
അന്ത്യശ്വാസം വലിക്കുന്ന അബൂജഹലിനെക്കണ്ട രംഗം അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) അവലോകനം ചെയ്യുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം : “പോരാട്ടത്തിന്റെ പൊടിപടലങ്ങളടങ്ങി. കൊല്ലപ്പെട്ട മുശ്‌രിക്കുകളുടെ കബന്ധങ്ങൾ കൂടിക്കിടക്കുന്നതിനടുത്തേക്ക് നബിﷺ കടന്നു വന്നു. അവിടുത്തെ കണ്ണുകൾ അബൂ ജഹലിനെ പരതിക്കൊണ്ടിരുന്നു. പക്ഷേ, ശ്രദ്ധയിൽപ്പെട്ടില്ല. അതിന്റെ നിരാശ ആ തിരുമുഖത്ത് നിഴലിച്ചു. ശേഷം ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹുവേ! ഈ സമുദായത്തിലെ ഫിർഔനിന്റെ കാര്യത്തിൽ നീ എന്നെ നിരാശപ്പെടുത്തരുതേ! തുടർന്ന് വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അവനെ അന്വേഷിക്കാൻ നബി ﷺ കൽപ്പിച്ചു “. ഇബ്നു മസ്ഊദ് (റ) പറയുന്നു ; “ഞാനവനെക്കണ്ടെത്തി. അവൻ അവന്റെ അവസാന നിമിഷത്തിലായിരുന്നു. ഞാനവന്റെ പിരടിയിൽ ചിവിട്ടിയിട്ട് ചോദിച്ചു. അല്ലയോ , അല്ലാഹുവിന്റെ ശത്രു… അല്ലാഹു നിന്നെ നിസ്സാരനാക്കിക്കളഞ്ഞില്ലേ?
ഉടനെ അവൻ പറഞ്ഞു. ഞാൻ എങ്ങനെ നിസ്സാരനാകും! എന്തേ? നിങ്ങളൊരാളെ വധിക്കുന്നത് കൊണ്ട് അയാൾ നിന്ദ്യനാകുന്നതെങ്ങനെ? അഹങ്കാരം കൈവിടാത്ത ഭാവത്തിൽ അവൻ പ്രതികരിച്ചു. കർഷക കുടുംബത്തിലെ മുആദും (റ) മുഅവ്വിദും (റ) തന്നെ നിലം പരിശാക്കിയതിൽ അബൂജഹലിന് ഒരു ജാള്യത അനുഭവപ്പെട്ടിരുന്നു. കർഷകരല്ലാത്ത ആരെങ്കിലും എന്നെ വധിച്ചിരുന്നെങ്കിൽ എന്റെ പദവിക്ക് യോജിക്കുമായിരുന്നു എന്നവൻ തന്നെ വിളിച്ചു പറഞ്ഞു “.
നിന്നെ അല്ലാഹു നിന്ദ്യനാക്കട്ടെ! എന്ന് പറഞ്ഞ് അവന്റെ പിരടിയിൽ ചവിട്ടി കൈകാര്യം ചെയ്യുന്ന ഇബ്നു മസ്ഊദി (റ)നോട് അവൻ പുലമ്പിയത്രെ. “എടാ അടിമയുടെ ഉമ്മയുടെ മോൻ അടിമേ, പ്രയാസകരമായ ഒരു കയറ്റമാണ് നീ കയറിയിരിക്കുന്നത്.”
“ഏയ് കുഞ്ഞിടയാ.. വിജയം ആർക്കാണെന്ന് നീ ഒന്നു പറയൂ “. “അല്ലാഹുവിനും അവന്റെ തിരുദൂതർﷺക്കും”. ഇബ്നു മസ്ഊദ് (റ) തിരിച്ചടിച്ചു.
