
വാദീ ദഫ്റാനിലെത്തിയപ്പോഴാണ് മക്കക്കാർ സൈനികമായി നേരിടാൻ പടപ്പുറപ്പാട് നടത്തിയ വിവരം അറിയുന്നത്. അതോടെ രംഗം മാറി. എഴുപതംഗങ്ങളുള്ള ഒരു വ്യാപാരസംഘത്തെ നേരിടാൻ വന്നവർ ഒരു സൈന്യത്തെയാണ് ഇനി നേരിടേണ്ടത്. സിറിയയിലേക്കുള്ള വ്യാപാരപാത മക്കക്കാരുടെ എല്ലാമെല്ലാമാണ്. അതിനെ തടസ്സപ്പെടുത്തുന്ന എന്തും മക്കക്കാരുടെ ജീവിതത്തിന്റെ എല്ലാ മേഖലയേയും ബാധിക്കും. അതുകൊണ്ടു തന്നെ മക്കയൊന്നാകെ ഇളകിപ്പുറപ്പെട്ടിരിക്കുകയാണ്. വിവരങ്ങൾ നബിﷺക്ക് ലഭിച്ചു തുടങ്ങി.
നബി ﷺ തങ്ങളുടെ സംഘത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിച്ചു. അല്ലാഹുവിൽ നിന്നുള്ള സഹായമാണ് മുത്ത് നബി ﷺ യുടെ അവലംബം. ഒന്നുകിൽ കച്ചവട സംഘം അഥവാ ‘ഈർ’ അല്ലെങ്കിൽ, സൈന്യം അഥവാ ‘നഫീർ’. രണ്ടാലൊന്ന് ജയിച്ചടക്കാം എന്ന അല്ലാഹുവിൽ നിന്നുള്ള വാഗ്ദാനത്തോടെയാണ് മുത്ത് നബി ﷺ യുടെ പുറപ്പാട്. അത്കൊണ്ട് പരിഭ്രമിക്കേണ്ട സാഹചര്യമൊന്നും നേരിട്ടില്ല.
മുത്ത് നബി ﷺ അനുയായികളെ ഒരുമിച്ചു കൂട്ടി. പുതിയ വാർത്തകൾ പങ്കുവച്ചു. മുന്നോട്ട് നീങ്ങാനുള്ള നയതന്ത്രങ്ങൾ കൂടിയാലോചിച്ചു. ലോക ഗതിയെത്തന്നെ മാറ്റി എഴുതേണ്ട ഒരു മഹായുദ്ധത്തെ മുന്നിൽക്കാണുകയാണ്.
ഇവിടെ മുത്ത് നബി ﷺ ഒരു മഹാദൗത്യം നിർവഹിക്കേണ്ടതുണ്ട്. ഒരു പ്രതിരോധത്തിൻ്റെയും ധർമയുദ്ധത്തിൻ്റെയും നടപടികൾ എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്നതാണ്. അതിവിടെ പ്രയോഗിക്കുകയായിരുന്നു. സ്വഹാബികൾക്കൊപ്പം നബി ﷺ അസാഫീർ താഴ്‌വരയിലേക്ക് നീങ്ങി. അനുചരന്മാരോട് ഒരു യുദ്ധത്തിൻ്റെ സാഹചര്യം തുറന്നു പറഞ്ഞു. എന്നിട്ടവരോട് ചോദിച്ചു. നമ്മളെന്താണ് ചെയ്യേണ്ടത്? കച്ചവട സംഘത്തെ പിടികൂടണോ? അതല്ല രണ്ടും കല്പിച്ചു യുദ്ധം നേരിടണോ?
