
മുസ്‌ലിംകളുടെ വിജയ വിളംബരം മദീനയിലെ കപട വിശ്വാസികൾക്ക് ഉൾക്കൊളളാനായില്ല. അവർ പലതും പറയാൻ തുടങ്ങി. ചിലർ പാടെ നിരാകരിച്ചു. ഒരാൾ അബൂ ലുബാബയോട് പറഞ്ഞു. മുഹമ്മദിﷺന്റെ അനുയായികൾ ആകെ ചിഹ്നഭിന്നമായിരിക്കുന്നു. ഇനിയൊരിക്കലും അവർ സംഘടിക്കുകയില്ല. അതാ കണ്ടില്ലേ മുഹമ്മദിﷺന്റെ ഒട്ടകപ്പുറത്ത് വന്ന് സൈദ് ബിൻ ഹാരിസ(റ) എന്തൊക്കെയോ വിളിച്ചു പറയുന്നു. ഉസാമ അബൂലുബാബയോട് ചോദിച്ചു. അയാൾ എന്താണ് നിങ്ങളോട് പറഞ്ഞത്? അദ്ദേഹം കാര്യം പറഞ്ഞു. ഉടനെ ഉസാമ മുഴുവൻ ശക്തിയും സംഭരിച്ചു ആ കപടനെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. നീ ജനങ്ങളെ പ്രകോപിപ്പിക്കാൻ വേണ്ടി അല്ലാഹുവിന്റെ ദൂതനെ കുറിച്ച് വ്യാജം പ്രചരിപ്പിക്കുകയാണോ? നബിﷺ ഇങ്ങ് മദീനയിലേക്ക് വരട്ടെ. നിന്നെ ഞാനാ സന്നിധിയിലെത്തിച്ച് ശരിയാക്കി തരാം. ഞാൻ പറഞ്ഞതല്ല ഒരാൾ പറയുന്നത് കേട്ടതാണെന്നു പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.
ബദ്റിൽ കൊല്ലപ്പെട്ട ഖുറൈശികളുടെ പേരുകൾ എണ്ണിപ്പറഞ്ഞപ്പോൾ കപടന്മാർക്ക് തീരെ വിശ്വസിക്കാനായില്ല. അവരുടെ നേതാവായ കഅബ് ബിൻ അൽ അഷ്‌റഫ് പറഞ്ഞു. അവരൊക്കെ വധിക്കപ്പെട്ടുവെങ്കിൽ ഇനി ഭൂമിയുടെ മുകളിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് ഉള്ളിലേക്ക് പോകുന്നതാണ്.
നബിﷺ മദീനയിലേക്കുള്ള യാത്രയിൽ സഫ്‌റാ മലയിടുക്ക് കഴിയുന്നതിനു മുമ്പ് യുദ്ധമുതൽ വിതരണം ചെയ്തു കഴിഞ്ഞു. ശേഷം യാത്ര തുടരുകയാണ്.
നബിﷺ ബദ്റിലേക്ക് പുറപ്പെടുമ്പോൾ മകൾ റുഖിയ്യ: രോഗ ശയ്യയിലായിരുന്നു. മഹതിയെ പരിചരിക്കാൻ വേണ്ടി ഉസ്മാൻ(റ)വിനെ മദീനയിൽ നിർത്തിയിരുന്നു. അതിനിടയിൽ മഹതിയുടെ രോഗം മൂർച്ഛിച്ചു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞു. ഉസ്മാൻ(റ) മഹതിയെ മറമാടിക്കൊണ്ടിരിക്കുമ്പോഴാണ് മദീനയുടെ പലഭാഗത്ത് നിന്നും ‘അല്ലാഹു അക്ബർ’ എന്ന തക്ബീറിന്റെ ആരവം കേൾക്കുന്നത്. ഉസ്മാൻ(റ) ചോദിച്ചു അതെന്താണാ കേൾക്കുന്നത്? ഉസാമ നോക്കിയിട്ട് വന്നു പറഞ്ഞു. വിശ്വാസികൾ ബദ്റിൽ വിജയിച്ച വാർത്തയുമായി സൈദുബിൻ ഹാരിസ(റ) എത്തിയിരിക്കുന്നു. അതിന്റെ ആരവമാണ് കേൾക്കുന്നത്.
മുത്ത് നബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു വന്ന നാളത്തെ പ്രതീതി. മദീന സാഘോഷം സ്വാഗതം പാടുന്നു. കുട്ടികൾ “ത്വാലഅൽ ബദ്റു അലൈനാ” എന്ന വിശ്രുതമായ സ്വീകരണ ഗാനത്തിന്റെ വരികൾ ഏറ്റുചൊല്ലുന്നു. നേതാവായ മുത്ത് നബിﷺ ഒരു പോറൽ പോലുമേൽക്കാതെ ജയഘോഷം മുഴക്കി തിരിച്ചെത്തിയതിൽ മദീനക്കാർ അല്ലാഹുവിനെ സ്തുതിച്ചു. അവർ ഏറെ ആനന്ദത്തിലും സന്തോഷത്തിലുമായി.
ഖുറൈശികളുടെ തോൽവിയും അവരിൽ നിന്ന് വധിക്കപ്പെട്ടവരുടെ ഗതികേടും പരാമർശിച്ചു കൊണ്ട് സലമത് ബിൻ സലാമ(റ) ഫലിതം പറയാൻ തുടങ്ങി. കൂട്ടത്തിൽ അദ്ദേഹം ഇങ്ങനെയും അവതരിപ്പിച്ചു. “പടച്ചവൻ സത്യം കെട്ടിയിട്ട ഒട്ടകങ്ങളെപ്പോലെ കുഴഞ്ഞ കുറച്ച് കിഴവികളെയാണ് ഞങ്ങൾ അവിടെക്കണ്ടത്. അവരെ ഞങ്ങൾ കശാപ്പ് ചെയ്യുകയും ചെയ്തു.” ഇത് കേട്ടപ്പോൾ നബിﷺക്ക് ചിരിവന്നു. അവിടുന്ന് പറഞ്ഞു. പ്രിയപ്പെട്ട സഹോദരപുത്രാ! അവരൊക്കെ നേതാക്കളും പ്രമാണിമാരുമാണ്. ഈ പ്രതികരണം കേട്ടപ്പോൾ സലമതിന് നാണക്കേടായി. അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ!അവിടുത്തേക്ക് എന്നോട് തൃപ്തിയില്ലാത്തപോലെയുണ്ടല്ലോ? നേരത്തേ സലമയിൽ നിന്നുണ്ടായ പ്രയോഗങ്ങൾ ഓർമപ്പെടുത്തിക്കൊണ്ട് നബിﷺ പറഞ്ഞു. നിങ്ങൾ ശരിയാകുമെന്ന് കരുതി പലപ്പോഴും ഞാൻ വിട്ടുവീഴ്ച ചെയ്തു. നബിﷺയുടെ പ്രതികരണത്തിൽ നിന്ന് ഗൗരവം ഉൾക്കൊണ്ട സലമ: പിന്നീട് കൂടുതൽ സൂക്ഷ്മതയോടെ സംസാരിക്കാൻ തുടങ്ങി.
ജയഭേരി മുഴക്കി മുസ്‌ലിംകൾ മദീനയിലേക്കെത്തിയപ്പോൾ അവരുടെ പിന്നിൽ ബന്ദികളായി പിടിക്കപ്പെട്ടവരെയും മദീനയിലേക്ക് കൊണ്ടുവന്നിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
