
ഏതായാലും ബന്ദികളുടെ ഇടപാടുകളുടെയും ഇടപെടലുകളുടെയും അധ്യായങ്ങളാണ് ഇനി വായിക്കാനുള്ളത്. മോചനദ്രവ്യം നൽകി ബന്ധപ്പെട്ടവരെ മോചിപ്പിക്കുന്നതിൽ ഖുറൈശികൾ ആദ്യ ഘട്ടത്തിൽ വലിയ ആവേശം കാണിച്ചില്ല. മുസ്ലിംകൾ സന്തോഷിക്കുകയോ നിബന്ധനകൾ മുന്നോട്ടു വെക്കുകയോ ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്.
മുത്വലിബു ബിൻ അബീ വദാഅയാണ് ഈ ആവശ്യമുന്നയിച്ച് ആദ്യം മദീനയിലേക്ക് എത്തിയത്. ഖുറൈശികളുടെ വിമർശം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു യാത്ര. നാലായിരം ദിർഹം നൽകി അദ്ദേഹം തന്റെ പിതാവിനെ മോചിപ്പിച്ചു. തുടർന്നങ്ങോട്ട് ഓരോരുത്തർ വരാൻ തുടങ്ങി.
അതിനിടയിൽ ബന്ദികളുടെ ആവശ്യത്തിൽ ഇടപെട്ട് നബി ﷺയോട് സംസാരിക്കാൻ ജുബൈർ ബിൻ മുത്ഇം മദീനയിലെത്തി. നബിﷺ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു. നിന്റെ വയോധികനായ പിതാവ് ജീവിച്ചിരിക്കുകയും ഈ വിഷയത്തിൽ എന്നോട് സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ ഞാൻ ബന്ദികളെ വിട്ടയക്കുമായിരുന്നു. പഴയകാലത്തെ ഒരു ഓർമയും കടപ്പാടും മുന്നിൽ വെച്ചുകൊണ്ടാണ് നബിﷺ അങ്ങനെ പറഞ്ഞത്. അതായത് നബിﷺ താഇഫിൽ നിന്ന് വരുമ്പോൾ അവിടുത്തേക്ക് അഭയം നൽകുകയും അവിടുത്തെമേൽ അനാവശ്യമായി ഉണ്ടാക്കിയ ബഹിഷ്കരണ കരാർ ദുർബലപ്പെടുത്തുകയും ചെയ്തത് ജുബൈറിന്റെ പിതാവ് മുത്ഇമായിരുന്നു.
മോചനം നേടിയവർ മക്കയിലേക്കെത്തി തുടങ്ങി. ഖുറൈശി നേതാവായ അബൂസുഫ്‌യാന്റെ ഒരു മകൻ ഹൻളല ബദ്റിൽ കൊല്ലപ്പെടുകയും അടുത്ത ഒരു മകൻ അംറിനെ അലി(റ) ബന്ധിയാക്കുകയും ചെയ്തിരുന്നു. ഒരു മകൻ കൊല്ലപ്പെടുകവഴി രക്തം നൽകിക്കഴിഞ്ഞു. ഇനി അടുത്ത മകന് വേണ്ടി ദ്രവ്യവും നൽകുകയോ? അയാളുടെ അഭിമാനം അതിനനുവദിച്ചില്ല. അയാൾ പകരം ഒരു കുതന്ത്രം ഉപയോഗിച്ചു. മദീനയിൽ നിന്നും ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ സഅദ് ബിനു അമാൻ(റ)നെ പിടിച്ചു ബന്ദിയാക്കി. ഖുറൈശികളുമായുള്ള ധാരണ പ്രകാരം ഉംറക്ക് വരുന്നവരെ അങ്ങനെ പിടിക്കാൻ പാടില്ലായിരുന്നു. പക്ഷെ, അയാൾ കരാർ ലംഘിച്ചു. ഒടുവിൽ നബിﷺയുടെ നിർദേശപ്രകാരം അംറിനെ വിട്ടയക്കുകയും അതുവഴി സഅദിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
