
നമുക്ക് ബദ്റിലേക്ക് തന്നെ വരാം. ഖുറൈശികളുടെ നേതാക്കൾ ഒന്നൊന്നായി കൊല്ലപ്പെട്ടു. സംഘത്തിന്റെ ആത്മവീര്യം നഷ്ടമായി. ആളുകൾ പലവഴിക്കും ചിതറി. ചിലയാളുകൾ പിന്തിരിഞ്ഞോടി. ഉച്ചയായപ്പോഴേക്ക് തന്നെ ഗതി മുഴുവൻ ഖുറൈശികൾക്ക് എതിരായിക്കഴിഞ്ഞു. മുശ്‌രിക്കുകളുടെ നേതാക്കളിൽ നിന്ന് മേൽപ്പറയപ്പെട്ടവർക്ക് പുറമെ, കൊല്ലപ്പെട്ട ചിലരുടെ പേരുകൾ ഇങ്ങനെ വായിക്കാം : റബീഅതുബിൻ അൽ അസ്‌വദ്, ആമിൽ ബിൻ അൽഹള്റമി, ഉബൈദത് ബിൻ സഈദ്, ആസ്വ്ബിൻ മുനബ്ബിഹ്, നബീഹ് ബിൻഅൽ ഹജ്ജാജ്, മുനബ്ബിഹ് ബിൻ അൽ ഹജ്ജാജ്, ആമിർ ബിൻ കഅബ്, മസ്ഊദ് ബിൻ ഉമയ്യ:, ഹാരിസ് ബിൻ റബീഅ:, അഖീൽ ബിൻ അസ്‌വദ്, ഉമൈർ ബിൻ ഉസ്മാൻ.
പ്രമുഖരും അല്ലാത്തവരും ആയുധം വച്ച് കീഴടങ്ങി, ബന്ദികളായി. പോരാട്ടങ്ങൾ അവസാനിച്ചു. ആർജിത സ്വത്തുക്കൾ സമാഹരിക്കാൻ നബിﷺ അനുയായികളെ ഏൽപ്പിച്ചു. അബ്ദുല്ലാഹിബിൻ കഅ്ബ് (റ) അതിനു നേതൃത്വം നൽകി. ബദ്റിൽ വച്ചു തന്നെ അസ്വർ നിസ്ക്കരിച്ച ശേഷം അസ്വീസ് താഴ്‌വരയിലൂടെ യാത്രതിരിച്ചു. അസ്തമാനത്തിന് മുമ്പ് സൗകര്യപ്രദമായ ഒരിടത്ത് തമ്പടിച്ചു. ഉന്നത വിജയവും ആത്മവീര്യവുമൊക്കെയുണ്ടെങ്കിലും പലർക്കും പരുക്കുകളും മുറിവുകളും ഉണ്ട്. അതുകൊണ്ട് ഇന്നിവിടെത്തന്നെ രാപ്പാർക്കുകയാണ്. അപ്പോൾ നബിﷺ അനുയായികളോടായി ചോദിച്ചു. “ഇന്ന് രാത്രി ഈ സംഘത്തിന് ആരാണ് കാവൽ നിൽക്കുക?” എല്ലാവരും ഉറങ്ങിപ്പോയാൽ ഏതെങ്കിലും വഴി ശത്രുക്കളിൽ ആരെങ്കിലും പിൻതുടർന്ന് അപായപ്പെടുത്തിയാലോ? എന്ന കൃത്യമായ നിരീക്ഷണത്തിന്റെ ഭാഗമായുള്ള ചോദ്യമാണത്.
പെട്ടെന്നാരും പ്രതികരിച്ചില്ല. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്നു. മങ്ങിയ വെളിച്ചത്തിൽ ആളെ വ്യക്തമായില്ല. നബിﷺ ചോദിച്ചു; “ആരാണത്?” അദ്ദേഹം പറഞ്ഞു, ദക്’വാൻ ബിൻ ഖൈസ്(റ). നബിﷺ പറഞ്ഞു “ഇരുന്നോളൂ “. അടുത്തയാൾ എഴുന്നേറ്റു. നബിﷺ ചോദിച്ചു; “ആരാണത്?” “ഇബ്നു അബ്ദുഖൈസ് (റ)”.
