
അബുൽ ആസ് മോചനം നേടി മക്കയിലെത്തി. സൈനബി(റ)നെ മദീനയിലേക്കയച്ചു. ശേഷം, അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പക്ഷേ, വൈകാതെ സൈനബ്(റ) ഈ ലോകവാസം വെടിഞ്ഞു. വിശദമായ വായന നേരത്തെ വന്നിട്ടുണ്ട്.
ബദ്റിൽ നിന്നുള്ള ബന്ദികളെ കുറിച്ചുള്ള വായനയിൽ സുപ്രധാനമായ ഒരധ്യായമാണ് സുഹൈൽ ബിൻ അംറ് അൽ ആമിരിയുടേത്. ഖുറൈശികളുടെ കൂട്ടത്തിൽ നേരത്തെ തന്നെ അറിയപ്പെട്ട പ്രഭാഷകനും വിവരസ്ഥനുമായിരുന്നു സുഹൈൽ. അത് കൊണ്ട് തന്നെ അയാളുടെ ഇസ്‌ലാം വിരുദ്ധ പ്രഭാഷണങ്ങളും പ്രവാചകവിരുദ്ധ സംഭാഷണങ്ങളും പ്രബോധനരംഗത്തെ ശല്യങ്ങളായിരുന്നു. അത് കൊണ്ട് തന്നെ ഉമർ(റ) നബിﷺയോട് ചോദിച്ചു. “അവന്റെ പല്ലുകൾ ഞാൻ തട്ടിക്കൊഴിച്ചുകളയട്ടെ. എന്നാൽ ഇനിയൊരിക്കലും അവൻ സത്യത്തിനെതിരെ ശബ്ദിക്കില്ല.”അപ്പോൾ നബിﷺ പറഞ്ഞു. ഞാനവനെ വികൃതമാക്കിയാൽ പ്രവാചകനാണെങ്കിൽ പോലും ഞാനും അതിനാൽ വികൃതമാക്കപ്പെടും. അങ്ങനെ ഒരു മനുഷ്യനെ വികൃതമാക്കാൻ പാടില്ലെന്നു തന്നെ. ഒരുപക്ഷേ വിമർശിക്കപ്പെടാത്ത ഒരു സ്ഥാനത്ത് നാളെയവൻ എത്തിയേക്കാം.
ഖുറൈശീ നേതാവും കവിയുമായ മുകർറസ് ബിൻ ഹഫ്സ് എന്നയാൾ സുഹൈലിനെ മോചിപ്പിക്കാനെത്തി. വലിയ ഒരു തുക വാഗ്ദാനം ചെയ്തു. ശേഷം, അതെത്തുന്നത് വരെ സുഹൈലിന് ജാമ്യമായി മുകർറസ് ബന്ദിക്കപ്പെട്ടു. സുഹൈൽ വിമോചിതനായി. മുത്ത് നബിﷺയുടെ ശുഭ സൂചനയുടെ പുലർച്ചക്ക് കാലം കാത്തിരുന്നു. മക്കാ വിജയത്തിന് ശേഷം അദ്ദേഹം ഇസ്ലാമിലേക്ക് വന്നു. സുഹൈലിന്റെ പ്രഭാഷണത്തിന് പുതിയ മാനങ്ങൾ കൈവന്നു. വിശ്വാസ നിഷേധത്തിന്റെ വക്കിൽ നിന്ന പലയാളുകളുടെയും ആശയ സംരക്ഷണത്തിന് പ്രഭാഷണം ഉപകാരപ്പെട്ടു.
തടവുകാരായി പിടിക്കപ്പെട്ടവർ പിന്നീട് ഇസ്ലാം സ്വീകരിക്കുന്നു എന്നത് ഇസ്ലാം മുന്നോട്ട് വച്ച മാനവിക സമീപനങ്ങൾക്കുള്ള ഒരു അംഗീകാരമാണ്. ബന്ദികളോട് ഇസ്ലാം എങ്ങനെ പെരുമാറിയിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്. ഈ വിധത്തിൽ ഇസ്ലാം പ്രഖ്യാപിച്ച മറ്റൊരാളെക്കൂടി ഒന്ന് വായിച്ചു നോക്കൂ.
അത് മാറ്റാരുമല്ല വലീദു ബ്നുൽ വലീദ് എന്നയാളാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹിശാമും ഖാലിദും മുന്നോട്ട് വന്നു. മോചനത്തുക നൽകി അദ്ദേഹത്തെ സ്വതന്ത്രനാക്കി. മോചനം ലഭിച്ച ഉടനെ അദ്ദേഹം വിശ്വാസം പ്രഖ്യാപിച്ചു. ബന്ദിയായിരിക്കെ പ്രഖ്യാപിച്ചാൽ ഭയത്താൽ മതം മാറി എന്ന് വ്യാഖ്യാനിച്ചേക്കാം എന്നതിലാണ് ഇങ്ങനെ ചെയ്തത്. വിശ്വാസിയായി മക്കയിലെത്തിയ ശേഷം മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയപ്പോൾ മുശ്‌രിക്കുകൾ അദ്ദേഹത്തെ തടയാനൊരുങ്ങി. നബിﷺ നിസ്കാരത്തിലെ പ്രത്യേക പ്രാർത്ഥനയായ ഖുനൂതിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.
ബദ്റിലെ ബന്ദികളെ ചൊല്ലിയുള്ള വർത്തമാനത്തിൽ മനോഹരമായ ഒരു സംഭവം ചരിത്രകാരന്മാർ രേഖപ്പെടുത്തിയത് കാണാം. അതിങ്ങനെയാണ്, ഉമൈർ ബിൻ വഹബ് തന്റെ പിതാവ് ബദ്റിൽ കൊല്ലപ്പെട്ടതും മറ്റും കൂട്ടുകാരനായ സ്വഫ്‌വാൻ ബിൻ ഉമയ്യയോട് പറഞ്ഞു. കഅബയുടെ അടുത്ത് വെച്ചുള്ള സംസാരത്തിൽ പ്രതികാരത്തെകുറിച്ചുള്ള ചർച്ചയും കടന്നു വന്നു. അപ്പോൾ സഫ്‌വാൻ പറഞ്ഞു. ദൈവം സത്യം! കൊല്ലപ്പെട്ടവർക്ക് ശേഷം ജീവിതത്തിനൊരു അർത്ഥവുമില്ല.
ഉടനെ ഉമൈർ പ്രതികരിച്ചു. എനിക്ക് നല്ല ഒരു കട ബാധ്യത ഉണ്ട്. മാത്രമല്ല എനിക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബവും വഴിയാധാരമാകും. അല്ലെങ്കിൽ ഞാൻ മദീനയിൽ പോയി മുഹമ്മദിﷺനെ വകവരുത്തിയേനെ. എന്റെ മക്കളും ബന്ദികളായി മദീനയിലുണ്ട്. ഉമൈറിന്റെ ഈ പരാമർശം സഫ്‌വാനെ അവേശം കൊള്ളിച്ചു. നബിﷺയോട് അടങ്ങാത്ത പക കൊണ്ടുനടക്കുന്ന ആളായിരുന്നു അയാൾ. ഉടനെ അയാൾ ഉമൈറിനോട് പറഞ്ഞു. നിന്റെ കടവും കുടുംബവും ഒക്കെ ഞാൻ ഏറ്റെടുത്തിരിക്കുന്നു. നീ മദീനയിൽ പോയി ദൗത്യം നിർവഹിച്ചു വന്നോളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
