
ബദ്റിൽ വച്ച് ഉമയ്യത്തിനെ പോലെ അന്ത്യം വരിക്കേണ്ടിവന്നയാളാണ് നൗഫൽ ബിൻ ഖുവൈലിദ്. “ഖുറൈശികളേ, ഇത് വിജയത്തിന്റെയും ഉന്നതിയുടെയും ദിവസമാണ് ” എന്ന് യുദ്ധാരംഭത്തിൽ വിളിച്ചു പറഞ്ഞവൻ ഇവനായിരുന്നു. അപ്പോൾത്തന്നെ നബിﷺ പ്രാർഥിച്ചിരുന്നു. “അല്ലാഹുവേ, നൗഫല് ബിൻ ഖുവൈലിദിനെ എനിക്കു നീ അധീനപ്പെടുത്തേണമേ” എന്ന്.
അവൻ ആവേശപൂർവം പോർക്കളത്തിൽ പങ്കെടുത്തു. യുദ്ധത്തിന്റെ പൊടിപടലങ്ങളുയർന്നു. മുശ്‌രിക്കുകൾ കൊല്ലപ്പെടുന്നത് കണ്ടപ്പോൾ അടിപതറി. അവന്റെ നിലവിളിയുയർന്നു. അവൻ അൻസ്വാരികളെ വിളിച്ചാർത്തു. “ഞങ്ങളുടെ രക്തം നിങ്ങൾക്കെന്തിനാണ്? നിങ്ങൾ അരിഞ്ഞു വീഴ്ത്തുന്നത് നിങ്ങൾ കാണുന്നില്ലേ? നിങ്ങൾക്ക് ക്ഷീരം അഥവാ മോചനദ്രവ്യമായി ഒട്ടകങ്ങൾ വേണോ?”
ഉടനെ അബ്ബാറു ബിൻ സഖ്റ് (റ) അവനെ ബന്ദിയായിപ്പിടിച്ചു. അവനെ മുന്നിൽ നിർത്തി മുന്നോട്ട് തെളിച്ചു. പെട്ടെന്നാണ് അലി (റ) ഈ രംഗം കാണുന്നത്. അലി (റ)യെക്കണ്ടതോടെ ഖുവൈലിദിന്റെ പാദം പതറാൻ തുടങ്ങി. അവൻ വിളിച്ചു പറഞ്ഞു. “ലാത്തയും ഉസ്സയും സത്യം ! അയാൾ എന്നെയാണ് ഉന്നം വയ്ക്കുന്നത് “. “അതാരാണ് സഹോദരാ?” അലി(റ)യാണെന്ന് മറുപടി ലഭിച്ചതേയുള്ളൂ. അപ്പോഴേക്കും അലി (റ) അടുത്തെത്തി വാൾ ചുഴറ്റിക്കഴിഞ്ഞു. കാലുകൾ വെട്ടിമുറിച്ച് അവന്റെ കഥ കഴിച്ചു.
പിന്നീട് നബിﷺ ചോദിച്ചു, “നൗഫലിനെക്കുറിച്ച് വല്ല വിവരവും ഉണ്ടോ?” അലി(റ) പറഞ്ഞു, “ഞാനവനെ വകവരുത്തി “. ഉടനെ നബി ﷺ തക്ബീർ മുഴക്കി. അവന്റെ കാര്യത്തിൽ പ്രാർഥനയ്ക്കുത്തരം നൽകിയ അല്ലാഹുവിനെ സ്തുതിച്ചു.
പ്രാർഥനയും പ്രവർത്തനവും സമം ചേർന്നുകൊണ്ടുള്ള ഒരു പ്രത്യേക ചിത്രമാണ് നമ്മുടെ മുമ്പിൽ തെളിഞ്ഞു നിൽക്കുന്നത്. ഒരു ഭാഗത്ത് പരിശ്രമത്തിന്റെ പ്രാധാന്യവും പ്രതിഫലവും പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം പ്രാർഥനയിലൂടെ അല്ലാഹുവിന്റെ സഹായം നിരന്തരമായി തേടിക്കൊണ്ടേയിരുന്നു.