“നിങ്ങളും ഇരുന്നോളൂ “. മൂന്നാമതും ഒരാൾ എഴുന്നേറ്റു.
“ആരാണത്?”
“അബൂ സബഅ് ” (റ). അപ്പോഴും പറഞ്ഞു, “ഇരുന്നോളൂ “. അൽപ്പം കഴിഞ്ഞ് നബിﷺ പറഞ്ഞു. “നിങ്ങൾ മൂന്നാളുകളും കൂടി കാവൽ നിന്നോളൂ “. അത് പറഞ്ഞപ്പോൾ ദക്’വാൻ എഴുന്നേറ്റുനിന്നു. നബിﷺ ചോദിച്ചു; “മറ്റു രണ്ടാളുകൾ എവിടെ?” അപ്പോൾ ദക്‌വാൻ പറഞ്ഞു; “നബിﷺയേ, അവിടുന്ന് മൂന്നു പ്രാവശ്യം ചോദിച്ചപ്പോഴും എഴുന്നേറ്റത് ഞാൻ തന്നെയായിരുന്നു. എന്റെയോരോ പേരും ഞാൻ മാറ്റി മാറ്റിപ്പറഞ്ഞതാണ് “.
ദക്‌വാന്റെ സേവന സന്നദ്ധത നബിﷺ വക വച്ചുകൊടുത്തു. അദ്ദേഹം സംഘത്തിന്റെ രാത്രി പാറാവുകാരനായി നിയുക്തനായി. “അല്ലാഹു നിങ്ങൾക്ക് കാവൽ നൽകട്ടെ!” എന്ന പ്രാർഥനയുടെ ആശീർവാദത്തോടെ ദക്‌വാൻ കാവൽ നിന്നു.
ആത്മാർപ്പണത്തിന്റെ മോഹന ചിത്രങ്ങൾ എത്രയാണ് ബദ്ർ സമ്മാനിച്ചത് ! ജീവനും സ്വത്തും ആസ്തിയും ആസകലം, അല്ലാഹുവിന്റെ മാർഗത്തിൽ നിർലോഭമായി സമർപ്പിച്ചതിന്റെ സമാനതയില്ലാത്ത രംഗങ്ങൾ ! നേതാവിനെ പൊടി പോലും പറ്റാതെ കൈവെള്ളയിൽ ക്കൊണ്ടു നടക്കാൻ മാത്രം നെഞ്ചിലേറ്റിയ അനുയായികൾ. ലോകത്താർക്കും ലഭിക്കാത്ത അതുല്യവും ആധികാരികവുമായ നേതൃത്വം. ആലോചനകൾക്കും നിരീക്ഷണങ്ങൾക്കുമപ്പുറം ആകാശത്ത് നിന്ന് നിശ്ചയങ്ങൾ ഏറ്റുവാങ്ങുന്ന സാരഥ്യം. ഇതെല്ലാം ഒത്തു ചേർന്ന സുമോഹന സംഗമത്തിന് പ്രപഞ്ചാധിപൻ സമ്മാനിച്ച അതിജീവനത്തിന്റെ വിജയനാമമാണ് ‘ബദ്ർ’. ബദ്ർ ഒരു പ്രദേശത്തിന്റെ പേരിൽ നിന്ന് മുന്നേറ്റത്തിന്റെ പര്യായപദമായി മാറിയതപ്പോഴാണ് ! ബദ്ർ എന്ന പദത്തിന് പൂർണ ചന്ദ്രൻ എന്നാർണർഥം. മനുഷ്യരിലെ പൂർണ ചന്ദ്രനായ മുത്ത് നബിﷺയാണ് ബദ്റിലെ യഥാർഥ ജേതാവും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
