
ബിഅ്ർ അബീ ഇനബ: അഥവാ അബൂ ഇനബ: കിണറ്റിന്റെ അടുത്തെത്തിയപ്പോൾ നബി ﷺ വാൾ ഉറയിലിട്ട് പടയങ്കി അണിഞ്ഞു. ശേഷം, അനുയായികൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു. “അല്ലാഹുവേ,
ഇവർ നഗ്ന പാദരാണ്; ഇവർക്ക് നീ വാഹനം നൽകേണമേ..!
ഇവർ ഉടുക്കാനില്ലാത്തവരാണ്; ഇവരെ നീ ഉടുപ്പിക്കേണമേ..! വിശപ്പടക്കാനില്ലാത്തവരാണ്; ഭക്ഷണം നൽകേണമേ..!
ഇവർ ദരിദ്രരാണ്; നിന്റെ ഔദാര്യം കൊണ്ട് നീ ഐശ്വര്യം നൽകേണമേ..!”
ഈ പ്രാർഥനയ്ക്ക് ഫലമുണ്ടായി. ബദ്റിൽ നിന്ന് മടങ്ങിവരുമ്പോൾ വിഭവങ്ങളും വാഹനങ്ങളുമെല്ലാം ലഭിച്ചു. പോരാത്തതിന് ബന്ദികളെ മോചിപ്പിക്കാൻ ഖുറൈശികൾ നൽകിയ തുക സമ്പത്തായും ലഭിച്ചു.
മദീനക്കാർക്ക് വേണ്ടി നബി ﷺ പ്രത്യേകം പ്രാർഥന നിർവഹിച്ചു. “അല്ലാഹുവേ,
നിന്റെ അടിമയും ഇഷ്ടമിത്രവുമായ ഇബ്റാഹീം (അ) മക്കയ്ക്ക് വേണ്ടി പ്രാർഥിച്ചു. നിന്റെ ദാസനും ദൂതനുമായ ഞാൻ മുഹമ്മദ് ﷺ നിന്നോട് മദീനയ്ക്ക് വേണ്ടി പ്രാർഥിക്കുന്നു. ഇവിടുത്തെ ധാന്യങ്ങളിലും വിളകളിലും വിഭവങ്ങളിലും നീ അനുഗ്രഹം ചൊരിയേണമേ..! മദീനയെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കേണമേ..! ഇവിടുത്തെ വ്യാധിയെ നീ ജുഹ്ഫയിലേക്ക് നാടുകടത്തേണമേ..! നിനക്ക് പ്രിയപ്പെട്ട ഇബ്റാഹീം (അ) മക്കയെ പവിത്രഭൂമി അഥവാ ഹറമായി പ്രഖ്യാപിച്ചപ്പോലെ, മദീനയെ കറുത്ത ശിലകളുള്ള രണ്ടതിർത്തികൾക്കിടയിൽ ഞാനിതാ പുണ്യഭൂമിയായി പ്രഖ്യാപിക്കുന്നു.”
മുസ്‌ലിം സംഘം യാത്ര തുടർന്നു. മദീനയിൽ നിന്ന് അറുപത്തിയെട്ട് കിലോമീറ്റർ ദൂരത്തുള്ള ‘അർഖുള്ളബിയ’ എന്ന പ്രദേശത്തെത്തി. ബിഅ്റു റൗഹാഇൽ നിന്ന് മൂന്ന് കി.മി അകലെയാണിത്. അധികം തണുപ്പോ ചൂടോ ഇല്ലാത്ത കാറ്റടിക്കുന്ന പ്രദേശമായതിനാൽ ‘സജ്സാജ് ‘ എന്നും ഈ പ്രദേശത്തിന് പേരുണ്ട്.
