Tweet 239

    Tweet 239
    February 8, 2023 • Wednesday
    Post Header

    പടക്കളം സജീവമായി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. അതിനിടയിൽ നബിﷺ അലി (റ)യെ വിളിച്ചു പറഞ്ഞു. ”നിലത്ത് നിന്ന് ഒരു പിടി ചരൽ എനിക്കെടുത്ത് തരൂ..” അലി അൽപ്പം മണ്ണും ചരലും കൂടി വാരിക്കൊടുത്തു. “മുഖങ്ങൾ മ്ലാനമാകട്ടെ! അല്ലാഹുവേ, അവരുടെ ഹൃദയങ്ങളിൽ ഭീതിയും പാദങ്ങൾക്ക് പതർച്ചയും നൽകേണമേ!” എന്ന് പ്രാർഥിച്ചുകൊണ്ട് നബി ﷺ പിടിമണ്ണ് ശത്രുപക്ഷത്തേക്കെറിഞ്ഞു. ശേഷം, അനുയായികളോട് പോരാട്ടം ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചു. ഗത്യന്തരമില്ലാതെ ഒരു പോരാട്ടഭൂമിയിൽ പ്രതിരോധിക്കേണ്ടി വന്നതായിരുന്നു അവിടുന്ന്. മക്കയിൽ നിന്ന് ശാന്തമായി മദീനയിലേക്ക് പോന്നിട്ടും അവർ വിട്ടില്ലെന്ന് വന്നപ്പോഴാണ് മദീനയ്ക്കടുത്ത് വച്ച് അവരെ നേരിട്ടത്. മൂന്നിരട്ടിയിലേറെ സൈനികബലവും പതിൻമടങ്ങ് ആയുധശക്തിയുമുള്ള ഒരു സംഘത്തെ നേരിടുമ്പോഴും അവർ പിന്തിരിഞ്ഞുപോകാനും യുദ്ധം വേഗം അവസാനിക്കാനുമാണ് അവിടുത്തെ പ്രാർഥന.
    നബിﷺ വലിച്ചെറിഞ്ഞ മണ്ണ് കണ്ണിൽ പതിക്കാതെ ഒരാളും ശത്രു പക്ഷത്ത് ബാക്കിയായില്ല. അതുമൂലം അന്ധത ബാധിച്ചത് പോലെ അവർ പിന്തിരിഞ്ഞോടി. മുസ്‌ലിംകൾ അവരെ വിട്ടില്ല. അവരെ പിന്തുടർന്നു. ചിലരെ വധിക്കുകയും മറ്റുചിലരെ ബന്ദിയാക്കുകയും ചെയ്തു.
    ഇസ്‌ലാമിന്റെ എതിർച്ചേരിയിൽ ബദ്റിൽ പങ്കെടുത്ത് ശേഷം മുസ്‌ലിമായ ആളാണ് ഹകീമുബിൻ ഹിസാം. അദ്ദേഹത്തോടൊരിക്കൽ ബദ്ർ ദിവസത്തെക്കുറിച്ചു ചോദിച്ചു. പ്രയാധിക്യത്താൽ പ്രത്യേകിച്ചൊന്നും പറയാൻ അദ്ദേഹം മുതിർന്നില്ല. പക്ഷേ, ഒരിക്കൽ നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. “ഞങ്ങൾ മുഖാമുഖമെത്തി പോരാട്ടം നടത്തി. അപ്പോഴതാ പാത്രത്തിൽ ചരൽ കല്ലുകൾ വീഴുന്നത് പോലെ ആകാശത്ത് നിന്ന് ഒരു ശബ്ദം ഭൂമിയിൽ വന്ന് പതിക്കുന്നത് കേൾക്കുന്നു ! നബിﷺ ഒരു പിടി മണ്ണെടുത്ത് ഞങ്ങൾക്ക് നേരേ എറിഞ്ഞു. ഞങ്ങൾ പരാജിതരായി “.
    “ഇത്തരമൊരു ശബ്ദം ഞങ്ങളുടെ ഹൃദയത്തിലും പിൻഭാഗത്തും കേട്ടതോടെ ഞങ്ങൾ പേടിച്ച് പിന്തിരിഞ്ഞോടി” എന്നാണ് നൗഫൽ ബിൻ മുആവിയതുദ്ദൈലി പറഞ്ഞത്.
    നബിﷺ പിടിമണ്ണെറിഞ്ഞ സംഭവം പരിശുദ്ധ ഖുർആൻ എട്ടാമധ്യായം അൽ അൻഫാലിലെ പതിനേഴാം സൂക്തം പരാമർശിക്കുന്നതിങ്ങനെയാണ്. “യഥാർഥത്തിൽ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. തങ്ങൾ എറിഞ്ഞപ്പോള്‍ യഥാർഥത്തില്‍ എറിഞ്ഞത് തങ്ങളല്ല, അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ ‎വേർത്തിരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.”
