
ഹംസ(റ) വധിക്കപ്പെട്ട ശേഷം ഹിന്ദ് ആ ശരീരത്തെ സമീപിച്ചു. അവരുടെ അടങ്ങാത്ത പകയും ബദ്റിൽ വച്ച് പിതാവിനെ വധിച്ചതിന്റെ പ്രതികാരവും ഹംസ(റ)യുടെ ശരീരത്തിൽ തീർത്തു. അദ്ദേഹത്തിന്റെ അടിവയർ കുത്തിപ്പിളർന്ന് കരൾ പുറത്തെടുത്ത് കടിച്ചു. അവയവങ്ങൾ മുറിച്ചെടുത്ത് മാല കോർത്തണിഞ്ഞ് നൃത്തം വച്ചു.(മക്കാവിജയ സമയത്ത് ഈ ഹിന്ദിനും നബിﷺ മാപ്പു നൽകുകയും അവർ ഉത്തമവിശ്വാസിനിയായ സ്വഹാബി വനിതയാവുകയും ചെയ്തു.)
ഉഹ്ദ് യുദ്ധാനന്തരം നബിﷺ പോർക്കളം സന്ദർശിച്ചപ്പോൾ ഹംസ(റ)യെക്കണ്ട രംഗം അവിടുത്തെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി. അടിവയർ തുറക്കപ്പെട്ട് അംഗഛേദം ചെയ്യപ്പെട്ട ശരീരം ! അതും ഏറെ പ്രിയപ്പെട്ട എളാപ്പയും സഹോദരനുമായ വ്യക്തിയുടെ ശരീരം. മുമ്പൊരിക്കലുമില്ലാത്ത വിധം നബിﷺ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ദുഃഖഭാരത്താൽ അവിടുന്നു പറഞ്ഞു, “ശത്രുക്കളിൽ നിന്ന് മുപ്പതു പേരെ ഞാനിപ്രകാരം ചെയ്യും”. അപ്പോഴേക്കും ജിബ്രീൽ( അ) ആസന്നനായി. വിശുദ്ധ ഖുർആൻ പതിനാറാമത്തെ അധ്യായം അന്നഹ്‌ലിലെ ഇരുപത്തിയാറാമത്തെ സൂക്തം ഓതിക്കൊടുത്തു. ആശയം ഇങ്ങനെ പകർത്താം. “നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍ ഇങ്ങോട്ട് അക്രമിക്കപ്പെട്ടതിന് തുല്യമായി അങ്ങോട്ടും ശിക്ഷാനടപടികള്‍ സ്വീകരിക്കാം. എന്നാല്‍ അറിയുക: നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ അതു തന്നെയാണ് സഹനശീലര്‍ക്ക് കൂടുതലുത്തമം.”
ഖുർആനിന്റെ ഈ ഇടപെടൽ നൽകുന്ന പാഠം എത്ര ഉദാത്തമാണ്! ഒരാളെ വധിച്ചതിന് പകരമായി വേണമെങ്കിൽ നിങ്ങൾക്ക് സമാനമായ പ്രതിക്രിയ ചെയ്യാം. അതിനെക്കാൾ ഉത്തമം വിട്ടുവീഴ്ചാ മന:സ്ഥിതിയായിരിക്കും. ഒന്നിന് മുപ്പത് ചിന്തിക്കാൻ പ്രാഥമികമായി ന്യായമുള്ളയത്രയും ക്രൂരത നേരിട്ട ഒരു സന്ദർഭത്തിലാണ് ഇരകളോട് സഹിഷ്ണുതയുടെ വിചാരമുണർത്തുന്നത്. അതോടൊപ്പം ക്ഷമിക്കാനുള്ള ഒരു ന്യായം കൂടി അടുത്ത സൂക്തത്തിൽ ഊന്നിപ്പറയുന്നത് നോക്കൂ. നൂറ്റിയിരുപത്തിയേഴാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം : “അവിടുന്ന് ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് തങ്ങൾക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി അവിടുന്ന് ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട.”
ഇതേത്തുടർന്ന് നബിﷺ അനുയായികളോട് സഹനത്തെക്കുറിച്ച് സംസാരിച്ചു. ഒരാളെയും ഇപ്രകാരം അംഗഛേദം നടത്തരുതെന്ന് നിഷ്ക്കർഷിച്ചു. പടക്കളത്തിൽ നടത്തിയ ഈ ധർമ പ്രഭാഷണത്തിന്റെ മൂല്യം എത്രമാത്രം പ്രാധാന്യത്തോടെയാണ് കാലത്തോട് അവതരിപ്പിക്കേണ്ടത് !
നബിﷺ ഹംസ(റ)യുടെ ശരീരത്തെ സമീപിച്ചു. അദ്ദേഹത്തിന് വേണ്ടി കാരുണ്യ പ്രാർഥന നടത്തി. ശേഷം ഇങ്ങനെ പറഞ്ഞു. “അല്ലയോ , ഹംസാ (റ).. നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്നതിലും നന്മകൾ പ്രവർത്തിക്കുന്നതിലും മുന്നിലായിരുന്നല്ലോ! സ്വഫിയ്യയ്ക്ക് , അഥവാ സഹോദരിക്ക് പ്രയാസമാകുമായിരുന്നില്ലെങ്കിലും എന്റെ നടപടി ഒരു ചര്യയായി അനുകരിക്കപ്പെടുമോ എന്ന ഭയമില്ലായിരുന്നെങ്കിലും ഞാൻ നിങ്ങളുടെ ശരീരം ഇവിടെ ഉപേക്ഷിച്ചേനെ. അതുവഴി വന്യമൃഗങ്ങളുടെയും പക്ഷി പറവകളുടെയും ഉള്ളിൽ ഈ ശരീരം എത്തുമായിരുന്നു. (നാളെ പരലോകത്ത് ഹംസ(റ)വിനെ നിരവധി സ്ഥലങ്ങളിൽ നിന്നായി ഉയർത്തെഴുന്നേൽപ്പിക്കപ്പെടാൻ വിട്ടുകൊടുക്കുമായിരുന്നു. അതുവഴി പരലോകത്ത് വലിയ പദവി ലഭിക്കാൻ അവസരം നൽകുമായിരുന്നു എന്ന് സാരം.)
സഫിയ്യയുടെ മകൻ സുബൈർ ബിൻ അവ്വാമിനോട് ഉമ്മയിത് കാണാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നബി ﷺ പറഞ്ഞിരുന്നു. എന്നാൽ സഹോദരൻ ഹംസ(റ)യുടെ വിയോഗമറിഞ്ഞ് സഫിയ്യ നേരെ പടക്കളത്തിലേക്കോടിയെത്തി. കൈയിൽ രണ്ട് കഫൻ പുടവകൾ കരുതിയിരുന്നു. ആഗമനം കണ്ട് മകൻ ഉമ്മയെത്തടഞ്ഞു നിർത്തി. നബിﷺയുടെ നിർദേശപ്രകാരം ഉമ്മ ഹംസ(റ)യെ ഈ അവസ്ഥയിൽ കാണാതിരിക്കാൻ ശ്രമിച്ചു. പക്ഷേ, ഉമ്മ തടസ്സങ്ങൾ വക വയ്ക്കാതെ മുന്നോട്ട് നീങ്ങിയപ്പോൾ മകൻ പറഞ്ഞു, “ഉമ്മാ നബി ﷺയുടെ നിർദേശമാണ് ഞാൻ പറയുന്നത്. ഇത് കേട്ടതോടെ സ്വഫിയ്യ ഒരടിയും പിന്നെ മുന്നോട്ട് വച്ചില്ല “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
