
ഉഹ്ദിൽ അമരവിലാസം അടയാളപ്പെടുത്തിയ ശ്രേഷ്ഠ സ്വഹാബിയാണ് മുത്ത് നബിﷺയുടെ പിതൃസഹോദരനായ ഹംസ (റ). നബിﷺയെക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള അദ്ദേഹം നബിﷺയുടെ മുലകുടി സഹോദരൻ കൂടിയാണ്. ബഹുമാനപ്പെട്ടവരുടെ വ്യക്തി ചരിത്രവും ബദ്റിലെ സാന്നിധ്യവും പോരാട്ടവും നാം വായിച്ചു കഴിഞ്ഞു. നബിﷺയുടെ നേതൃത്വത്തിലുള്ള ആദ്യ സൈനിക നീക്കം; ഗസ്‌വത് വുദ്ദാനിലെ പതാക വാഹകനും ഹംസ (റ) തന്നെയായിരുന്നു.
ഹംസ(റ)യുടെ ധീരമായ സാന്നിധ്യം ഉഹ്ദിന്റെ ആദ്യഘട്ടത്തിലെ മുസ്‌ലിം മുന്നേറ്റത്തിലെ പ്രധാന ഘടകമായിരുന്നു. സാഹസികതയുടെ പര്യായമായിരുന്ന മഹാനവർകളുടെ ഇടപെടലുകൾക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു.
ബദ്റിൽ വച്ച് ഹംസ(റ)യുടെ വാളിനിരയായ പലരുടെയും ബന്ധുക്കൾ ഉഹ്ദിൽ വച്ച് ഹംസ(റ)യെ കൈകാര്യം ചെയ്യാൻ ഉറച്ചിരുന്നു. ബദ്റിൽ കൊല്ലപ്പെട്ട ത്വുഐമ ബിൻ അദിയ്യിന്റെ സഹോദരപുത്രൻ ജുബൈർ ബിൻ മുത്ഇമും കൊല്ലപ്പെട്ട ഉത്ബയുടെ മകൾ ഹിന്ദും അവരിൽ പ്രമുഖരായിരുന്നു. ഉളിപ്രയോഗത്തിൽ വിദഗ്ധനായ അബ്സീനിയൻ അടിമ ‘വഹ്ശി’ യെ അവർ ചട്ടം കെട്ടി. ഹംസ(റ)യെ വകവരുത്തുന്ന പക്ഷം തനിക്ക് മോചനം നൽകാമെന്നവർ വാഗ്ദാനം ചെയ്തു. മോചനം സ്വപ്നം കണ്ട് വഹ്ശി ഉഹ്ദിലെത്തി. അദ്ദേഹം തന്നെ ആ രംഗങ്ങൾ പിൽക്കാലത്ത് വിശദീകരിക്കുന്നുണ്ട്. ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് ശേഷം മുആവിയ(റ)യുടെ ഭരണകാലത്ത് ഹിംസിൽ വച്ച് താബിഉകളിൽപ്പെട്ട ഉബൈദുല്ലാഹിബിൻ അദിയ്യും(റ) കൂട്ടുകാരനും അദ്ദേഹത്തെ സമീപിച്ചു. ഉഹ്ദിലെ രംഗങ്ങൾ കേൾക്കാനുള്ള താത്പ്പര്യം പ്രകടിപ്പിച്ചു. മരുഭൂമിയിലെ പൊടിക്കാറ്റ് കാരണം കണ്ണ് മാത്രം പുറത്ത് കാണുന്ന രൂപത്തിൽ മുഖം മൂടിക്കെട്ടിയാണ് ഉബൈദ് വഹ്ശിയുടെ മുന്നിൽ എത്തിയത്. വൃദ്ധനായ അദ്ദേഹത്തോട് ഉബൈദ് (റ) ചോദിച്ചു, “ഞാനാരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” ഉടനെ വഹ്ശി പറഞ്ഞു, “നിന്റെ കാല് കണ്ടിട്ട് അദിയ്യിന്റെ മകനാണെന്നാണ് മനസ്സിലാകുന്നത് “. ആ വിലയിരുത്തൽ കൃത്യമായിരുന്നു. വാർധക്യത്തിലും വഹ്ശിക്കുണ്ടായിരുന്ന നിരീക്ഷണ പാടവത്തിന്റെ തെളിവുകൂടിയായിരുന്നു ഇത്. അദ്ദേഹം ഒരു ‘ഖാഇഫ് ‘ അഥവാ ‘പാദമുദ്രാ വിദഗ്ധൻ’ കൂടിയായിരുന്നു എന്ന് സാരം.
