
ബദ്റും കവിതയും എന്ന അധ്യായം ഹസ്സാൻ ബിൻ സാബിത്(റ)ന്റെ കവിത കൂടി എഴുതാതെ എങ്ങനെയാണ് പൂർത്തിയാവുക. മഹാനവർകളുടെ ദീർഘമായ കവിതയിൽ നിന്നും അല്പം ചില വരികൾ ഇങ്ങനെ വായിക്കാം.
“മുസ്തഷ് ഇരീ ഹിലഖൽ മാദീയ യഖ്ദുമുഹും
ജലദുന്നഹീദത്തി മാളിൻ ഗൈരി റഅദീദി”
ശക്തമാം നേതൃത്വം മുന്നിൽ നയിക്കുന്നു
ഉരുക്കു പടയങ്കിയിൽ അനുചരർ നിൽക്കുന്നു
ഔദാര്യ- ഭക്തിയിൽ സൃഷ്ടികളിൽ ശ്രേഷ്ഠരാം
മുത്തു നബിയാണല്ലോ ഞാൻ ചൊന്ന നേതാവ്
നിങ്ങൾ നിനച്ചു പോയ് ബദ്റിലെ പാനജലം
നിങ്ങൾക്ക് ഗമയാണ് ഞങ്ങൾക്ക് കിട്ടില്ല
ഞങ്ങൾക്ക് ബദ്റിൽ പ്രതിസ്വരം കേട്ടില്ല
ആവോളം ഞങ്ങൾ കുടിച്ചു, തെളി നീരും
ഞങ്ങളോ തിരുപാശം മുറുകെപ്പിടിച്ചവർ
അല്ലാഹുവിൻ മാർഗം തന്നെയാണക്കയർ
ഞങ്ങളിലുണ്ടല്ലോ സത്യവും ദൂതനും
വിജയിച്ചു മരണം വരിക്കുന്ന കാലവും
പോരുകൾ മുറുകുന്ന നേരത്ത് ഭീഷണി
ഏൽക്കാതെ സംഘത്തെ ചേർത്ത് നിർത്തും നബി
മിന്നുന്ന താരവും ശോഭിക്കും ചന്ദ്രനും
വാക്കുകളിലന്തിമ തീരുമാനം നബി
നബിക്കെതിരെ നിങ്ങൾ തെളിച്ചു കിനാനയെ
ശത്രുവിൻ ശക്തിയറിയാത്തവർ തോറ്റുപോയ്
മൃത്യുവിന്നാഴിയിൽ അവരെത്തി മൂകരായ്
മരണവും നരകവും അവരെ ഗ്രസിച്ചുപോയ്
ബന്ധമോ ബന്ധുവോ നോക്കാതെ ഒന്നിച്ചു
സത്യനിഷേധത്തിൻ നേതാക്കൾ വഞ്ചിച്ചു
അല്ലാവിൻ സേനയിൽ നിന്നു പഠിക്കുവിൻ
പൊട്ടക്കിണറ്റിലെ സംഘത്തെ കണ്ടപ്പോൾ
ബ്ലഡ് മണി വാങ്ങിയും വാങ്ങാതെ തന്നെയും
എത്ര എത്ര ആളുകളെ വിട്ടങ്ങയച്ചു നാം
ഉബൈദത്തു ബിൻ അൽ ഹാരിസിന്റെ വരികൾ ഉദ്ധരിക്കാതെ പോകുന്നത് ഉചിതമല്ല. യുദ്ധഭൂമിയിൽ ദ്വന്ദ്വ യുദ്ധത്തിന് മുശ്‌രിക്കുകൾ പോർവിളിച്ചപ്പോൾ മുസ്‌ലിം പക്ഷത്തു നിന്നു നേരിട്ട മൂന്നുപേരിൽ ഒരാളാണ് ഉബൈദ: കാലിനു വെട്ടേറ്റു യുദ്ധക്കളത്തിൽ നിന്ന് മടങ്ങിയപ്പോൾ പരിക്ക് മറന്നു പാടിയ വരികളാണ് ചുവടെ ചേർക്കുന്നത്.
“സതബ് ലുഗു അന്നാ അഹ്‌ല മക്കത വഖ് അതൻ…..”
മക്കയിലെത്തുമൊരു ദുരന്ത വാർത്തയും
കക്ഷിയല്ലാത്തവർ പോലും വിറച്ചു പോം
ഉത്തുബയും ഷൈബയും മാറിയപ്പോൾ വന്ന
ദുരന്ത വാർത്തയിൽ ബിൻ ഷൈബ വെറുത്തുപോയ്
പരാതിയില്ലല്ലോ പാദം മുറിഞ്ഞതിൽ
വിശ്വാസിയായതിൽ പകരം ലഭിക്കുമേ
പരലോക നന്മകൾ പരിഭവമില്ലാതെ
ഇഹലോക ലോക ജീവിതം വിറ്റു ഞാൻ നാളേക്ക്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
