ വിവരങ്ങളെല്ലാം ഞാനറിഞ്ഞു. ആ ശരീരത്തോട് ശത്രുക്കൾ ചെയ്ത ക്രൂരതകളും ഞാനറിഞ്ഞു. പക്ഷേ, അല്ലാഹുവിന്റെ മാർഗത്തിലായത് കൊണ്ട് ഞാനതെല്ലാം ക്ഷമിക്കുന്നു. എനിക്ക് പരിഭവമില്ല”.
ഈ വിശ്വാസ ദാർഢ്യതയും സഹിഷ്ണുതയുമൊക്കെ നേരിട്ടറിഞ്ഞ നബിﷺ സുബൈർ (റ) നോട് പറഞ്ഞു, “ബീവി സഫിയ്യ (റ) ഇനി മുന്നോട്ട് പൊയ്ക്കോട്ടെ. അവർ ഹംസ(റ)യെ കാണുന്നതിനെ തടയേണ്ടതില്ല”. മഹതി മുന്നോട്ട് നീങ്ങി. പ്രിയപ്പെട്ട സഹോദരന്റെ ശരീരത്തിനടുത്തെത്തി. വേദനകൾ കടിച്ചിറക്കി അൽപ്പനേരം നോക്കി. ശേഷം, ദീർഘനേരം സഹോദരന്റെ പരലോക വിജയത്തിനായി പ്രാർഥിച്ചു. എന്നിട്ടു പറഞ്ഞു, “അല്ലാഹു സാക്ഷി! ഞാൻ ക്ഷമിക്കുന്നു. ഈ ക്ഷമയ്ക്ക് ഞാൻ അല്ലാഹുവിൽ നിന്ന് അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ വിധിയെ ഉൾക്കൊള്ളുന്നു “. ശേഷം, കൈയിൽക്കരുതിയിരുന്ന കഫൻപുടവയിൽ ഒന്നുകൊണ്ട് ഹംസ(റ)യെ പുതപ്പിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന രണ്ടാമത്തെ പുടവ അവരുടെ അനുമതിയോടെ അടുത്ത ഒരു അൻസ്വാരിക്ക് നബിﷺ പുതപ്പിച്ചു കൊടുത്തു. ശേഷം, പതിവിന്ന് വിപരീതമായി നിരവധി തക്ബീറുകളോടെ നബിﷺ ഹംസ(റ)യുടെ മേൽ ജനാസ നിസ്ക്കരിച്ചു. ‘സയ്യിദുശ്ശുഹദാ’ അഥവാ ‘അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവരുടെ നേതാവ് ‘ എന്ന് നബിﷺ സംബോധന ചെയ്തു. ഉഹ്ദിൽത്തന്നെ മറമാടുകയും ചെയ്തു. അന്നു മുതൽ ഇന്നുവരെ ലക്ഷോപലക്ഷം ആളുകൾ നിരന്തരമായി ആ ഖബറിടം സന്ദർശിച്ചുകൊണ്ടിരിക്കുന്നു.
