
വിലങ്ങുവെച്ചാണ് ബന്ദികളെ മദീനയിലേക്ക് കൊണ്ടുവന്നത്. മക്കയിലെ പൗരപ്രമുഖന്മാരായ നേതാക്കൾ അഹങ്കാരത്തോടെ ബദ്റിലെത്തിയതായിരുന്നു. പ്രവാചകരെﷺയും അനുയായികളെയും നിശ്ശേഷം ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ വിചാരം. അതിനാവശ്യമായ ഭൗതിക സംവിധാനങ്ങൾ മുഴുവൻ അവർക്കുണ്ടായിരുന്നു. അവർ അതിൽ പ്രതീക്ഷയർപ്പിച്ചാണ് എത്തിയത്. പക്ഷേ, ഭൗതികമായ മാനങ്ങളെ മുഴുവൻ മറികടക്കുന്നതായിരുന്നു ബദ്റിന്റെ രസതന്ത്രം. അഹംഭാവികൾ മുഴുവൻ അവിടെ നിലം പതിച്ചു. കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ തോറ്റോടുകയോ ചെയ്തു.
ബന്ദികൾ മദീനയിലേക്കെത്തിച്ചേർന്ന രംഗത്തിന് സൗദ(റ) സാക്ഷിയായിരുന്നു. അഫ്റാഇന്റെ മക്കൾ മുഅവ്വിദും മുആദും കൊല്ലപ്പെട്ടതിന്റെ വ്യസനത്തിലായിരുന്നു അവർ. പക്ഷേ, അതിനിടയിലും ബന്ദികളുടെ നിസ്സാരത മഹതിയെ സ്വാധീനിച്ചു .പർദ്ദാനിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പായിരുന്നതിനാൽ നേരിട്ടു തന്നെ കണ്ട അനുഭവങ്ങൾ പിൽക്കാലത്തവർ പങ്കുവെച്ചിരുന്നു.
മഹതി പറയുന്നു. ഞാൻ നബിﷺയുടെ സവിധത്തിലെത്തിയപ്പോൾ അതാ ഒരു മൂലയിൽ നിൽക്കുന്നു അബൂ യസീദ്. കയർ കൊണ്ട് കൈ കഴുത്തിലേക്ക് ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് നിൽക്കുന്നത്. സുഹൈലുബിനു അംറ് അടുത്ത മൂലയിൽ നിൽക്കുന്നു. ആ സന്ദർഭത്തിൽ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാൻ അബൂയസീദിനോട് ചോദിച്ചു. അല്ലയോ അബൂയസീദ് ഇതാ ബന്ധിച്ചോളൂ എന്ന് പറഞ്ഞിട്ട് നിങ്ങളുടെ കൈകൾ ഇവർക്ക് നീട്ടിക്കൊടുത്തതാണോ? ഇതിനെക്കാൾ നല്ലത് അഭിമാനത്തോടെ മരിക്കുന്നതായിരുന്നില്ലേ? പറഞ്ഞു നിർത്തിയതും നിശബ്ദമായ ചുറ്റുപാടിൽ നിന്ന് നബിﷺ ഉയർന്നു. അല്ല സൗദാ അല്ലാഹുവിനും അവന്റെ ദൂതനുമെതിരെ അയാളെ പ്രോത്സാഹിപ്പിക്കുകയാണോ?
അല്ലാഹുവിന്റെ തിരുദൂതരേﷺ! തങ്ങളെ സത്യ സന്ദേശവുമായി നിയോഗിച്ച നാഥൻ സാക്ഷി! കൈകൾ കഴുത്തിലേക്ക് ബന്ധിക്കപ്പെട്ട് നിൽക്കുന്ന അബൂയസീദിനെ കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞാനങ്ങ് പറഞ്ഞു പോയതാണ്.
സത്യത്തിന്റെ പക്ഷത്തിന് ലഭിച്ച പ്രതാപത്തിന്റെയും പ്രതിപക്ഷം നേരിട്ട പരാജയത്തിന്റെയും വ്യാപ്തി വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു ഓരോന്നും. ബദ്ർ പകർന്നു നൽകിയ ആത്മവിശ്വാസം വിശ്വാസികളെ കൂടുതൽ ഊർജ്ജസ്വലരാക്കി. അതോടൊപ്പം മുസ്‌ലിംകളുടെ വിജയ മുന്നേറ്റം വിദേശ ദിക്കുകളിൽ വാർത്തയായി. അറബ് ഉപദ്വീപിലെ രാഷ്ട്രീയമാറ്റം അവർ ചർച്ച ചെയ്തു. എത്യോപ്യയിൽ അഭയാർത്ഥിയായിക്കഴിഞ്ഞിരുന്ന ജാഫർ(റ)വിനേയും കൂട്ടുകാരെയും അവിടുത്തെ ഭരണാധികാരി നജ്ജാഷി രാജാവ് തന്റെ അടുത്തേക്ക് ക്ഷണിച്ചു വരുത്തി. ചെന്ന് നോക്കുമ്പോൾ നുരുമ്പിയ വസ്ത്രങ്ങൾ ധരിച്ചു നിലത്തിരിക്കുകയായിരുന്നു അദ്ദേഹം. വളരെ വിനയ ഭാവത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ഇതെന്തേ ഇങ്ങനെ എന്ന് ജഅഫറും(റ) സംഘവും ആലോചിച്ചു നിൽക്കവേ രാജാവ് പറഞ്ഞു തുടങ്ങി. ഒരു സന്തോഷവാർത്ത അറിയിക്കാനാണ് ഞാൻ നിങ്ങളെ വിളിച്ചുവരുത്തിയത്. നിങ്ങളുടെ നാട്ടിൽ നിന്നുള്ള എന്റെ ദൂതൻ ഒരു സുവിശേഷവുമായി വന്നിരിക്കുന്നു. അല്ലാഹു അവന്റെ തിരുദൂതരെﷺ സഹായിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നാണ് വാർത്ത. ഇത്രയിത്രയാളുകൾ വധിക്കപ്പെട്ടിരിക്കുന്നു. ഇന്നയിന്നവ്യക്തികൾ പിടിക്കപ്പെട്ടിരിക്കുന്നു. അറാക്ക് മരങ്ങൾ ഏറെയുള്ള ബദ്ർ എന്ന പ്രദേശത്തുവെച്ചാണ് യുദ്ധം നടന്നത്.
ജഅഫറും(റ) സംഘവും അല്ലാഹുവിനെ വാഴ്ത്തി. എന്തെന്നില്ലാതെ അവർ ആനന്ദിച്ചു. അതിനിടയിൽ അവർ രാജാവിനോട് ചോദിച്ചു. എന്തേ താങ്കൾ ഈ വേഷത്തിൽ ഇങ്ങനെ നിലത്തിരിക്കുന്നു. അല്ലാഹുവിന്റെ അടിമകൾക്ക് അവൻ അനുഗ്രഹം ചെയ്താൽ അവന് സ്തോത്രങ്ങൾ നേർന്ന് വിനയ ഭാവത്തിൽ കഴിയണമെന്ന് ഈസാ പ്രവാചകൻ(അ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അവന്റെ ദൂതന്ﷺ നൽകിയ ഈ അനുഗ്രഹത്തിന് ഞാൻ അല്ലാഹുവിനോട് വിനയപൂർവ്വം സ്തോത്രങ്ങളർപ്പിക്കുകയാണ്. രാജാവ് പ്രതികരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
