
മുഅവ്വിദി(റ)ന്റെ വെട്ടേറ്റ് കിടക്കുന്ന അബൂജഹലിൻ്റെ താടിക്ക് പിടിച്ചു കൊണ്ട് ഇബ്നു മസ്ഊദ് (റ) ചോദിച്ചു. “നീ അബൂ ജഹലല്ലേ?” ശേഷം, കൈയിലുള്ള പഴയ വാളുകൊണ്ട് അവന്റെ കഴുത്ത് മുറിക്കാനൊരുങ്ങി. പക്ഷേ, മുറിയുന്നില്ല. ഉടനെ അവൻ പറഞ്ഞു, “എന്റെ മൂർച്ചയുള്ള വാളെടുത്ത് പിരടിയുടെ ഭാഗത്ത് നിന്ന് മുറിച്ച് ശിരസ്സ് വേർപെടുത്തിക്കോളൂ “. ഞാനതു പ്രകാരം ചെയ്തു. അവന്റെ ശിരസ്സ് മുറിച്ചെടുത്ത് നബിﷺയുടെ സന്നിധിയിൽ ഹാജരാക്കി. എന്നിട്ട് പറഞ്ഞു; “അല്ലയോ അല്ലാഹുവിന്റെ തിരുദൂതരേﷺ! ഇതാ അല്ലാഹുവിന്റെ ശത്രു അബൂ ജഹലിന്റെ ശിരസ്സ് “.
നബി ﷺ ചോദിച്ചു. “നീയാണോ ഇവനെ വകവരുത്തിയത് ? ” “അതെ, ഞാൻ തന്നെയാണ്. അല്ലാഹു സത്യം! അവനല്ലാതെ ആരാധനക്കർഹനില്ല.” ഞാൻ മറുപടി പറഞ്ഞിട്ട് ആ ശിരസ്സ് നബിﷺയുടെ മുന്നിലേക്കിട്ടുകൊടുത്തു. അപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു. നന്ദി രേഖപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന് സാഷ്ടാംഗം ചെയ്തു. രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു.
ഇമാം ഹൈസമി (റ) ഉദ്ധരിച്ച നിവേദനത്തിൽ ഇങ്ങനെ വായിക്കാം : “ബദ്റിൽ പരുക്കേറ്റ് നിലം പതിച്ച അബൂജഹലിനെ ഞാൻ കണ്ടുമുട്ടി. ഉടനെ ഞാൻ പറഞ്ഞു, ‘എടാ അല്ലാഹുവിന്റെ ശത്രു! നിന്നെ അല്ലാഹു നിന്ദ്യനാക്കട്ടെ!’ അപ്പോഴവൻ ചോദിച്ചു. ‘നിങ്ങളുടെ കരങ്ങളാൽ കൊല്ലപ്പെട്ടവർ നിന്ദ്യരാണെന്നാണോ പറയുന്നത് ‘. ഞാനെന്റെ പക്കലുള്ള വാൾ കൊണ്ടവനെ വെട്ടി നോക്കി. പക്ഷേ, മുറിയുന്നില്ല. കാരണം എന്റെ പക്കലുള്ളത് ഒരു പഴയ വാളായിരുന്നു. അപ്പോഴതാ അവന്റെ കൈയിൽ നല്ലൊരു വാള്. ഞാനവന്റെ കൈയ്ക്ക് ഒരു വെട്ടുകൊടുത്തു. അപ്പോഴവന്റെ വാൾ നിലത്ത് വീണു. ഞാനാ വാള് കൈവശപ്പെടുത്തി. എന്നിട്ടവന്റെ പടത്തൊപ്പി ഊരി മാറ്റി. അവന്റെ വാള് കൊണ്ട് തന്നെ അവൻ്റെ പിരടിക്ക് വെട്ടി ശിരസ്സ് മുറിച്ചിട്ടു. എന്നിട്ട് ഞാൻ ഓടി നബിﷺയുടെ സവിധത്തിലേക്ക് ചെന്നു. വിവരം പറഞ്ഞു. അപ്പോഴവിടുന്ന് ചോദിച്ചു : ‘അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ല! അവൻ സത്യം?’ ഞാൻ പറഞ്ഞു; ‘അതെ, അല്ലാഹു സത്യം!’ അപ്പോൾ നബി ﷺ പറഞ്ഞു. ‘നീ ഒന്നു കൂടി പോയി ഉറപ്പാക്കിയിട്ട് വരൂ’. ഞാൻ പറന്നു പോയി വേഗം തിരിച്ചു വന്നിട്ടു പറഞ്ഞു. ‘അതെ നബിയേﷺ അല്ലാഹു സത്യം!’ അപ്പോൾ എന്നോട് പറഞ്ഞു; ‘എന്നാൽ വരൂ, നമുക്ക് നടക്കാം’. അങ്ങനെ ഒപ്പം നടന്നു. അബൂജഹൽ കൊല ചെയ്യപ്പെട്ടു കിടക്കുന്ന സ്ഥലത്തെത്തി. നബി ﷺ പറഞ്ഞു. “ഈ സമുദായത്തിലെ ഫറോവയാണിവൻ.”