വഴിയിൽക്കണ്ടുമുട്ടിയ വയോധികനായ ഗ്രാമീണനോട് ഖുറൈശീ കച്ചവട സംഘത്തെക്കുറിച്ച് ചോദിച്ചു. അയാളുടെ പക്കൽ വിവരമൊന്നുമില്ലായിരുന്നു. പിന്നീടു കണ്ടയാളോടും അന്വേഷിച്ചു. ശേഷം അയാളോട് നബി ﷺ യുമായി ഒന്ന് സംസാരിക്കാൻ പറഞ്ഞു. ഉടനെ അയാൾ നബി ﷺ യോട് ‘അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണോ’ എന്ന് ചോദിച്ചു. ‘അതെ’യെന്ന് നബി ﷺ മറുപടിയും പറഞ്ഞു. ‘അങ്ങനെയെങ്കിൽ, ഈ ഒട്ടകത്തിന്റെ പള്ളയിലുള്ളതെന്താണ്?’ അയാൾ ചോദിച്ചു. ദുരുദ്ദേശ്യപരമായ അയാളുടെ ചോദ്യം സലമത് ബിൻ സലാമ:(റ) എന്ന സ്വഹാബിക്ക് അത്രയ്ക്കങ്ങ് ദഹിച്ചില്ല. അദ്ദേഹം മുന്നോട്ട് വന്നു പറഞ്ഞു : ‘നീയിപ്പോൾ അതൊന്നും നബി ﷺ യോട് ചോദിക്കേണ്ട, ഞാൻ പറഞ്ഞു തരാം. അതിന്റെ പള്ളയിൽ നിന്നിൽ നിന്നുണ്ടായ കുട്ടിയാണ് ‘.
അഹങ്കാരത്തോടെ ചോദ്യമുന്നയിച്ചവനെ മിണ്ടാട്ടം മുട്ടിക്കാനാണ് ഇങ്ങനെ പറഞ്ഞതെങ്കിലും നബി ﷺ ക്ക് അതിഷ്ടപ്പെട്ടില്ല. അവിടുന്നിടപെട്ടു ശാസിച്ചു. “നീയെന്താണയാളോട് അസഭ്യം പറയുകയാണോ? നിർത്തൂ.” എന്നിട്ടവിടുന്ന് മുഖം തിരിച്ചു കളഞ്ഞു.
വീണ്ടും യാത്ര തുടർന്നു. മക്കയിലേക്കുള്ള പാത ഇടതു ഭാഗത്താക്കി സഞ്ചരിച്ചു. അപ്പോൾ വലതു ഭാഗം ‘നാസിയ്യ’ പ്രദേശത്തിന് നേരേയായി. കുറേ മുന്നോട്ട് പോയപ്പോൾ ‘റഹ് ഖാൻ’ താഴ്‌വരയിലെത്തി. അവിടെ വച്ച് നബി ﷺ രണ്ട് പേരെ ഖുറൈശികളെക്കുറിച്ചന്വേഷിക്കാൻ നിയോഗിച്ചു. ബനൂ സാഇദാ ഗോത്രവുമായി സന്ധിയിലുള്ള ബസ്ബസ് ബിൻ അംറ് അൽജുഹനി, ബനൂനജ്ജാർ ഗോത്രവുമായി ഉടമ്പടിയിൽ കഴിയുന്ന അദിയ്യു ബിൻ അബുസ്സഗബാഅ് എന്നിവരായിരുന്നു ആ രണ്ടു പേർ.
വീണ്ടും സംഘം മുന്നോട്ട് നീങ്ങി. നബി ﷺ ചോദിച്ചു; “ആ കാണുന്ന പർവതങ്ങൾ ഏതാണ് ?” ആരോ പറഞ്ഞു ‘മുസ് ലിഹ്’, ‘മുഅര്‌രിഖ്’ എന്നീ മലകളാണ്. തുടർന്നവിടുന്ന് ചോദിച്ചു; “അവിടെ വസിക്കുന്ന ഗോത്രക്കാർ ആരാണ്?”
“ബനുന്നാർ, ബനൂഹർറാഖ് എന്നീ ഗോത്രങ്ങളാണ് “. പേരു കേട്ടപ്പോൾത്തന്നെ നബി ﷺ ക്ക് അത്ര തൃപ്തിയായില്ല. അവിടുന്ന് അൽപ്പം വലത്തോട്ട് മാറി വാദീ ‘ദഫ്റാനി’ലേക്കെത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
