
ഉഹ്ദിലെ ഈ തീക്ഷ്ണമായ രംഗത്തെ ആഖ്യാനിക്കുന്ന ചില നിവേദനങ്ങൾ ചേർത്തുവായിച്ചാൽ ഇങ്ങനെയാണ് :
“നബിﷺ നിന്ന സ്ഥാനത്ത് നിന്നിളകിയില്ല. ചാരത്ത് നിന്നവരും അതുപോലെ ത്തന്നെ ഉറച്ചു നിന്നു. അങ്ങോട്ടുമിങ്ങോട്ടും ചിതറിപ്പായുന്ന വിശ്വാസികളെ നബിﷺ അടുത്തേക്ക് വിളിച്ചു. ‘’അല്ലയോ അല്ലാഹുവിന്റെ അടിമകളേ,
ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. നിങ്ങൾ ഇങ്ങോട്ട് വരൂ. അടുത്തേക്ക് ചേർന്നു നിൽക്കൂ.’’
ഇത് കേട്ട ശത്രുക്കൾ നബിﷺയുടെ സാന്നിധ്യം ശ്രദ്ധിച്ചു. അവർ അവിടുത്തേക്ക് നേരെത്തിരിഞ്ഞു. അപ്പോൾ മുഹാജിറുകളിൽ രണ്ടും അൻസ്വാറുകളിൽ നിന്ന് ഏഴുപേരും മാത്രമേ നബിﷺ യുടെ അടുത്തുണ്ടായിരുന്നുള്ളൂ. ത്വൽഹ(റ)യും സഅ്ദ് ബിൻ അബീ വഖ്ഖാസും(റ) കൂട്ടത്തിലുണ്ടായിരുന്നു.
അനസ്(റ) പറയുന്നു : “ഉഹ്ദ് ദിവസം നബിﷺ അൻസ്വാറുകൾക്കിടയിൽ ഒറ്റപ്പെട്ടുപോയി. അടുത്തുണ്ടായിരുന്ന രണ്ട് ഖുറൈശികൾ നബിﷺയെ ആക്ഷേപിക്കാൻ തുടങ്ങി. ഉടനെ നബിﷺ ചോദിച്ചു, ‘ആരാണ് ഇവരെ ഇവിടെ നിന്നും ഒന്നു മാറ്റുക, അവർക്ക് സ്വർഗമുണ്ട്. അല്ലെങ്കിൽ, അവർ എന്നോടൊപ്പം സ്വർഗത്തിലായിരിക്കും’. ഇത് കേട്ടതും അൻസ്വാരികളിൽ നിന്നൊരാൾ മുന്നോട്ടു വന്നു. വധിക്കപ്പെടുന്നത് വരെ ശത്രുക്കളോട് പോരടിച്ചു. വീണ്ടും ഖുറൈശികൾ ആക്ഷേപം ആവർത്തിച്ചു. അപ്പോഴും നബിﷺ ചോദ്യമാവർത്തിച്ചു. ‘ആരാണ് ഇവരെ ഇവിടെ നിന്നും ഒന്നു മാറ്റുക, അവർക്ക് സ്വർഗമുണ്ട്. അല്ലെങ്കിൽ, അവർ എന്നോടൊപ്പം സ്വർഗത്തിലായിരിക്കും’. ഇത് കേട്ടതും അൻസ്വാരികളിൽ അടുത്തയാൾ മുന്നോട്ടു വന്നു. വധിക്കപ്പെടുന്നത് വരെ ശത്രുക്കളോട് പോരടിച്ചു. ഏഴുപ്രാവശ്യം ഇതാവർത്തിക്കുകയും അൻസ്വാറുകളിൽ നിന്ന് ഏഴുപേർ സ്വർഗം പ്രാപിക്കുന്നത് വരെ തുടരുകയും ചെയ്തു.