മറ്റു ചില നിവേദനങ്ങളുടെ സംഗ്രഹം ഇങ്ങനെയാണ്. ‘കാല് മുറിക്കപ്പെട്ടുകിടക്കുന്ന അബൂജഹലിൻ്റെ അടുത്ത് ഞാനെത്തി. അവൻ അവന്റെ വാള് കൊണ്ട് ജനങ്ങളെ തടുക്കുന്നുണ്ട്. രംഗം കണ്ട ഞാൻ അല്ലാഹുവിനെ സ്തുതിച്ചു. എന്റെ മണ്ടൻ വാള് കൊണ്ട് ഞാൻ അവന്റെ കൈയിൽ വെട്ടി. അവന്റെ കൈക്ക് പരുക്ക് പറ്റി. കൈവശമുണ്ടായിരുന്ന വാള് നിലത്ത് വീണു. ഞാനത് കൈവശപ്പെടുത്തി. ശേഷം, അവന്റെ പടത്തൊപ്പി ഊരിമാറ്റി. അവനെ ഞാൻ വധിച്ചു കളഞ്ഞു. ഞാൻ ഓടിച്ചെന്ന് നബി ﷺയോട് കാര്യം പറഞ്ഞു. നബി ﷺ എന്നെക്കൊണ്ട് മൂന്നു പ്രാവശ്യം സത്യം ചെയ്യിച്ചു. ശേഷം, എന്നെയും കൂട്ടി അവന്റെ മൃത ശരീരത്തിനടുത്തെത്തി. എന്നിട്ട് പറഞ്ഞു. ഈ സമുദായത്തിന്റെ ഫറോവയാണിവൻ. ശേഷം അവന്റെ വാൾ നബി ﷺ എനിക്ക് സമ്മാനിച്ചു’.
ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “ഇബ്നുമസ്ഊദ് (റ) പറയുന്നു : ‘അബൂജഹലിനെ വകവരുത്തിയ വിവരം നബി ﷺ യെ അറിയിച്ചപ്പോൾ മുശ്‌രിക്കുകളിൽ നിന്ന് ബന്ദിയായി പിടിക്കപ്പെട്ട അഖീൽ ബിൻ അഖീത്വാലിബ് അടുത്തുണ്ടായിരുന്നു. അവൻ എന്നോട് പറഞ്ഞു. ‘നുണയാണ് നീ പറയുന്നത്. നീ അബൂജഹലിനെ കൊന്നിട്ടില്ല’.
‘നീയാണെടാ നുണയനും ദോഷിയും പടച്ചവൻ സത്യം! ഞാനവന്റെകഥ കഴിച്ചു’. അപ്പോൾ അഖീൽ ചോദിച്ചു. ‘എന്തെങ്കിലും ഒരടയാളം പറയാമോ? അവന്റെ തുടയിൽ ഒട്ടകത്തിന്റെ ചങ്ങലയുടെ വട്ടം പോലെ ഒരടയാളമുണ്ട് ‘. ഞാൻ തിരിച്ചു പറഞ്ഞു. ‘എന്നാൽ നീ പറഞ്ഞത് സത്യം തന്നെയായിരിക്കും’. അവൻ പ്രതിവചിച്ചു “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
