
അബ്ബാസ്(റ)വിന്റെ ഇസ്ലാമാശ്ലേഷം എപ്പോഴായിരുന്നു എന്നതിൽ പല അഭിപ്രായങ്ങളുമുണ്ട്. മക്കാ വിജയ പ്രഖ്യാപനത്തോടടുത്താണ് എന്നതാണ് പ്രബലമായ അഭിപ്രായം. ഏതായാലും ബദ്റിൽ അദ്ദേഹവുമായി നടന്ന സംഭാഷണത്തിന്റെയും ഇടപാടിന്റെയും വ്യത്യസ്ഥ നിവേദനങ്ങൾ വായിക്കാനുണ്ട്. അതിൽ ഇങ്ങനെയും കാണാം. നൽകിയ മോചനദ്രവ്യം തിരിച്ചു ലഭിക്കാൻ അദ്ദേഹം വളരെ പരിശ്രമിച്ചു. അക്കൂട്ടത്തിൽ അദ്ദേഹം ഇങ്ങനെയും പറഞ്ഞു. ഞാൻ നേരത്തെ തന്നെ ഹൃദയം കൊണ്ട് ഇസ്‌ലാമിനെ സ്വീകരിച്ചിട്ടുണ്ട്. നിർബന്ധിതമായ ഒരു സാഹചര്യത്തിൽ ഞാൻ മുശ്‌രിക്കുകൾക്കൊപ്പം പുറപ്പെട്ടുവെന്നേ ഉള്ളൂ. പക്ഷേ, നബിﷺ അദ്ദേഹത്തെ വിടാൻ ഉദ്ദേശിച്ചില്ല. അവിടുന്ന് പ്രതികരിച്ചു. താങ്കൾ പറയുന്നത് വാസ്തവമാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകും. എന്തായാലും പ്രത്യക്ഷത്തിൽ താങ്കൾ ഇസ്‌ലാം വിരുദ്ധ ചേരിയിൽ തന്നെയായിരുന്നു. ഈ സന്ദർഭത്തെയും നിലപാടിനെയും പരാമർശിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം അൽ അൻഫാലിലെ എഴുപത്, എഴുപത്തിയൊന്ന് സൂക്തങ്ങൾ അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം. “നബിയേ, തങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട് പറയുക: നിങ്ങളുടെ മനസ്സില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞാല്‍ നിങ്ങളിൽ നിന്ന് ഈടാക്കിയതിനേക്കാള്‍ ഉത്തമമായത് നിങ്ങൾക്കവൻ നൽകും. നിങ്ങൾക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. അഥവാ, തങ്ങളെ ചതിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അതിലൊട്ടും പുതുമയില്ല. അവര്‍ നേരത്തെ തന്നെ അല്ലാഹുവോട് വഞ്ചന കാണിച്ചവരാണല്ലോ. അതിനാലാണ് അവന്‍ അവരെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനും തന്നെയാണ്.”
അബ്ബാസി(റ)നുണ്ടായ പരിണിതിയെന്തായിരുന്നു എന്ന് അദ്ദേഹം തന്നെ അവലോകനം ചെയ്യുന്നത് ഇമാം റാസി(റ) ഖുർആൻ വ്യാഖ്യാനത്തിൽ എഴുതിയതിപ്രകാരമാണ്. അബ്ബാസ്(റ) പറയുന്നു. ശ്രേഷ്ഠമായത് അല്ലാഹു എനിക്ക് പകരം തന്നു. എനിക്ക് ഇപ്പോൾ ഇരുപത് അടിമകളുണ്ട്. അതിൽ ഏറ്റവും കുറഞ്ഞയാൾ ഇരുപതിനായിരത്തിന്റെ വ്യാപാരം ചെയ്യുന്നു. അതുപോലെ എനിക്ക് സംസം പാനവിതരണത്തിനുള്ള പദവി ലഭിച്ചു. മക്കയിലുള്ള മുഴുവൻ ആസ്ഥിയും ലഭിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായി ഞാനതിനെ കാണുന്നു. അതുപോലെ അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തെ ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു നിവേദനത്തിൽ ഇങ്ങനെയും വായിക്കാം. ഖുർആനിലെ മേൽ സൂക്തം അവതരിച്ച ഉടനെ അബ്ബാസ്(റ) നബിﷺയോട് പറഞ്ഞു. അല്ലയോ പ്രവാചകരേﷺ! അന്ന് എന്നിൽ നിന്ന് ഈടാക്കിയതിന്റെ ഇരട്ടി ദ്രവ്യം ഈടാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. കാരണം അല്ലാഹു എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ ഏറ്റിത്തന്നിട്ടുണ്ട്.
അബ്ബാസ്(റ) എന്നവർക്ക് പൊതുവെ ധനത്തോട് ഒരു അതിമോഹം ഉണ്ടായിരുന്നു. അത് നബിﷺ തിരിച്ചറിയുകയും അതനുസരിച്ചു സമീപിക്കുകയും ചെയ്ത രംഗങ്ങളും കാണാം. ഒരുദാഹരണം ഇങ്ങനെ വായിക്കാം. ഒരിക്കൽ ബഹ്‌റൈനിൽ നിന്നുള്ള സ്വത്തുക്കൾ നബി സവിധത്തിലെത്തി. അന്നുവരെ വിവിധ ദേശങ്ങളിൽ നിന്നെത്തിയ സ്വത്തുക്കളിൽ വെച്ച് ഏറ്റവും വലിയ സമ്പത്തായിരുന്നു അത്. നബിﷺയുടെ നിർദേശപ്രകാരം അത് പള്ളിയിൽ പ്രദർശിപ്പിച്ചു. ആ സ്വത്തുക്കൾ തനിക്കു തരാൻ അബ്ബാസെന്നവർ നബിﷺയോടാവശ്യപ്പെട്ടു. നബിﷺ അനുമതി നൽകി. അദ്ദേഹം അതുമുഴുവൻ ഒരു വസ്ത്രത്തിൽ സ്വരുക്കൂട്ടി. ചുമന്നു കൊണ്ടുപോകാൻ നോക്കിയിട്ട് പൊന്തുന്നില്ല. ആരോടെങ്കിലും ഉയർത്തി തരാൻ പറയാൻ നബിﷺയോടാവശ്യപ്പെട്ടു. അവിടുന്ന് വിസമ്മതിച്ചു. നബിﷺയോട് തന്നെ ഒന്നുയർത്തി തരാൻ പറഞ്ഞു. അവിടുന്നപ്പോഴും താല്പര്യം കാണിച്ചില്ല. ഒടുവിൽ കുറച്ചു സാധനങ്ങൾ ഒഴിവാക്കി ചുമക്കാവുന്നതിന്റെ പരമാവധി ചുമന്ന് കൊണ്ടുപോയി. കണ്ണ് മറയുന്നത് വരെ നബിﷺ ആ രംഗം നോക്കി നിന്നു. സ്വത്തിനോടുള്ള അദ്ധേഹത്തിന്റെ അമിത താല്പര്യത്തിൽ നബിﷺ അത്ഭുതപ്പെട്ടു.
വായിച്ചു പോയ രംഗങ്ങൾ എന്തെല്ലാം പാഠങ്ങളാണ് നമുക്ക് പകർന്നു നൽകുന്നത്. നബിﷺ പാലിച്ച നീതിയും നിഷ്ടയും. ഉറ്റവരും ഉടയവരുമാണെന്ന് കരുതി നിയമങ്ങളിൽ ഇളവ് വരുത്താൻ തയ്യാറാകാത്തതും തുടങ്ങി എന്തെല്ലാം പാഠങ്ങൾ…
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