ഒരു റിപ്പോർട്ടിൽ ഇങ്ങനെയുമുണ്ട്. “ഇബ്നു മസ്ഊദ്(റ) പറയുന്നു. ഞാൻ അബൂജഹലിനോട് പറഞ്ഞു, ”നിന്നെ ഞാനിതാ വധിക്കുകയാണ്.”
എടാ മുതലാളിയെ വധിക്കുന്ന ആദ്യത്തെ അടിമയൊന്നുമല്ല നീ. പക്ഷേ, നീ എന്നെ വധിക്കുന്നു എന്നതാണിന്നത്തെ എന്റെ ഏറ്റവും വലിയ ദുഃഖം. നമ്മോട് ഉടമ്പടിയിൽ കഴിയുന്നവനോ സുഗന്ധകരാറിൽ ചേർന്നവനോ ആയ ഒരു കുലീനൻ എന്നെ വധിച്ചിരുന്നെങ്കിൽ എനിക്ക് സഹിക്കാമായിരുന്നു.
അവസാന നിമിഷത്തിലും അവന്റെയുള്ളിൽ നിറഞ്ഞു നിന്ന അഹങ്കാരത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രകടനമായിരുന്നു ഈ വാക്കുകൾ. അവൻ ഉയർത്തിപ്പിടിച്ച ഉച്ഛനീചത്വങ്ങളെ ഒഴിവാക്കാൻ അവസാനം വരെയും ആ ധിക്കാരിക്ക് കഴിഞ്ഞില്ല. അടിമയെയും ഉടമയെയും ഒരു പോലെ മനുഷ്യനായിക്കണ്ടു എന്നതായിരുന്നു മുഹമ്മദ് നബിﷺയിൽ അവൻ കണ്ടെത്തിയ ഒരു കുറ്റം. അടിമകളെ അരികത്തിരുത്തുകയും അവരോടൊപ്പം ഒരേ തളികയിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തതാണ് അവന് ഉൾക്കൊള്ളാനാവാത്ത അപരാധം. ഈ അപരവത്ക്കരണവും വേർതിരിവുമാണ് അവന്റെ അന്ത്യം ഇത്രമേൽ ദുരന്തപൂർണമാക്കിയത്.
ഇബ്നു മസ്ഊദ് (റ) തുടരുന്നു ; “ഞാനവനെ ആഞ്ഞൊന്നു വെട്ടി. അവന്റെ തല തെറിച്ചു വീണു. ഞാനവന്റെ പടച്ചട്ടയും പടത്തൊപ്പിയും ആയുധങ്ങളുമെടുത്ത് നബിﷺയുടെ സവിധത്തിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു; ‘അല്ലാഹുവിന്റെ തിരുദൂതരേﷺ.. അവിടുന്ന് സന്തോഷിച്ചോളൂ! അബൂജഹലിനെ വകവരുത്തിയിരിക്കുന്നു’ . ‘സത്യമാണോ അബ്ദുല്ലാ? എൻ്റെ പരമാധികാരിയായ അല്ലാഹു സത്യം! അവന്റെ വധം ചുവന്ന ഒട്ടകക്കൂട്ടത്തെക്കാൾ എനിക്ക് പ്രിയങ്കരമാണ് ‘.
വാഗ്ദത്തം പാലിക്കുകയും തന്റെ അടിമയെ സഹായിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തോത്രങ്ങളും. ഈ സമുദായത്തിന്റെ ഫറോവയെ അവൻ കൊന്നിരിക്കുന്നു. എനിക്ക് നൽകിയ വാഗ്ദാനം പാലിച്ച നാഥാ, നിന്റെ അനുഗ്രഹങ്ങൾ എനിക്ക് നീ പൂർത്തിയാക്കിത്തരേണമേ!”
നേരിയ വ്യത്യാസങ്ങളോടെ വേറെയും നിവേദനങ്ങൾ ഈ അധ്യായത്തിൽ വായിക്കാനുണ്ട്. ചില വ്യാഖ്യാന ഭേദങ്ങൾ കൂടി നമുക്ക് വായിച്ചു തുടരാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
