
പോരാട്ടക്കളത്തിൽ ആയുധപ്രയോഗങ്ങളുടെ നടുവിൽ അദ്ഭുതകരമായി നബിﷺ നിലകൊണ്ടു. മുഹാജിറുകളിലൊരാൾ പറയുന്നതായി നാഫിഉ ബിൻ ജുബൈർ(റ) നിവേദനം ചെയ്യുന്നു : “ഉഹ്ദ് രണാങ്കണത്തിന് ഞാൻ സാക്ഷ്യം വഹിച്ചു. തലങ്ങും വിലങ്ങും അവിടുത്തെ നേരെ അമ്പുകൾ വരുന്നു. പക്ഷേ, ഒന്നും തിരുമേനിﷺയെ സ്പർശിക്കുന്നില്ല.
‘മുഹമ്മദ്ﷺ രക്ഷപ്പെട്ടാൽ അതെന്റെ കഷ്ടകാലമാണ് ‘ എന്ന് പറഞ്ഞ് ആയുധമേന്തി നബിﷺയുടെ തൊട്ടു മുന്നിലൂടെ ശത്രു കടന്നുപോകുന്നു. പക്ഷേ, അവന്റെ ദൃഷ്ടിയിൽ നബിﷺ പതിയുന്നില്ല. സഫ്‌വാനു ബിൻ ഉമയ്യ: അവനോട് ചോദിച്ചു; ‘എന്തേ നീ കാണുന്നില്ലേ ?’ അവൻ പറഞ്ഞു, ‘ഇല്ല’. ‘ഇതെന്തദ്ഭുതം !’ സ്വഫ്‌വാനും ആശ്ചര്യമായി. അവൻ പറയുകയാണ്; ‘അല്ലാഹു സത്യം! എന്തായാലും മുഹമ്മദ് നബിﷺയെ വധിച്ചേ തീരൂ. ഞങ്ങൾ നാലു പേർ പ്രതിജ്ഞ ചെയ്തു, ഉഹ്ദിലെത്തി. പക്ഷേ, ഞങ്ങൾക്ക് അതിന് തരം കിട്ടിയില്ല’.
ശരിക്ക് ബിൻ അബ്ദില്ലാഹിയുടെ പിതാമഹൻ പറയുന്നു : “ഞാൻ മുശ്‌രിക്കുകൾക്കൊപ്പം ഉഹ്ദിൽ പങ്കെടുത്തു. അഞ്ചു പ്രാവശ്യം അമ്പെയ്തു. ഒരെണ്ണം മാത്രമാണ് ലക്ഷ്യം പ്രാപിച്ചത്. ഞാൻ പ്രവാചകനെﷺ ശ്രദ്ധിച്ചു. അനുയായികൾ വലയം ചെയ്തിട്ടുണ്ടായിരുന്നു. അങ്ങോട്ട് ചെല്ലുന്ന ഓരോ അമ്പും നാലുവഴിക്കും മാറിമാറിപ്പോകുന്നു. ശേഷം, അല്ലാഹു എനിക്ക് നേർവഴി കാട്ടിത്തന്നു. വാളുകൊണ്ടുള്ള എൺപതിലേറെ വെട്ടുകൾ നബിﷺയുടെ തിരുമുഖത്തിന് നേരേ വന്നു. ഒന്നു പോലും അവിടുത്തെ സ്പർശിച്ചില്ല. ഉഹ്ദിന്റെ തുടക്കത്തിൽ നബിﷺയോട് ജീവാർപ്പണത്തിന് പ്രതിജ്ഞ ചെയ്ത എട്ട് പേരുണ്ടായിരുന്നു. അലി (റ), സുബൈർ (റ), ത്വൽഹ: (റ) എന്നീ മൂന്ന് മുഹാജിറുകളും അബൂദുജാന (റ), ഹാരിസ് ബിൻ സ്വിമ്മ: (റ), ഹുബാബ് ബിൻ മുൻദിർ (റ), ആസ്വിം ബിൻ സാബിത് (റ), സഹിൽ ബിൻ ഹുനൈഫ് (റ) എന്നീ അൻസ്വാറുകളുമായിരുന്നു അവർ. എന്നാൽ അവരാരും കൊല്ലപ്പെട്ടതേയില്ല “.