    ഈ സംഭവം വ്യക്തമായ ഒരു മുഅ്ജിസത് അഥവാ മുത്ത് നബിﷺയിൽ അദ്ഭുതകരമായി ഉണ്ടായതാണ്.‎ ഒരുപിടി മണ്ണ് ഒരു സൈന്യത്തിനു നേരെയെറിഞ്ഞപ്പോൾ എല്ലാവരിലും അത് പതിച്ചു. അവർ പിന്തിരിഞ്ഞോടി. ഭൗതികമായ കാരണങ്ങളെയും മാനങ്ങളെയും പരിഗണിച്ചു ക്രമീകരിക്കുമ്പോഴും അതെല്ലാം കേവലം നിമിത്തങ്ങൾ മാത്രമാണ്. യഥാർഥത്തിൽ എല്ലാം പരമാധികാരത്തോടെ നടപ്പിലാക്കുന്നവൻ അല്ലാഹു മാത്രമാണ്. അതുകൊണ്ട് എല്ലായ്പ്പോഴും അവനെക്കുറിച്ചുള്ള വിചാരവും അവനിലേക്കുള്ള അവലംബവും അനിവാര്യമാണ്. മുത്ത് നബിﷺയുടെ സൈനിക നീക്കത്തിലടക്കം ഈ ആശയമാണ് മുഴുത്തു നിൽക്കുന്നത്.
    നബിﷺയുടെ ഏറിനെ അല്ലാഹുവിന്റെ ഏറ് എന്നാണ് ഖുർആൻ പ്രയോഗിക്കുന്നത്. ആലങ്കാരികമായ ഇത്തരം പ്രയോഗങ്ങളെ അതിൻ്റെ ആത്മാവറിഞ്ഞ് മനസ്സിലാക്കാൻ നമുക്ക് കഴിയണം. ഒരു ദാനത്തെ അത് പ്രത്യക്ഷത്തിൽ നിർവഹിച്ച ദാതാവിനോടും യഥാർഥത്തിൽ നൽകിയ രക്ഷിതാവിനോടും ചേർത്തു പറയാം. രണ്ടും രണ്ടർഥത്തിലും പരികൽപ്പനയിലുമാണെന്ന് നമുക്ക് തിരിച്ചറിയാനാവണം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ദമ്പതികൾക്ക് സന്താനമുണ്ടായില്ല. ഒരു ഡോക്ടറെ സമീപിച്ചു. അയാൾ ചില മരുന്നുകൾ നിർദേശിച്ചു. അതുപയോഗിച്ചു കഴിഞ്ഞപ്പോൾ സന്താനം ജനിച്ചു. ദമ്പതികൾ ഒരിക്കൽ പറഞ്ഞു ; “ഞങ്ങൾക്ക് ഇത്ര വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെ തന്ന അല്ലാഹുവിന് നന്ദി “.
    ഡോക്ടറെ പരിചയപ്പെടുത്തിയപ്പോൾ അവർ പറഞ്ഞു ; “ഞങ്ങൾക്ക് ഈ മോനെത്തന്നത് ആ ഡോക്ടറാണ് “. മറ്റൊരിക്കൽ അവർ ആ മരുന്നിനെ പരിചയപ്പെടുത്തിപ്പറഞ്ഞു; “ഈ മരുന്നാണ് ഞങ്ങളുടെ സ്വപ്നത്തിന് ചിറക് തന്നത്, ഈ മോനെ പ്രദാനം ചെയ്തത് “.
    മൂന്ന് ഉത്തരങ്ങളും ശരിയാണ്. ആദ്യത്തേത് ആത്യന്തികമായ വസ്തുതയാണ്. രണ്ടും മൂന്നും പ്രസ്താവനകൾ കാരണങ്ങളിലേക്ക് ചേർത്തുകൊണ്ടുള്ള പ്രയോഗങ്ങളാണ്. അതിൽ അബദ്ധമോ അല്ലാഹുവിനോട് പങ്കുചേർക്കലോ അപാകം വന്നു ചേരലോ ഒന്നുമില്ല. കേവലം അക്ഷരങ്ങളിൽ നിന്ന് മാത്രം മതത്തെയും ഖുർആനിനെയും വായിക്കുമ്പോഴാണ് പ്രശ്നം.
    നമുക്ക് ബദ്റിലേക്ക് തന്നെ മടങ്ങാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...