
മക്കയുടെ കരളിന്റെ കഷണങ്ങൾ ഇനിയും ബാക്കിയുണ്ട്. ബദ്റിൽ കൊല്ലപ്പെടുമെന്ന് മുത്ത് നബിﷺ മുന്നറിയിപ്പ് നൽകിയ ആളുകൾ പൂർത്തിയായിട്ടില്ല. പടക്കളത്തിലൂടെയുള്ള യാത്ര നമുക്ക് തുടരാം.
ബദ്റിൽ ഖുറൈശീ നേതാക്കളിൽ പ്രമുഖനായ ഉമയ്യത്ത് ബിൻ ഖലഫിനെ നമുക്കൊന്ന് പിൻതുടർന്നു നോക്കാം. അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറയുന്നു; “ഉമയ്യത്തിന്റെ പഴയ ചങ്ങാതിയായിരുന്നു ഇബ്നു ഔഫ് (റ). ഇബ്നു ഔഫി(റ)ന്റെ നേരത്തെയുള്ള പേര് അംറിന്റെ ദാസൻ എന്നർഥമുള്ള അബ്ദു അംറ് എന്നായിരുന്നു. ഇസ്‌ലാമായതിൽപ്പിന്നെ നബിﷺ കാരുണ്യവാനായ അല്ലാഹുവിന്റെ ദാസൻ എന്നർഥമുള്ള അബ്ദുറഹ്മാൻ എന്ന പേര് നൽകി. എന്നാൽ ഉമയ്യത്തിന് ആ പേര് അത്ര പിടിച്ചിരുന്നില്ല. അവൻ ചോദിച്ചു, ‘അബ്ദുഅംറേ, നിനക്ക് നിന്റെ ബാപ്പ നൽകിയ പേര് നീ വെറുത്തു അല്ലേ!’ ഇബ്നുഔഫ് (റ) പറഞ്ഞു, ‘അതെ’.
മറ്റൊരിക്കലവൻ പറഞ്ഞു; ‘നിന്നെ ഞാൻ പഴയ പേരിൽ വിളിച്ചിട്ട് നീ വിളികേൾക്കുന്നില്ല. നിന്റെ പുതിയ പേര് വിളിക്കാൻ എനിക്ക് താത്പ്പര്യവുമില്ല. അതിനു പുറമേ ‘അർറഹ്മാനെ’ എനിക്കറിയുകയുമില്ല. യമാമയിലെ വ്യാജ പ്രവാചകത്വവാദി മുസൈലിമയും പറയുന്നത് അവൻ ‘അർറഹ്മാൻ’ ആണെന്നാണ്. അപ്പോൾ റഹ്മാന്റെ ദാസൻ എന്ന് പറഞ്ഞാൽ അവൻ്റെ അടിമ എന്നും അർഥം പറയാം. അത് കൊണ്ട് എനിക്ക് നിന്നെ വിളിക്കാൻ വേറെ ഒരു പേര് വേണം’.
ഒടുവിൽ ഇബിനു ഔഫി(റ)ൻ്റെ സമ്മത പ്രകാരം ദൈവത്തിന്റെ ദാസൻ എന്നർഥമുള്ള ‘അബ്ദുൽ ഇലാഹ് ‘ എന്ന പേര് അവൻ തെരഞ്ഞടുത്തു. അത് പ്രകാരം അബ്ദുറഹ്മാൻ ബിൻ ഔഫി(റ)നെ ഉമയ്യത്ത് ‘അബ്ദുൽ ഇലാഹ് ‘ എന്നാണ് വിളിച്ചിരുന്നത്. ഇബ്നു ഔഫ് (റ) മദീനയിലേക്ക് പലായനം ചെയ്തതിന് ശേഷവും അവർ തമ്മിൽ കത്തിടപാടുകൾ നടന്നിരുന്നു. ‘മക്കയിലെ തൻ്റെ കുടുംബക്കാരെ നീയൊന്നു ശ്രദ്ധിച്ചാൽ നിൻ്റെ കുടുംബക്കാരെ മദീനയിൽ ഞാൻ ശ്രദ്ധിച്ചോളാം’ എന്നൊക്കെ അവർ പറയുമായിരുന്നു.
