
ശേഷം ഇബ്‌ലീസ് അകലങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. അവൻ്റെ ചിന്തയിൽ അവന്റെ തന്നെ നിലനിൽപ്പിനെക്കുറിച്ചുള്ള ചില ചിന്തകൾ കടന്നു കൂടി. അല്ലാഹുവോട് അന്ത്യനാൾ വരെ ആയുസ്സ് നീട്ടിത്തരണമെന്നായിരുന്നു അവൻ ആവശ്യപ്പെട്ടത്. എന്നാൽ, ‘ഒരു നിശ്ചിത സമയം വരെ’ എന്നാണവന് അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിച്ചത്. ആ സമയം ആസന്നമായോ എന്നവൻ ഭയപ്പെട്ടു. ‘അവർ മലക്കുകളെ അഭിമുഖീകരിക്കുന്ന ദിവസം കുറ്റവാളികൾ ദുഃഖിതമായിരിക്കും’ എന്ന് പറയപ്പെട്ട സമയമായോ എന്നവൻ ആകുലപ്പെട്ടു.
ഖുറൈശികളാകെ അങ്കലാപ്പിലായി ! കൂടെ നിന്നു കരുത്തു നൽകിയ സുറാഖ: ഒരു പ്രതിസന്ധി ഘട്ടത്തിൽ പിന്തിരിഞ്ഞോടിയിരിക്കുന്നു. അവർ അറിയുന്നില്ലല്ലോ സുറാഖയുടെ രൂപത്തിൽ നിൽക്കുന്നത് പിശാചാണെന്ന്. അവനൊപ്പം ഒരു സംഘവും ഓടിപ്പോയി.
ഇടയിൽ വച്ച് മക്കയിലെത്തിയ ചില ഖുറൈശികൾ യഥാർഥ സുറാഖയെ അവിടെ വച്ച് കണ്ടുമുട്ടി. അവർ ചോദിച്ചു : “അല്ല സുറാഖാ , നീ കൂട്ടം തെറ്റിയോടി നമ്മുടെ സംഘത്തെ പരാജയത്തിലേക്ക് നയിച്ചു, അല്ലേ?”
സുറാഖ പറഞ്ഞു. “അല്ലാഹുവിനാണെ! ഞാൻ യുദ്ധത്തിലേക്കൊട്ടുവന്നിട്ടുമില്ല. നിങ്ങളുടെ കാര്യങ്ങളൊന്നുമറിഞ്ഞതുമില്ല.” പക്ഷേ, അതവർ അംഗീകരിച്ചില്ല. പിന്നീട് ഖുർആനിന്റെ പ്രസ്താവനയിലൂടെയാണ് ഇബ്‌ലീസ് അവർക്കൊപ്പം പങ്കെടുത്ത വിവരം അറിയുന്നത്. അന്നവർക്കൊപ്പം നിന്ന ഹാരിസടക്കം പലരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.
വസ്തുതകൾ ഇതായിരുന്നു. എന്നാൽ സുറാഖയുടെ രൂപമണിഞ്ഞ പിശാചും സംഘവും രംഗം വിട്ടയുടനെ അബൂജഹൽ അണികളെ പിടിച്ചു നിർത്താൻ ഒരു പ്രഭാഷണം നടത്തി. അവരെ യുദ്ധ മുഖത്ത് പിടിച്ചു നിർത്താനും ആവേശം പകർന്നു കൊടുക്കാനുമായിരുന്നു അത്. പ്രഭാഷണത്തിന്റെ സാരം ഇങ്ങനെ വായിക്കാം. “സുറാഖയുടെ പിന്മാറ്റത്തിൽ നിങ്ങൾ വഞ്ചിതരാകരുത്. അവൻ മുഹമ്മദിﷺനോടും അനുയായികളോടും ധാരണയിലായിരുന്നു. നാം മടങ്ങിച്ചെന്നാൽ അവനെയും കൂട്ടരെയും എന്ത് ചെയ്യണമെന്ന് നമുക്കറിയാം. അപ്പോഴവൻ മനസ്സിലാക്കിക്കൊള്ളും”.