ചിലർ ഒരു പോരാട്ടവുമില്ലാതെ പരാജയം സമ്മതിക്കും. ചിലർ പൊരിഞ്ഞ പൊരാട്ടത്തിലൂടെ പരാജയം നേരിടും. മറ്റുചിലർ പോരാട്ടത്തിന്റെ ഫലമായി കൊല്ലപ്പെടും. വേറേ ചിലർ വിശ്വാസത്തിന്റെ വെളിച്ചം ലഭിച്ച് നേർവഴിയിലെത്തും. ഇതിൽ ഏത് സംഭവിച്ചാലും അല്ലാഹുവിനെ സ്തുതിക്കും. ഔദാര്യമാണെന്ന് പറയും. ഇതെല്ലാം ഒത്തു ചേർന്നതാണ് നമ്മുടെ വിശ്വാസം.
ഇന്ന് ഇത് കേൾക്കുമ്പോൾ ചിലർ ചോദിച്ചേക്കും, “അല്ലാഹുവിന്റെ ഔദാര്യമാണെങ്കിൽ ആദ്യം തന്നെ അവന് യുദ്ധവും പോരാട്ടവുമില്ലാതെ എല്ലാവരെയും വിശ്വാസിയാക്കിക്കൂടായിരുന്നോ? അല്ലെങ്കിൽ, മരിപ്പിക്കുന്നു. പരമാധികാരിയായ പടച്ചവൻ അവന്റെ പേരിൽ ഒരു രക്തച്ചൊരിച്ചിലിന് കളമൊരുക്കാതെ ഇസ്‌ലാമിന്റെ വിരോധികളെ മരിപ്പിച്ചുകൂടായിരുന്നോ? എന്തിനാ , അതും വേണ്ടല്ലോ; അബൂ ജഹലിനെപ്പോലെയുള്ളവരെ പടയ്ക്കാതിരുന്നുകൂടായിരുന്നോ?”
ഇസ്‌ലാമിനെയും ഇസ്‌ലാമിക വിശ്വാസ സമീപനങ്ങളേയും ബോധപൂർവം വിലയിരുത്തിയവർക്ക് ഇവിടെ ആശങ്കകളൊന്നുമില്ല, സംശയങ്ങളുമില്ല. കാരണം, ഇവിടെ മനസ്സിലാക്കേണ്ട ചില ആമുഖങ്ങളുണ്ട്.
ഒന്ന്, അല്ലാഹു പരമാധികാരിയാണ്. അങ്ങനെയാകുമ്പോൾ അവനെന്തും ചെയ്യാം, ചെയ്യാതിരിക്കാം. അവനോട് ചോദിക്കാൻ ആർക്കും അവകാശമേയില്ല. അവന് അവന്റേതായ ന്യായങ്ങളുണ്ട്.
അതോടൊപ്പം അവൻ്റെ സൃഷ്ടിയായ ലോകത്തിന് അവൻ ചില താളങ്ങളും ക്രമങ്ങളും വച്ചിട്ടുണ്ട്. അതിന്റെയും പരമാധികാരം അവന്റെ പക്കൽത്തന്നെയാണ്. ചിലപ്പോൾ അവൻ ആ വ്യവസ്ഥിതി പ്രകാരം കാര്യങ്ങൾ നിറവേറ്റിത്തരും. അപ്പോൾ സ്തുതിക്കർഹൻ അല്ലാഹു തന്നെയാണ്. അത്കൊണ്ട് വെള്ളം കുടിച്ച് ദാഹമകറ്റുമ്പോൾ ‘അൽഹംദുലില്ലാഹ് ‘ ചൊല്ലുന്നു. ചിലപ്പോൾ വ്യവസ്ഥിതിക്കധീതമായി ദാഹമകറ്റിത്തരുന്നു. അപ്പോഴും സ്തുതിക്കർഹൻ അവൻ തന്നെയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