ഇങ്ങനെയൊക്കെ ബന്ധമുള്ള ഇബ്നു ഔഫ് (റ) ബദ്റിൽ നിന്നു കിട്ടിയ പടയങ്കികളും വാരിക്കൂട്ടി ചുമന്ന് കൊണ്ട് പോകുമ്പോൾ അതാ നിൽക്കുന്നു , ഉമയ്യത്തും മകനും ! ഇബ്നു ഔഫ് (റ) തുടരുന്നു. അവൻ എന്നെ ‘അബ്ദു അംറേ’ എന്ന് വിളിച്ചു. ഞാൻ വിളി കേട്ടില്ല. അപ്പോഴവൻ ‘അബ്ദുൽ ഇലാഹേ’ എന്ന് വിളിച്ചു. ഞാൻ വിളി കേട്ടു. അവൻ ചോദിച്ചു, ‘നിനക്കെന്നോടൊന്ന് ചെയ്യാമോ? നീ കൊണ്ടു പോകുന്ന അങ്കികളെക്കാൾ നിനക്ക് നല്ലത് ഞങ്ങളാണ്. ഞങ്ങളെ ബന്ദിയാക്കി കൊണ്ടുപോകൂ. മോചനദ്രവ്യം തന്നു കൊള്ളാം’.
ഞാൻ അങ്കികൾ താഴെയിട്ട് ബന്ദികളെ ഏറ്റെടുത്തു. അവരോട് മുന്നിൽ നടക്കാൻ പറഞ്ഞു. എതിരാളികളെ ബന്ദിയായി പിടിക്കുക എന്നതും യുദ്ധത്തിന്റെ ഭാഗമാണ്. ഇനിയിവർക്ക് മോചനം തീരുമാനിക്കേണ്ടത് ഭരണാധികാരിയോ ഇമാമോ ഭരണകൂടമോ ഒക്കെയാണ്. ചിലപ്പോൾ ശിക്ഷയാകും. ചിലപ്പോൾ ഉപാധികളോടെയുള്ള മോചനമാകും. ചിലപ്പോൾ മോചനദ്രവ്യം സ്വീകരിച്ച് വിട്ടയയ്ക്കലാവും.
എന്തായാലും ഉമയ്യത്തിനെയും മകനെയും കൂട്ടി ഇബ്നു ഔഫ് (റ) മുന്നോട്ട് നീങ്ങി. അവൻ പറഞ്ഞു, ‘ഇന്നത്തെപ്പോലെ ഒരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല’. ”
ഇങ്ങനെ ബന്ദിയായിരിക്കെയുള്ള ചില സംഭാഷണങ്ങൾ നേരത്തെ വായിച്ചിട്ടുണ്ട്.
പഴയ കൂട്ടുകാരൻ ഇബ്നു ഔഫി (റ)ൻ്റെ കൂടെ നടന്നു നീങ്ങുന്ന ഉമയ്യത്തിനെ ബിലാൽ (റ) കാണാനിടയായി. അദ്ദേഹം റൊട്ടിക്ക് ഗോതമ്പ് കുഴച്ച് കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നെഴുന്നേറ്റ് കൈയും വൃത്തിയാക്കി വാള് കൈയിലേന്തി. ”അവൻ രക്ഷപ്പെട്ടിട്ട് ഞാൻ ജയിക്കുകയോ?” എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ചീറിയടുത്തു. അല്ലാഹുവിൽ വിശ്വസിച്ചതിന്റെ പേരിൽ മണൽപ്പരപ്പിൽ കിടത്തി ക്രൂര വിനോദങ്ങൾ കാട്ടിയ ക്രൂരനായ ഉമയ്യത്തിനെ തക്കത്തിന് കിട്ടിയ ആവേശത്തിലായിരുന്നു ബിലാൽ (റ).
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