അപ്പോൾ, ഒരു വിഭാഗം ഇങ്ങനെ പറഞ്ഞു, “അവിടുന്ന് ഒരു യുദ്ധത്തിൻ്റെ സാധ്യത ആദ്യം പറഞ്ഞിരുന്നെങ്കിൽ നമുക്ക് അതിനായി ഒരുങ്ങി വരാമായിരുന്നല്ലോ. ഇപ്പോൾ നമുക്ക് കച്ചവട സംഘത്തെപ്പിടികൂടി മടങ്ങിപ്പോകാം. ശത്രുക്കളെ വിട്ടേക്കാം “.
ഈ സമയത്ത് നബി ﷺ യുടെ മുഖഭാവമൊന്ന് മാറി. അപ്പോഴാണ് ഖുർആനിലെ എട്ടാം അധ്യായം അൽ-അൻഫാലിലെ അഞ്ചാം സൂക്തം അവതരിക്കുന്നത്. ആശയം ഇപ്രകാരം വായിക്കാം. “വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ തങ്ങളുടെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് തങ്ങളുടെ രക്ഷിതാവ് തങ്ങളെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്.”
നബി ﷺ സ്വഹാബികളോട് വീണ്ടും അഭിപ്രായങ്ങളാരാഞ്ഞു. അപ്പോൾ അബൂബക്കർ (റ) എഴുന്നേറ്റ് നിന്ന് സംസാരിച്ചു. ആത്മസമർപ്പണത്തോടെ എന്തിനും തങ്ങൾ തയ്യാറാണെന്നതായിരുന്നു സംഭാഷണത്തിന്റെ സാരം. ശേഷം ഉമർ (റ) എഴുന്നേറ്റു. മുഹാജിറുകൾ ആത്മവീര്യത്തോടെ യുദ്ധത്തിന് തയ്യാറാകാമെന്നും നമ്മുടെ ധൈര്യം ചോർന്നു പോയിട്ടില്ലെന്നും പറഞ്ഞു നിർത്തി. വീണ്ടും നബി ﷺ അനുചരന്മാരിൽ നിന്നും അഭിപ്രായം അന്വേഷിച്ചു. അപ്പോൾ മിഖ്ദാദ് ബിൻ അംറ് (റ) പറഞ്ഞു. “അല്ലയോ, അല്ലാഹുവിന്റെ ദൂതരേ! അവൻ കൽപ്പിച്ച പ്രകാരം അവിടുന്ന് മുന്നോട്ട് പോകൂ.. നിങ്ങളും നിങ്ങളുടെ പടച്ചവനും പോയി യുദ്ധം ചെയ്തോളൂ, ഞങ്ങൾ ഇവിടെ ഇരിക്കാം എന്ന് മൂസാ നബി (അ)യോട് ഇസ്രയേൽക്കാർ പറഞ്ഞതു പോലെ ഞങ്ങൾ തങ്ങളോട് പറയില്ല. തങ്ങളും തങ്ങളുടെ നാഥനും യുദ്ധത്തിലേർപ്പെട്ടോളൂ ഞങ്ങൾ ഒപ്പമുണ്ടാകും എന്നായിരിക്കും ഞങ്ങൾ പറയുക. അല്ലാഹു സത്യം! ഞങ്ങളുടെ ഇമ അനങ്ങുന്ന കാലത്തോളം ഞങ്ങൾ ഒപ്പം നിലകൊള്ളും. ഒരുപക്ഷേ, അറേബ്യൻ ഉപദ്വീപിന്റെ അങ്ങേയറ്റം ബർക്കുൽ ഗിമാദിലേക്കാണ് ഞങ്ങളെ അവിടുന്ന് നയിക്കുന്നതെങ്കിലും ഞങ്ങൾ കൂടെത്തന്നെയുണ്ടാകും.” ഇത്രയും കേട്ടതോടെ മുത്ത് നബി ﷺ യുടെ തിരുമുഖം പ്രകാശിച്ചു. പുഞ്ചിരി വിടർന്നു. മിഖ്ദാദി (റ)ന് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് അവിടുന്ന് പ്രാർഥിച്ചു.
