
ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധത്തിന്റെ നാൾവഴികൾ പ്രമാണങ്ങളിൽ നിന്ന് നേരെ ചൊവ്വെ വായിക്കുകയാണല്ലോ? ഉയർന്നു വന്ന സാഹചര്യങ്ങളെയും പ്രതിരോധത്തിലൂടെ സാധിച്ചെടുത്ത നന്മകളേയും വിലയിരുത്തുക കൂടി ചെയ്യുമ്പോഴേ സാമൂഹിക നിർമിതിയിൽ ഈ ഇടപെടലുകളുടെ പ്രാധാന്യം ബോധ്യമാവുകയുള്ളൂ.
മക്കയിൽ നിന്ന് ശത്രുക്കൾ പടയൊരുങ്ങി അഞ്ഞൂറോളം കിലോമീറ്റർ സഞ്ചരിച്ച് മുസ്‌ലിംകളെ അക്രമിക്കാൻ മദീനയിലേക്ക് വരുകയായിരുന്നു. എങ്ങനെ പ്രതിരോധിക്കാം എന്ന ആലോചനയാണ് ഇവിടെ മുസ്‌ലിംകൾ നിർവഹിച്ചിരുന്നത്. ഈ സമയത്താണ് നബിﷺക്ക് ഒരു സ്വപ്‌നദർശനമുണ്ടായത്. സ്വപ്നത്തിലെ കാഴ്ചകളുടെ രത്നച്ചുരുക്കം ഇങ്ങനെയാണ് : “മക്കയിൽ നിന്ന് ഈത്തപ്പന നിറഞ്ഞ ഒരു നാട്ടിലേക്ക് ഞാൻ പലായനം ചെയ്തു. യമാമയോ ഹജറോ ആണെന്നാണ് ഞാൻ ഭാവിച്ചത്. എന്നാൽ അത് മദീന തന്നെയായിരുന്നു. എന്റെ വാളിനു പരുക്കേറ്റു “.
മുസ്‌ലിംകൾക്ക് നേരിടേണ്ടി വരുന്ന ആഘാതങ്ങൾ, ചിലർ കൊല്ലപ്പെടുന്നത്, അവസാനം വിജയിക്കുന്നത്, മുസ്‌ലിംകൾ പൂർവോപരി ശക്തിയോടെ സംഘടിക്കുന്നത് ഇവകളിലേക്കെല്ലാം സൂചന നൽകുന്ന ഒരു സ്വപ്നമായിരുന്നു അത്.
ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നതിങ്ങനെയാണ് : “അബൂസുഫ്‌യാനും സംഘവും മദീനയുടെ അടുത്തെത്തിക്കഴിഞ്ഞപ്പോൾ നബിﷺ അനുചരന്മാരോട് പറഞ്ഞു. ‘ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. എന്റെ വാളിന് പരുക്കേറ്റിരിക്കുന്നു. അതൊരപകട സൂചനയാണ്. ഒരു മൃഗം അറുക്കപ്പെടുന്നു. അതും ഒരപകടത്തിന്റെ മുന്നറിയിപ്പാണ്. ഞാനൊരു കോട്ടയിലാണുളളത്. അവിടേക്ക് ശത്രുവിന് കടന്നുകയറാൻ കഴിയുന്നില്ല. അത് മദീന തന്നെയാണെന്നാണ് മനസ്സിലാക്കുന്നത് ‘. നബി പറഞ്ഞു “.
വെള്ളിയാഴ്ച രാത്രിയിലെ ഈ സ്വപ്നദർശനത്തെത്തുടർന്ന് രാവിലെത്തന്നെ നബിﷺ അനുചരന്മാരെ അഭിസംബോധന ചെയ്തു. അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് സംഭാഷണമാരംഭിച്ചു. സ്വപ്നത്തെക്കുറിച്ച് അവരോട് വിവരണം നൽകി. എന്നിട്ട് ചോദിച്ചു; “അവരെ എങ്ങനെയാണ് നാം നേരിടേണ്ടത് ? മദീനയിൽ നിന്ന് തന്നെ അവരെ പ്രതിരോധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ നമ്മുടെ സ്ത്രീകളെയും കുട്ടികളെയുമൊക്കെ കുന്നിൻ പ്രദേശങ്ങളിലേക്ക് താമസിപ്പിക്കുക. ഇടവഴികളിൽ വച്ച് അവരെ നേരിടുക. മുകൾ ഭാഗത്ത് കൂടി ആയുധ പ്രയോഗം നടത്തുക “. സ്വഹാബികളിൽ പ്രമുഖരായ പലരുടെയും അഭിപ്രായവും അങ്ങനെയായിരുന്നു. എന്നാൽ ബദ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കാതിരുന്ന യുവാക്കൾ പറഞ്ഞു, “നമുക്കവരെ മദീനയെത്തുന്നതിന് മുമ്പ് തന്നെ പ്രതിരോധിക്കാം. ഞങ്ങൾ രക്തസാക്ഷികളാകേണ്ടി വന്നാൽ അതിന് സന്നദ്ധരും തത്‌പ്പരരുമാണ് “.
ഹംസ(റ), സഅദ് ബിൻ ഉബാദ: (റ), നുഅമാൻ ബിൻ മാലിക് (റ) എന്നിവർ നബിﷺയോടിപ്രകാരം പറഞ്ഞു : “പ്രവാചകരേ,ﷺ ശത്രുക്കൾ കരുതിയേക്കും നമ്മൾ ഭീരുക്കളായതിനാലാണ് മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരെ പ്രതിരോധിക്കാത്തതെന്ന്. ബദ്റിൽ നമ്മൾ മുന്നൂറിൽച്ചില്ലറ ആളുകളല്ലേ ഉണ്ടായിരുന്നുള്ളൂ. നമ്മെ അല്ലാഹു സഹായിച്ചില്ലേ? ഇന്നിപ്പോൾ നമുക്കെത്ര അംഗബലമുണ്ട്. നമുക്കവരെ നേരിടാം. യാതൊരാശങ്കയുമില്ല “.
ആവേശപൂർവം അവർ ആയുധമേന്തി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇയാസ് ബിൻ ഔസ് (റ) പറഞ്ഞു, “ഞങ്ങൾ ബനുൽ അശ്ഹൽ ഗോത്രം. അറുക്കപ്പെടുന്ന മൃഗം ഞങ്ങളായിക്കോട്ടെ, പ്രശ്നമില്ല “. മറ്റൊരാൾ പറഞ്ഞു, “ഒന്നുകിൽ സ്വർഗം, അല്ലെങ്കിൽ വിജയം “.
ഹംസ(റ) പറഞ്ഞു, “ശത്രുക്കളെ മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പ് നേരിടാതെ ഞാൻ ഭക്ഷണം കഴിക്കുകയില്ല”.
അങ്ങനെ വെള്ളിയും ശനിയും നോമ്പെടുത്തു.
മക്കയിൽ നിന്ന് പടയൊരുങ്ങി മദീനയെ കടന്നാക്രമിക്കാൻ വരുന്ന അബൂസുഫ്‌യാന്റെ സൈന്യത്തെ പ്രതിരോധിക്കുന്ന ചർച്ചയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. അഥവാ, ആത്മരക്ഷാർഥമുള്ള പ്രതിരോധത്തിന്റെ ആലോചനകൾ !
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