ഈ ഏഴുപേരുടെ വിയോഗത്തോടെ ശത്രുക്കൾ നബിﷺയുടെ നേരെ കൂടുതൽ അക്രമം അഴിച്ചു വിട്ടു. നബിﷺയെ ഇവിടെയങ്ങ് വധിച്ചു കളയാമെന്നവർ വിചാരിച്ചു. ഉതുബത് ബിൻ അബീ വഖാസ് നബിﷺക്കു നേരേ കല്ലെടുത്തെറിഞ്ഞു. കല്ല് പതിച്ചു നബിﷺയുടെ കീഴ്ച്ചുണ്ടിന് മുറിവേൽക്കുകയും താഴ്ഭാഗത്തുള്ള വലത്തേ പല്ല് പൊട്ടുകയും ചെയ്തു. അവിടുത്തെ പടത്തൊപ്പി പൊട്ടി. ഇബ്നു ശിഹാബ് എന്നവൻ ഓടിച്ചെന്നു നെറ്റിയിൽ മുറിവേല്പിച്ചു. ഇബ്നു ഖമ്അ നബിﷺക്കു നേരേ വാളുയർത്തുകയും ചുമലിൽ അതിശക്തമായി ക്ഷതമേല്പിക്കുകയും ചെയ്തു. ഒരുമാസത്തിലേറെ അതിന്റെ പ്രയാസം നബിﷺക്കുണ്ടായിരുന്നു. ‘ഇതാ പിടിച്ചോ.. ഞാനിബ്നു ഖമ്അയാണ് ‘ എന്ന് പറഞ്ഞുകൊണ്ട് നബിﷺയുടെ കവിളത്തേക്ക് ഓങ്ങി. തങ്ങളുടെ പടത്തൊപ്പിയുടെ ആണി കവിളിൽത്തറച്ചു. ‘അല്ലാഹു നിന്നെ നിന്ദിക്കട്ടേ’ എന്ന് അപ്പോൾ നബിﷺ പറഞ്ഞു. അവന് പർവത മുഖത്ത് നിന്നു ആടിന്റെ കുത്തേറ്റു ഭാഗങ്ങളായി താഴേക്ക് പതിക്കുകയാണ് പിന്നീടുണ്ടായത് ,”.
മുത്തു നബിﷺക്കു നേരെ വന്ന ശത്രുക്കളെ അവിടുന്ന് തന്നെ നേരിട്ടു കൈ കൊണ്ട് തള്ളിമാറ്റി. അതിനിടയിലാണ് ആമിർ കുഴിച്ച വാരിക്കുഴിയിൽ അവിടുന്ന് വീണുപോയത്. ഉടനെ അലി (റ) താങ്ങി മേലേക്കുയർത്തി. അപ്പോൾ നബിﷺ മുറിവേറ്റ ചുണ്ടിലേക്ക് സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു. “നിയോഗിക്കപ്പെട്ട പ്രവാചകനോട് ഇത്രമേൽ ചെയ്തവരോട് അല്ലാഹു കോപിച്ചിരിക്കുന്നു.” ത്വൽഹ(റ)യും സഅ്ദും(റ) നബിﷺക്കു നേരേ വന്ന അമ്പുകൾ തടുത്തുകൊണ്ടിരുന്നു. ത്വൽഹ(റ)യുടെ കരങ്ങൾക്കുഴഞ്ഞു പോകുന്നയത്ര അമ്പുകൾ തടുക്കേണ്ടി വന്നു. ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെയും കാണാം. നബിﷺ സ്വന്തം ആവനാഴിയിൽ നിന്ന് ഒരമ്പെടുത്ത് സഅ്ദി(റ)നു നൽകിയിട്ട് പറഞ്ഞു. ‘എന്റെ ഉപ്പയും ഉമ്മയും നിങ്ങൾക്ക് ദണ്ഡമാണ്. നിങ്ങൾ എയ്തോളൂ’. നബിﷺയെ സഹായിക്കാൻ ഉഹ്ദിൽ മലക്കുകൾ ഇറങ്ങിയതായും ഇമാം ബുഖാരി (റ) നിവേദനം ചെയ്തിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