പടക്കളത്തിൽ നബിﷺ നേരിട്ട പ്രതിസന്ധിയുടെ രംഗങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. അത്യുന്നത നേതൃത്വം നേരിട്ട് പോർമുഖത്ത് നിൽക്കുന്നു. തീക്ഷ്ണമായ ഘട്ടത്തിൽ മരണം നേരിട്ടുകാണുമ്പോഴും ഒരടി പോലും പിൻവാങ്ങാതെ നിലകൊള്ളുന്നു. ചിതറിത്തെറിച്ച അംഗങ്ങളെ വീണ്ടും സ്വരൂപിക്കാൻ ഈ നിലപാട് കാരണമാകുന്നു. ഇങ്ങനെയൊരു ചിത്രം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഒരു അതിജീവന ചരിത്രത്തിലും തുല്യതകൾ കാണാൻ കഴിയില്ല.
എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ പരുക്കേറ്റതിൻ്റെയും നോവനുഭവിച്ചതിൻ്റെയും പ്രതിഫലവും സ്ഥാനമഹത്വവും ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളുമുണ്ടായി. അപശപ്തനായ ഉത്ബത് ബിൻ അബീവഖ്ഖാസ് നബിﷺക്ക് നേരേ നാല് പ്രാവശ്യം ശിലാ പ്രയോഗം നടത്തി. അതിലൊന്ന് നബിﷺയുടെ തിരുദന്തങ്ങൾക്ക് പരുക്കേൽപ്പിച്ചു. ചുണ്ടിന് മുറിവേൽക്കുകയും മുൻപല്ലിന് പൊട്ടലേൽക്കുകയും ചെയ്തു. നബിﷺയെ പരുക്കേൽപ്പിച്ച ഉത്ബ ഒരു വർഷം തികയുന്നതിന് മുമ്പ് അവിശ്വാസിയായിത്തന്നെ മരണം വരിച്ചു. ഇമാം ഹാകിമിന്റെ നിവേദന പ്രകാരം ഉഹ്ദിൽ വച്ചു തന്നെ ഹാത്വബ് ബിൻ അബീ ബൽതഅ (റ) എന്ന സ്വഹാബി ഉത്ബയെ വകവരുത്തി. സുഹൈലിയുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “മുൻപല്ല് മുറിഞ്ഞ് വായ ദുർഗന്ധമുള്ളവരായിട്ടായിരുന്നു ഉത്ബയുടെ മക്കൾ പരമ്പര അറിയപ്പെട്ടിരുന്നത്. എന്നല്ല, മുൻപല്ല് തീരെത്തന്നെ ഉണ്ടാവാത്തവരായിരുന്നു എന്നാണ് മുഹമ്മദ് ബിൻ യൂസുഫ് അൽഫിർയാബി ഉദ്ധരിച്ചത് “.
ഉഹ്ദിൽ നബിﷺക്ക് നേരിടേണ്ടിവന്ന മറ്റൊരനുഭവം ഇങ്ങനെയാണ് : “മുസ്‌ലിംകളെ വീഴ്ത്താൻ വേണ്ടി അബൂ ആമിർ അൽഫാസിഖ് ഉണ്ടാക്കിയ ചതിക്കുഴികളിൽ ഒന്നിൽ നബിﷺ വീണുപോയി. ആ സമയത്ത് നബിﷺ പടത്തൊപ്പിയും രണ്ട് ചട്ടയും അണിഞ്ഞിരുന്നു. തൊപ്പിയുടെ കൊളുത്തിന്റെ ഭാഗം നബിﷺയുടെ കവിളിൽ മുറിവേല്പിച്ചു. നബിﷺയുടെ കവിളിൽ നിന്ന് രക്തം വാർന്നു. അൽപ്പനേരം അവിടുത്തേക്ക് ബോധക്ഷയമുണ്ടായി. അപ്പോഴേക്കും അലിയ്യും (റ) ത്വൽഹ (റ)യും നബിﷺയെ താങ്ങി ഉയർത്തി. വീണ്ടും അവിടുന്ന് പോർമുഖത്തു തന്നെ തുടർന്നു. ഇതിനിടയിലാണ് ഇബ്നു ഖമിഅ എന്നയാൾ നബിﷺയെ ലക്ഷ്യം വച്ചത് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