ഉബൈദിന്റെ ചോദ്യത്തിന് മറുപടിയായി വഹ്ശി പറഞ്ഞു തുടങ്ങി: ഒരിക്കൽ നബിﷺ ചോദിച്ചു. “ഹംസ(റ)യെ നിങ്ങൾ വകവരുത്തിയ രംഗം ഒന്നു വിശദീകരിക്കാമോ?” അന്ന് ഞാൻ പറഞ്ഞത് തന്നെ ഇപ്പോൾ നിങ്ങളോടും പറയാം. “ഞാൻ യുദ്ധക്കളത്തിലെത്തി. എനിക്ക് ഒരേ ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. ഹംസ(റ)യെ വധിക്കണം. കാരണം, അത് വഴി എനിക്ക് അടിമത്തത്തിൽ നിന്ന് മോചനം ലഭിക്കും. ഞാൻ സ്വതന്ത്രനാകും. ഞാൻ തുടക്കം മുതലേ ഹംസ(റ)യെ നിരീക്ഷിക്കാൻ തുടങ്ങി. അദ്ദേഹം അടർക്കളത്തിൽ നിറഞ്ഞാടുകയായിരുന്നു. ഞാനദ്ദേഹത്തെ ഉന്നം വയ്ക്കാൻ ഒരു പഴുതിന് വേണ്ടി തക്കം പാർത്തു. ഞാനൊരു മറക്കു പിന്നിൽ ഒളിഞ്ഞിരുന്ന് അദ്ദേഹത്തിന്റെ നീക്കങ്ങളെ നോക്കിക്കണ്ടു. നിരവധിയാളുകളെ അദ്ദേഹം പ്രതിരോധിച്ചു. അതിനിടയിൽ ഒരാളുടെ കഥ കഴിച്ച് ഉയരുന്നതിനിടയിൽ ഞാനെന്റെ സർവശക്തിയും ഉപയോഗിച്ച് പിന്നിൽ നിന്ന് ഹംസ(റ)യ്ക്ക് നേരെ ഉളിയെറിഞ്ഞു. അദ്ദേഹത്തിന്റെ ശരീരം ഭേദിച്ച് നാഭിയുടെ ഭാഗത്ത് കൂടി മുന്നിലേക്ക് വന്നു. എന്നിട്ടും അദ്ദേഹം എനിക്ക് നേരേ തിരിഞ്ഞ് ചുവടുകൾ വച്ചു. പക്ഷേ, അപ്പോഴേക്കും വീണു പോയി. പെട്ടെന്ന് അദ്ദേഹത്തിനടുത്തേക്ക് പോകാൻ എനിക്ക് ധൈര്യം വന്നില്ല. ചാട്ടുളിയേറ്റ് നിലത്ത് കിടക്കുന്ന ഹംസ (റ) പൂർണാരോഗ്യമുള്ള പലരെക്കാളും ഭയമുളവാക്കുന്നവരായിരുന്നു. ശരിക്കും മരണമുറപ്പാക്കിയ ശേഷമാണ് ഞാനടുത്തേക്ക് ചെന്നത്. എന്റെ ദൗത്യം നിർവഹിച്ച നിർവൃതിയിൽ ഞാൻ നടന്നകന്നു. എനിക്ക് ഉഹ്ദ് പോർക്കളത്തിൽ വേറെ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മക്കയിൽ തിരിച്ചെത്തിയതോടെ ഞാൻ മോചിപ്പിക്കപ്പെട്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
