
ബദ്റിലെ ബന്ദികളെ കുറിച്ചുള്ള വർത്തമാനത്തിൽ വളരെ വേറിട്ട ഒരധ്യായമാണ് അബ്ബാസിന്റേത്. നബിﷺയുടെ പിതൃ സഹോദരനായ അബ്ബാസ് ബദ്റിൽ ശത്രുപക്ഷത്തായിരുന്നു ഉണ്ടായിരുന്നത്. യുദ്ധത്തിന്റെ ഒടുവിൽ അദ്ദേഹം ബന്ദിയായി പിടിക്കപ്പെട്ടു. രാത്രിയായപ്പോൾ അദ്ദേഹം തേങ്ങിക്കരയാൻ തുടങ്ങി. അത്കേട്ടു നബിﷺക്കു പ്രയാസമായി. അത്കണ്ടു സ്വഹാബികളിൽ ഒരാൾ അബ്ബാസിന്റെ കെട്ടഴിച്ചു വിട്ടു. ഇതറിഞ്ഞ നബിﷺ അങ്ങനെയെങ്കിൽ മറ്റു ബന്ധുക്കളുടെയും കെട്ടഴിച്ചിടാൻ കല്പിച്ചു.
അബ്ബാസിനെ ബന്ദിയാക്കിയത് അബുൽയസ്ർ എന്നറിയപ്പെടുന്ന കഅബുബിൻ ഉമൈർ(റ) ആയിരുന്നു. അതികായനായ അബ്ബാസിനെ ശാരീരികമായി ചെറുപ്പമുള്ള അബുൽ യസ്ർ(റ) എങ്ങനെയാണ് പിടിയിലൊതുക്കിയത് എന്നത് തന്നെ അത്ഭുതമുള്ള കാര്യമാണ്. ഇതു സംബന്ധിച്ച് അബ്ബാസിനോട് തന്നെ ചോദിച്ചു. ആ ചെറിയ മനുഷ്യനെ നിങ്ങൾക്ക് എന്ത് കൊണ്ട് പിടിച്ചൊതുക്കാനായില്ല? അപ്പോൾ അദ്ദേഹം പറഞ്ഞു. എനിക്ക് ആ സമയത്ത് ഒരു മഹാപർവ്വതമായ ഖൻതമ: പോലെയാണ് അനുഭവപ്പെട്ടത്. അബുൽ യസ്റി(റ)നോട് ആളുകൾ ചോദിച്ചു. നിങ്ങൾക്കെങ്ങനെയാണ് അതികായനായ അബ്ബാസിനെ കൈപിടിയിലൊതുക്കാനും പതാക പിടിച്ചുവാങ്ങി ബന്ദിയാക്കാനും കഴിഞ്ഞത്? ആദരണീയനായ ഒരു മലക്ക് എന്നെ സഹായിച്ചു എന്നായിരുന്നു മറുപടി. ഇതേ ആശയം അബ്ബാസും അംഗീകരിക്കുന്ന പരാമർശം ഇങ്ങനെയാണ്. “വെളുപ്പും കറുപ്പും പുള്ളികളുള്ള ഒരു കുതിരപ്പുറത്ത് സുന്ദരനും സുമുഖനുമായ ഒരാൾ എന്നെ തടവുകാരനാക്കി.”
