
“യുദ്ധമായാൽ പിന്നെ കുന്തമല്ലേ കാര്യം
വാൾ പയറ്റല്ലാതെ മറ്റെന്തു ചെയ്യാനാ
ഏൽക്കുന്ന മുറിവുകൾ പിളരുന്ന ശിരസ്സുകൾ
മറ്റെന്തു വാർത്തയാ പോരാട്ട ഭൂമിയിൽ
വഴിവിട്ട ഉത്ബയെ വെട്ടി നിലത്തിട്ടു
ഷൈബയെ പൊട്ടക്കിണറ്റിൽ വലിച്ചിട്ടു
രക്ഷകനായെത്തി അംറും മരിച്ചു പോയ്
വിലപിക്കും മഹിളകൾ ചേലകൾ കീറിപ്പോയ്
വഴിവിട്ട് മൃതരാം ജനങ്ങൾ വലിച്ചിട്ടു
തോൽവിപ്പതാകയവർ പാടെ മുറിച്ചിട്ടു
ഇരുളിന്റെ വാഹകരെ ഇബ്‌ലീസ് നയിച്ചതിൽ
വഴിയേ ഉപേക്ഷിച്ചു അവനും ചതിച്ചുപോയ്
കാര്യം തിരിഞ്ഞപ്പോൾ ഇബ്‌ലീസ് ചൊന്നുപോൽ
ഞാനില്ല കൂടുവാൻ നിങ്ങൾക്ക് തുണയായി
കാണുന്നു ഞാനിതാ മാലാഖമാരെയും
ശിക്ഷയായ് വന്നു ഭവിക്കുന്നു നമ്മളിൽ.
സത്യത്തിലിബ്‌ലീസ് ചതിച്ചവരെ കൊന്നഹോ
അവരറിയാത്തതവനറിയാൻ കഴിഞ്ഞപ്പോൾ.
മിന്നുന്ന താരം പോൽ മുന്നൂർ പേർ ഞങ്ങൾ
ആയിരത്തിൻ പട പൊട്ടക്കിണറ്റിലും
ഓർമ്മിക്കാവുന്നിടത്തൊക്കെയും ഞങ്ങൾക്കു
തുണയായി അല്ലാവിൻ സൈന്യം നിരന്നല്ലോ
ജിബ്‌രീൽ അവർക്കൊരു നേതാവായ് വന്നിട്ട്
ശക്തിപ്പെടുത്തിയീ ഞങ്ങളെ നല്ലപോൽ.”
ബദ്റിലെ രംഗങ്ങളും പോരാട്ടങ്ങളുടെ ഗതിവിഗതികളുമാണ് ഹംസ(റ) ഈ കവിതയിൽ ആവിഷ്കരിച്ചത്. കഅബ് ബിൻ മാലിക് കോർത്ത ചില വരികളുടെ ആശയം കൂടി നമുക്കൊന്ന് പരിചയപ്പെടാം.
“അല്ലാവിൻ തീരുമാനം ഇതെന്തത്ഭുതം
അവനോ നിനച്ചാൽ നടക്കും സുനിശ്ചിതം
ജനതയെ വഴികേടിലാക്കുന്ന സംഘത്തെ
ബദ്റിന്റെ നാളിലോ നേരിടാനായ് വിധി
സംഘമായവരെത്തി മിത്രങ്ങൾക്കൊപ്പവും
എണ്ണത്തിലപ്പോൾ മികച്ചൊരു കൂട്ടമായ്
ഞങ്ങളെ മാത്രമായുന്നമ്പിടിച്ചവർ
ആമിറും കഅബിനുമൊപ്പമായ് വന്നവർ
ഞങ്ങളിലുണ്ടല്ലോ അല്ലാഹുവിൻ ദൂതൻ
ഔസുകാർ ചുറ്റും നിരന്നൊരു കോട്ട പോൽ
ഉരുക്കു ചട്ടയിൽ നജ്ജാർ കുലം വന്നു
നബിയുടെ പതാകയുമേന്തിപ്പൊടിപാറ്റി
അല്ലാഹു അല്ലാതൊരാ രാധ്യനില്ലെന്നും
സാക്ഷ്യം വഹിക്കുന്നു നബിയോർ ജയിച്ചെന്നും.
പ്രകാശ വേഗം ചലിക്കുന്ന വാളുകൾ
ഉറയൂരി മിന്നുന്നു സൂക്ഷ്മ നേത്രങ്ങളിൽ
ഖഡ്ഘം ഉയർന്നതും ചിതറിപിരിഞ്ഞവർ
ഹീനമായന്ത്യത്തെ നേരിട്ടു കണ്ടവർ
മണ്ണിൽ മുഖം പൊത്തി അബൂ ജഹൽ വീണു
ഉത്ബയോ മറിയുന്നു ഞാനവനെ വിട്ടപ്പോൾ
ഷൈബയും തൈമിയും വീണല്ലോ പോർ ഭൂവിൽ
അവരോ നിഷേധിച്ചു അർഷിന്റെ അധിപനെ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