ബദ്റിൽ നിന്നു പിടിക്കപ്പെട്ടവരിൽ നബിﷺയുടെ മകൾ സൈനബിന്റെ ഭർത്താവ് അബുൽ ആസും ഉണ്ടായിരുന്നു. അന്നദ്ധേഹം ശത്രു പക്ഷത്തായിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാനായി മകൾ സൈനബ് തന്റെ സ്വർണമാല നബിﷺയുടെ സവിധത്തിലേക്ക് കൊടുത്തയച്ചു. മുത്ത് നബി ﷺ യുടെ പ്രിയപ്പെട്ട പത്നി ഖദീജ(റ) അണിഞ്ഞിരുന്ന മാലയായിരുന്നു അത്. കണ്ട മാത്രയിൽ തന്നെ പ്രഥമ വിശ്വാസി കൂടിയായ പ്രിയ പത്നിയെക്കുറിച്ചുള്ള ഓർമ്മകൾ ഉണർന്നു. അവരുടെ സഹനവും ഇസ്ലാം വളർന്നു കാണാനുണ്ടായിരുന്ന ആഗ്രഹവും ഒക്കെ തികട്ടി വന്നു. അവിടുന്ന് അനുയായികളായ സദസ്യരോട് ഒരഭിപ്രായമാരാഞ്ഞു. “നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഈ മാല സ്വീകരിക്കാതെ തന്നെ അബുൽ ആസിനെ മോചിപ്പിച്ചാലോ? അവരത് ഐകകണ്ഠ്യേന അംഗീകരിച്ചു. വിശ്വാസിനിയായ സൈനബി(റ)നെ മദീനയിലേക്കയക്കണമെന്ന നിബന്ധനയോടെ അയാളെ വിട്ടയച്ചു.
പ്രവാചകർﷺ കാഴ്ചവെച്ച നീതിബോധത്തിന്റെയും കൂടിയാലോചനയുടെയും ഉന്നതമായ ഉദാഹരണമായിരുന്നു ഈ സംഭവം. സ്വന്തം മരുമകന്റെ കാര്യത്തിൽ പരമാധികാരം ഉപയോഗിച്ചു വേണമെങ്കിൽ തീരുമാനമെടുക്കാമായിരുന്നു. നബിﷺയെ അക്കാര്യത്തിൽ ആരും വിമർശിക്കുമായിരുന്നില്ല. അത്രമേൽ സ്വാതന്ത്ര്യവും അധികാരവും അംഗീകാരവും നബിﷺക്കുണ്ടായിരുന്നു. പക്ഷെ അതുപയോഗപ്പെടുത്തിയില്ല.
വരികൾക്കിടയിലൂടെ മറ്റൊന്ന് കൂടി ഇവിടെ ഓർത്തുപോകാനുണ്ട്. അത്യുന്നതമായ നേതൃ പദവിയിലിരിക്കുമ്പോഴും സ്നേഹ നിധിയായ പത്നിയുടെ ഓർമകളെ അവിടുന്ന് അന്യം നിർത്തിയില്ല. ജീവിതത്തിലേക്ക് വേറെ പത്നിമാർ കടന്നു വന്നിട്ടും അറുപതുകൾ പിന്നിട്ടിട്ടും മരണപ്പെട്ട പത്നിയെ വൈകാരികമായി തന്നെ ഓർത്തിരിക്കാൻ അവിടുത്തെ മനസ്സിൽ ഇടമുണ്ടായിരുന്നു. അവർ അണിഞ്ഞിരുന്ന ആഭരണത്തിൽ നിന്ന് അനുരാഗത്തെ മുഴുവൻ പുണർന്നു നില്ക്കാൻ മാത്രം ഗാഢമായിരുന്നു ആ സ്നേഹമെന്നു സാരം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