നബിﷺയുടെ പിതൃവ്യനാണെങ്കിൽ പോലും മോചനദ്രവ്യം സ്വീകരിക്കാതെ മോചിപ്പിക്കാനാവില്ല എന്ന നിലപാട് തന്നെയാണ് പ്രവാചകർﷺ പുലർത്തിയത്. ഒപ്പം സഹോദരന്മാരുടെ മക്കളായ അഖീൽ ബിൻ അബൂത്വാലിബിന്റെയും നൗഫൽ ബിൻ ഹാരിസിന്റെയും സഖ്യകക്ഷിയിലെ അംഗമായ ഉത്ബത് ബിൻ അംറിൻ്റെയും മോചനത്തുക കൂടി അബ്ബാസ് നൽകണമെന്ന് നബിﷺ ആവശ്യപ്പെട്ടു. എന്നാൽ, തൻ്റെ പക്കൽ ഒന്നുമില്ലെന്നായിരുന്നു അബ്ബാസിൻ്റെ പ്രതികരണം. ഇതറിഞ്ഞ അൻസ്വാരികളിൽ ചിലർ അദ്ദേഹത്തെ സൗജന്യമായി മോചിപ്പിക്കാൻ ശിപാർശ ചെയ്തു. ഒരു ദിർഹം പോലും അദ്ദേഹത്തിന് ഒഴിവാക്കി കൊടുക്കരുതെന്ന് നബിﷺ പ്രതികരിച്ചു. ഒടുവിൽ അബ്ബാസ് അതംഗീകരിച്ചു. അഖീലിൻ്റേത് മാത്രമാണോ അതല്ല എല്ലാവരുടേതും കൊടുത്തിരുന്നോ എന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്. ദ്രവ്യമായി നൽകിയ സ്വർണം തിരിച്ചു കിട്ടാൻ പലവുരു അദ്ദേഹം നബിﷺയോട് കേണപേക്ഷിച്ചു. ഞങ്ങൾക്കെതിരെ പ്രയോഗിക്കാൻ കരുതി വെച്ചതിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത് തിരികെത്തരുന്ന പ്രശ്നമേ ഇല്ല എന്ന നിലപാടിൽ നബിﷺ ഉറച്ചു നിന്നു. ഒടുവിൽ എന്നെ ഖുറൈശികളിലെ പരമദരിദ്രനാക്കി ജീവിതകാലം മുഴുക്കെ യാചകനാക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് നബിﷺയോട് ചോദിച്ചു.
ഉടനെ നബിﷺയുടെ പ്രവാചകത്വത്തിന്റെ നേത്രങ്ങൾ വികസിച്ചു. അവിടുന്ന് വായിച്ച പൊരുൾ തുറന്ന് വെച്ചു. എന്നിട്ട് തിരിച്ചു ചോദിച്ചു. താങ്കൾ അവിടുത്തെ പ്രയപത്നി ഉമ്മുൽ ഫള്ലിനെ ഏൽപ്പിച്ച സ്വർണക്കട്ടികൾ എവിടെ? ‘എനിക്ക് എന്ത് സംഭവിക്കും എന്നെനിക്കറിയില്ല. എന്തും സംഭവിച്ചേക്കാം. അങ്ങനെയെങ്കിൽ നിനക്കും മക്കളായ അബ്ദുല്ല, ഉബൈദുല്ല, ഫളൽ എന്നിവർക്കും ഉള്ളതാണിത്. ജീവിതകാലത്തേക്ക് മുഴുവൻ ഇത് മതിയാകും’ എന്ന് പറഞ്ഞല്ലേ ആ സ്വർണക്കട്ടികൾ ഏൽപ്പിച്ചത്!
അബ്ബാസ് ഞെട്ടിത്തരിച്ചു. ഇതെന്തൊരത്ഭുതം! അതീവരഹസ്യമായ ഈ സംഭാഷണവും ഇടപാടും എങ്ങനെയാണ് മുഹമ്മദ്ﷺ അറിഞ്ഞത്? അദ്ദേഹം അത് തുറന്ന് ചോദിച്ചു. ആരാണീ വിവരം അറിയിച്ചു തന്നത്? എന്റെ നാഥനായ അല്ലാഹു എനിക്ക് അറിയിച്ചു തന്നു. നബിﷺ പ്രതികരിച്ചു. അബ്ബാസിൻ്റെ മനസ്സ് മാറിമറിഞ്ഞു. പഴുതുകളില്ലാത്ത വിധം മുഹമ്മദ് നബിﷺ യുടെ സത്യസന്ധത ബോധ്യമായിരിക്കുന്നു. ഞാനും എന്റെ ഭാര്യയും തമ്മിൽ നടന്ന സംഭാഷണം മൂന്നാമതൊരാൾ അറിഞ്ഞിട്ടില്ല. രാത്രിയിൽ അതീവ രഹസ്യമായി നടന്ന ഇടപാട് അല്ലാഹുവല്ലാതെ ആരും അറിഞ്ഞിട്ടില്ല. എന്റെ എല്ലാ സംശയങ്ങളും അസ്ഥാനത്തായിരിക്കുന്നു. അവിടുന്ന് അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്ന് ഞാൻ പ്രഖ്യാപിക്കുകയാണ്. അശ്ഹദു അൻ ലാഇലാഹഇല്ലല്ലാഹ്… വ അന്നക സൂലുല്ലാഹ്…
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