വഹ്ശിയുടെ കഥനത്തോടൊപ്പം അൽപ്പം കൂടി നമുക്ക് സഞ്ചരിക്കാം. മക്കാവിജയം വരെ വഹ്ശി മക്കയിൽ കഴിച്ചു കൂട്ടി. മക്കയിലേക്ക് നബിﷺയും അനുയായികളും വിജയഭേരി മുഴക്കി വന്നതോടെ അദ്ദേഹം ത്വാഇഫിലേക്ക് മാറിത്താമസിച്ചു. പക്ഷേ, മുസ്‌ലിം സമൂഹത്തിന്റെ വ്യാപനം അതിവേഗം മുന്നോട്ട് നീങ്ങി. വൈകാതെത്തന്നെ ഹുനൈനും ജയിച്ചടക്കി. നാൾക്കുനാൾ തന്റെ മുന്നിൽ ഭൂമി ഇടുങ്ങുന്നതായി വഹ്ശിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇനിയെന്താണ് തന്റെ മുന്നിൽ ഒരു മാർഗം എന്നയാൾ ആത്മാർഥമായി ആലോചിച്ചു. അദ്ദേഹം തന്നെ പറയുന്നു, ‘സിറിയയിലേക്കോ യമനിലേക്കോ മറ്റോ കടന്നുകളഞ്ഞാലോ’ എന്ന് ഞാനാലോചിച്ചു. ഇതറിഞ്ഞ് എന്റെ സമീപസ്ഥനായ ഒരാളെന്നോട് പറഞ്ഞു, “നിനക്ക് നാശം! നീയെന്തിനാണ് ഇങ്ങനെയൊക്കെ പ്രയാസപ്പെടുന്നത്? മുഹമ്മദ് നബിﷺ ഏവർക്കും മാപ്പുനൽകുന്നത് നീ കാണുന്നില്ലേ?നിനക്കും ആ വഴിയൊന്ന് ചിന്തിച്ച് ആ ഇസ്‌ലാമിൽ ചേർന്നു കൂടെ?” അപ്പോൾ എനിക്കും തോന്നി , ‘അത് ശരിയാണല്ലോ!’ പിന്നെ, അധികം വൈകിയില്ല. ആളെ വ്യക്തമാവാത്തവിധം മുഖാവരണമണിഞ്ഞ് ഞാൻ പുറപ്പെട്ടു. നബിﷺയുടെ അടുത്തെത്തി. എന്നെക്കണ്ടയുടനെ അവിടുന്ന് ചോദിച്ചു. “നീ വഹ്ശിയല്ലേ?” ഞാൻ പറഞ്ഞു, “അതേ!”
” നീയല്ലേ ഹംസ(റ)യെ വധിച്ചത്?”
” അതെ, അന്നങ്ങനെ സംഭവിച്ചു പോയി. ഞാൻ തന്നെയാണ് “.
നീയാരംഗം ഒന്നു പറയൂ. നീയെങ്ങനെയായിരുന്നു ആ കൃത്യം നിർവഹിച്ചത്? ഞാനാരംഗങ്ങളെല്ലാം വിശദീകരിച്ചുകഴിഞ്ഞു. ആ തിരുമുഖത്തേക്ക് നോക്കിയപ്പോൾ അവിടുത്തെക്കവിളുകൾ നനഞ്ഞൊഴുകുന്നു. താടിരോമങ്ങൾ കുതിർന്നിരിക്കുന്നു.
അൽപ്പം കഴിഞ്ഞ് വഹ്ശി ഇസ്‌ലാം പ്രഖ്യാപിച്ചു കൊണ്ട് നബിﷺയോട് മാപ്പ് ചോദിച്ചു. അവിടുന്ന് മാപ്പു നൽകിക്കൊണ്ട് ഒരപേക്ഷ കൂടി ചേർത്തു പറഞ്ഞു, “നിങ്ങൾക്കു സാധിക്കുമെങ്കിൽ നിങ്ങൾ എൻ്റെ ദൃഷ്ടിയിൽ നിന്നൽപ്പം മറ പാലിക്കണം “. ഉഹ്ദിൽക്കിടന്ന ഹംസ(റ)യുടെ ചിത്രം മനസ്സിൽ വരുന്നത് താങ്ങാനാവാത്തത് കൊണ്ടാണ് അങ്ങനെയൊരപേക്ഷ മുന്നിൽ വച്ചത്. വഹ്ശി അതംഗീകരിക്കുകയും പാലിക്കുകയും ചെയ്തു പോന്നു.
യുദ്ധക്കളങ്ങളുടെ പേര് പറഞ്ഞ് തീവ്രവാദവും ഭീകരതയും കൊട്ടിപ്പറയുന്നവർ ചരിത്രത്തിന്റെ നേർവായന നടത്തിയാൽ യാഥാർഥ്യങ്ങൾ ബോധ്യമാകും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
