
ബദ്റിന്റെ പ്രാധാന്യത്തിന്റെ ഭാഗമാണ് ബദ്റിൽ പങ്കെടുത്തവരുടെ മഹത്വം. ബദ്റിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഉയർന്ന സ്ഥാനപദവികൾ അല്ലാഹു നൽകിയിട്ടുണ്ട്. മുഹമ്മദ് നബിﷺ അതെടുത്ത് പറയുകയും ബദ്‌രീങ്ങൾക്ക് വകവെച്ചു നൽകുകയും ചെയ്തു. ഒരിക്കൽ ജിബ്‌രീല്‍(അ) നബിﷺ യോട് ചോദിച്ചു. ബദ്‌രീങ്ങളെ എങ്ങനെയാണ് കാണുന്നത്? അവർ വിശ്വാസികളുടെ കൂട്ടത്തിൽ അത്യുത്തമരാണ് നബിﷺ പ്രതികരിച്ചു. ഞങ്ങളും അങ്ങനെയാണ്. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതരാണ് ബദ്റിൽ പങ്കെടുത്ത മലക്കുകൾ.
അല്ലാഹു ബദ്‌രീങ്ങൾക്ക് നൽകിയ സ്ഥാനമഹത്വങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പരാമർശം ഇങ്ങനെയാണ്. അല്ലാഹു ബദ്റിലേക്ക് പ്രത്യേകം നിരീക്ഷിച്ചുകൊണ്ട് പറഞ്ഞു. സ്വർഗം നിങ്ങൾക്ക് നിർബന്ധമായിരിക്കുന്നു. നിങ്ങൾ ഇഷ്ടം പോലെ ജീവിച്ചോളൂ. നിങ്ങൾക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു. ഈ പ്രസ്താവനയെ ശരിവെച്ചു കൊണ്ട് നബിﷺ സ്വീകരിച്ച ഒരു സമീപനത്തെ നമുക്ക് ഇങ്ങനെ വായിക്കാം.
അലി(റ) പറയുന്നു. കുതിര സവാരിയിൽ വൈദഗ്‌ധ്യമുള്ള അബൂ മർസദിനെയും എന്നെയും നബിﷺ വിളിച്ചു വരുത്തി. ഞങ്ങളെ ഒരു ദൗത്യം ഏൽപ്പിച്ചു പറഞ്ഞു. “നിങ്ങൾ നേരെ ‘ഖാഖ്’ തോട്ടത്തിലെത്തുക. അവിടെ നിങ്ങൾക്കൊരു സ്ത്രീയെ കാണാൻ കഴിയും. മുശ്‌രിക്കുകളിൽ പെട്ട അവളുടെ പക്കൽ ഹാത്വബ് ബിൻ അബീ ബൽത്വഅ: മക്കയിലേക്ക് എത്തിക്കാൻ ഏൽപിച്ച ഒരു കത്തുണ്ടാകും.”
ഞങ്ങൾ യാത്രതിരിച്ചു. ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന അവൾക്കൊപ്പമെത്തി. ഉടനെ ഞങ്ങൾ ചോദിച്ചു. “ആ കത്തെവിടെയാണ്?” എന്റെ പക്കൽ കത്തൊന്നുമില്ലെന്നവൾ നിഷേധിച്ചു. അപ്പോൾ ഞങ്ങൾ അൽപം ഗൗരവത്തോടെ പെരുമാറി. പരതിനോക്കിയെങ്കിലും കണ്ടെത്താനായില്ല. അപ്പോൾ ഞങ്ങൾ പരസ്പരം പറഞ്ഞു അല്ലാഹുവിന്റെ ദൂതർﷺ ഏതായാലും കളവു പറയില്ലല്ലോ?എന്നിട്ടവളോട് പറഞ്ഞു. വേഗം കത്തെടുത്ത് തന്നോളൂ അല്ലെങ്കിൽ നിന്നെ വസ്ത്രമഴിച്ച് പരിശോധിക്കേണ്ടി വരും. ഞങ്ങൾ പിൻ വാങ്ങില്ല എന്നറിഞ്ഞപ്പോൾ മുടിക്കെട്ടിൽ നിന്നവൾ കത്ത് പുറത്തെടുത്തു. ഞങ്ങൾ അത് വാങ്ങി തിരുസവിധത്തിലേക്ക് യാത്രതിരിച്ചു. ചാരവൃത്തി ചെയ്യുന്ന സുന്ദരിയായ അവളുടെ പേര് സാറ എന്നാണത്രെ.
കത്തുമായി ഞങ്ങൾ തിരുനബിﷺയുടെ സമക്ഷത്തിലെത്തി. ഉടനെ നബിﷺ കത്ത് കൊടുത്തയച്ച സ്വഹാബിയായ ഹാത്വബിനെ വിളിച്ചു വരുത്തി കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ ഒരു ദുരുദ്ദേശത്തോടെയുമല്ല ഈ കത്ത് കൊടുത്തയച്ചത്. എനിക്ക് മക്കയിൽ എന്റെ കുടുംബത്തിനും സ്വത്തിനും ഒരു ആനുകൂല്യം കിട്ടാൻ വേണ്ടി ചെയ്തതാണ്. മറ്റുള്ളവരെ പോലെ എനിക്ക് ബന്ധുക്കളോ മറ്റോ മക്കയിൽ പ്രതീക്ഷിക്കാനില്ലാത്തതിനാലാണ് അങ്ങനെ ചെയ്തത്. അല്ലാതെ എന്റെ വിശ്വാസത്തിനോ നിലപാടിനോ മറ്റോ ഒരു മാറ്റവും വന്നിട്ടില്ല. ഹാത്വബിൻ്റെ വിശദീകരണം നബിﷺക്ക് തൃപ്തിയായി. ഉടനെ അവിടുന്ന് പറഞ്ഞു. ഹാത്വബ് പറഞ്ഞത് സത്യമാണ്. അത് കൊണ്ട് ആരും അദ്ദേഹത്തെ കുറിച്ച് കുറ്റമൊന്നും പറയരുത്.
എന്നാൽ വിഷയത്തിന്റെ ഗൗരവവും ഉമറി(റ)ന്റെ പ്രകൃതവും ഒത്തുചേർന്നപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. “നബിﷺയേ അവൻ അല്ലാഹുവിനെയും അവന്റെ ദൂതനേﷺയും വിശ്വാസികളേയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ ശിക്ഷിക്കാൻ എന്നെ അനുവദിച്ചാലും. ഇത്രയുമായപ്പോൾ നബിﷺ ഇടപെട്ടു. “അല്ലയോ ഉമറേ നിനക്കെന്തറിയാം! ബദ്‌രീങ്ങളിലേക്ക് അല്ലാഹു ശദ്ധിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തോളൂ സ്വർഗം അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. ഇതുകേട്ടതും ഉമർ(റ) പൊട്ടിക്കരഞ്ഞു. കവിൾ തടങ്ങൾ നനഞ്ഞു. എന്നിട്ട് പറഞ്ഞു അല്ലാഹുവും അവന്റെ ദൂതരുﷺമാണല്ലോ നന്നായി കാര്യങ്ങൾ അറിയുന്നത്.
ബദ്റിൽ പങ്കെടുത്ത ആൾ എന്ന നിലയിൽ അല്ലാഹു നൽകിയ മഹത്വം എടുത്തു പറയുകയും പരിഗണിക്കുകയുമാണിവിടെ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