“ഉത്ബയുടെയും ശൈബയുടെയും വലീദിന്റെയും വധത്തിൽ നിങ്ങൾ വഞ്ചിതരാകരുത്. അവർ തിരക്കുകൂട്ടിയതാണ് കാരണം. അൽപ്പം അഹങ്കാരവും അവരെപ്പിടികൂടിയിരുന്നു. ദൈവത്തിനാണെ സത്യം! മുഹമ്മദിﷺനെയും കൂട്ടരെയും കയറിൽ ബന്ധിക്കാതെ നമുക്ക് മടക്കമില്ല. നിങ്ങളാരും അവരിൽ ഒരാളെയും കൊന്നുകളയരുത്. മറിച്ച് അവരെ ജീവനോടെ പിടികൂടണം. നിങ്ങളുടെ മതത്തെ ഉപേക്ഷിക്കാനും പ്രപിതാക്കളുടെ ആരാധ്യവസ്തുക്കളെ നിരാകരിക്കാനും അവരെന്തൊക്കെയാണ് ചെയ്തു കൂട്ടിയത് എന്നവർക്ക് നാം കാണിച്ചു കൊടുക്കും.” – അബൂജഹ്ൽ തുടർന്നു.
ഈ സമയത്ത് മുസ്‌ലിം പക്ഷം പ്രതീക്ഷയുടെ ഉന്നതിയിൽത്തന്നെയാണ് നിലകൊണ്ടിരുന്നത്. പരിശുദ്ധ ഖുർആൻ അൻപത്തിനാലാം അധ്യായം അൽഖമർ നാൽപത്തിയഞ്ചാമത്തെ സൂക്തം പാരായണം ചെയ്ത് കൊണ്ട് നബി ﷺ ടെന്റിനു പുറത്തേക്കു വന്നു. സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്. “എന്നാൽ ആ സംഘം തോൽപ്പിക്കപ്പെടും. അവർ പിന്തിരിഞ്ഞോടുകയും ചെയ്യും.”
പടക്കളം ഉണർന്നു. രണ്ടു സൈന്യവും പൊരിഞ്ഞ പോരാട്ടത്തിലേക്ക് കടന്നു. അപ്പോൾ നൗഫൽ ബിൻ ഖുവൈലിദ് വിളിച്ചു പറഞ്ഞു. “അല്ലയോ ഖുറൈശികളേ! ഇത് അഭിമാനത്തിന്റെയും ഉയർച്ചയുടെയും ദിവസമാണ്. അല്ലയോ ഖുറൈശികളേ! സുറാഖയും സംഘവും നിങ്ങളെ വിട്ടുപോയത് നിങ്ങൾക്ക് ബോധ്യമുണ്ടല്ലോ? അത് കൊണ്ട് ഓരോ ചുവടും കൃത്യമായിരിക്കണം. ശത്രുക്കളെ ഉന്നം തെറ്റാതെ നേരിടണം. ലക്ഷ്യം തെറ്റാതെ വെട്ടണം. ഞാനുറപ്പിച്ചു പറയുന്നു; ദ്വന്ദ്വയുദ്ധത്തിൽ റബീഅയുടെ മക്കൾ അൽപ്പം ധൃതി കാണിച്ചു.”
ഈ ശബ്ദം കേട്ടപ്പോൾ നബിﷺ പ്രാർഥിച്ചു. “അല്ലാഹുവേ.. ഈ നൗഫലിനെ ഞങ്ങൾക്ക് നീ അധീനപ്പെടുത്തേണമേ!” യുദ്ധാനന്തരം അന്വേഷിച്ചപ്പോൾ അയാൾ അലി (റ)യുടെ കരങ്ങളാൽ കൊല്ലപ്പെട്ട വാർത്തയാണ് ലഭിച്ചത്. ഉടനെ നബിﷺ പറഞ്ഞു. ”അവന്റെ വിഷയത്തിൽ എന്റെ പ്രാർഥന സ്വീകരിച്ച അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
