
അവർ നബി ﷺ യോട് ചോദിച്ചു. ‘അലിഫ് ലാം മീം’ എന്നതിന് പുറമെ മറ്റെന്തെങ്കിലുമുണ്ടോ? അപ്പോൾ നബി ﷺ പാരായണം ചെയ്തു. ‘അലിഫ് ലാം മീം സ്വാദ്.’ അവർ പിന്നെയും കണക്കു കൂട്ടി. അലിഫ് ഒന്ന്, ലാം മുപ്പത്, മീം നാൽപത്, സ്വാദ് തൊണ്ണൂറ്. ഇപ്പോൾ മൊത്തം മൂല്യം നൂറ്റി അറുപത്തി ഒന്ന് എന്നായല്ലോ? അവർക്ക് കൃത്യത കിട്ടാതെയായി. അവർ ചോദിച്ചു, ‘ഇനി വല്ലതുമുണ്ടോ?’
‘അതെ’.
‘അതെന്താണ് ?’ അപ്പോൾ സൂറത്ത് യൂസുഫിന്റെ തുടക്കം പാരായണം ചെയ്തു. ‘അലിഫ് ലാം റാ’. അവർ പറഞ്ഞു; ‘ഇത് അൽപ്പം കടുപ്പമായല്ലോ? അലിഫ് ഒന്ന്, ലാം മുപ്പത്, റാ ഇരുന്നൂറ്. മൊത്തം ഇരുന്നൂറ്റി മുപ്പത്തി ഒന്നായല്ലോ? ഇനി വല്ലതുമുണ്ടോ?’
‘അതെ’. സൂറതു ‘റഅ്ദ് ‘ -ലെ തുടക്കം പാരായണം ചെയ്തു. ‘അലിഫ് ലാം മീം റാ’.
‘ഇതിപ്പോൾ ഇരുന്നൂറ്റി എഴുപത്തി ഒന്നായല്ലോ? ഞങ്ങൾക്കൊന്നും പിടിത്തം കിട്ടുന്നില്ല’ – അവർ പറഞ്ഞു. അബൂ യാസിറിനോട് ‘ഹുയയ്യ് ബിൻ അഖ്തബ് ‘ പറഞ്ഞു; ‘ഇതൊരു അദ്‌ഭുതം തന്നെയാണ് ! ഈ പറയപ്പെട്ട വർഷങ്ങളത്രെയും മുഹമ്മദ് നബി ﷺ ക്ക് നൽകിയതായിരിക്കുമോ?’
യഥാർഥത്തിൽ ഖുർആനിനെ അവർക്ക് വേണ്ടത് പോലെ മനസ്സിലാകാത്തതു കൊണ്ടാണ്. ഖുർആൻ പ്രപഞ്ചാധിപന്റെ വചനങ്ങളാണെന്ന് അവർക്ക് മനസ്സിലാക്കാനുള്ള അവസരങ്ങൾ കൂടിയായിരുന്നു ഇതെല്ലാം. അറബിയിൽ അവതരിച്ച ഗ്രന്ഥം അറബികൾക്ക് മനസ്സിലാകണമെങ്കിൽ പ്രവാചകൻ ﷺ വിശദീകരിച്ചു നൽകണം. അപ്പോൾ കേവല ഭാഷാജ്ഞാനത്തിനു പുറമെ മുഹമ്മദ് നബി ﷺ ക്ക് ഈ വിവരങ്ങളും വചനങ്ങളും നൽകുന്ന ഒരു ഉറവിടമുണ്ടെന്ന് ബോധ്യമായി. ആ ഉറവിടമാണ് പ്രപഞ്ചാധിപനായ അല്ലാഹു.
ഇബ്നു അബ്ബാസ് (റ)ന്റെ അഭിപ്രായപ്രകാരം ഇക്കാലയളവിൽത്തന്നെയാണ് ‘സൂറതുത്തൗഹീദ്’ അഥവാ ഖുർആനിലെ നൂറ്റിപ്പന്ത്രണ്ടാമത്തെ അധ്യായം അവതരിക്കുന്നത്. ഇമാം ഖതാദ (റ)യും ളഹ്ഹാക്കും (റ) ഈ അധ്യായം മദീനയിലാണ് അവതരിച്ചത് എന്ന അഭിപ്രായക്കാരാണ്. ‘സൂറതുൽ ഇഖ്ലാസ്’ എന്നാണീ അധ്യായത്തിന്റെ പ്രസിദ്ധമായ പേര്. അതിനൊരു പശ്ചാത്തലം കൂടി ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നു. അതിങ്ങനെയാണ്, കഅ്ബ് ബിൻ അൽ അശ്റഫും ഹുയയ്യ് ബിൻ അഖ്തബും അടങ്ങുന്ന ഒരു യഹൂദി സംഘം നബി ﷺ യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു; ‘ഈ ലോകം പടച്ചത് അല്ലാഹു ആണെന്നാണല്ലോ പറയുന്നത്. എന്നാൽ അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ്?’ ഈ ചോദ്യം കേട്ടപ്പോൾ നബി ﷺ യ്ക്ക് കോപം വന്നു. അവിടുത്തെ മുഖം ചുവന്നു തുടുത്തു. ഉടനെ അല്ലാഹു ജിബ്‌രീല്‍ (അ) എന്ന മലക്കിനെ നബി ﷺ യുടെ സവിധത്തിലേക്കയച്ചു. സൂറതുൽ ഇഖ്ലാസ് അവതരിപ്പിച്ചു കൊടുത്തു. ഈ അധ്യായത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “നബിയേ, അവിടുന്ന് പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ല.”
ഇമാം മുജാഹിദ് (റ), അത്വാഅ (റ) എന്നിവരുടെ അഭിപ്രായപ്രകാരം ഈ അധ്യായം മക്കയിലാണ് അവതരിച്ചത്. ഈ അഭിപ്രായപ്രകാരം ‘അല്ലാഹു ആരാണ് ‘ എന്ന് മക്കയിലെ മുശ്‌രിക്കുകൾ പ്രവാചകരോട് ചോദിച്ചപ്പോഴാണ് ഈ അധ്യായം അവതരിച്ചത്. ഒരധ്യായത്തിന്റെ പ്രാഥമിക അവതരണം ഒരിക്കൽ ഉണ്ടാവുകയും അതേ അധ്യായമോ സൂക്തമോ സന്ദർഭാനുസാരം മറ്റൊരു പ്രാവശ്യം പാരായണം ചെയ്യുകയും ഉണ്ടായേക്കാം. അങ്ങനെയാകുമ്പോൾ ഈ അഭിപ്രായ വ്യത്യാസം ആപേക്ഷികമോ വ്യാഖ്യാനപരമോ മാത്രമാണ്.
മദീനയുടെ ആത്മാവ് മുത്ത് നബി ﷺ യുടെ പരിചരണത്തിൽ പരിപോഷിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മദീനയിലേക്കു തിരിയാൻ തുടങ്ങി. അതേസമയം തന്നെ മദീനയുടെ ഭൂപടം മേശപ്പുറത്തു വച്ച് ചിലർ അമ്പും കുന്തവും വരച്ചു നോക്കിക്കൊണ്ടിരുന്നു. ഒരു രാഷ്ട്രീയ ഇടപെടലിന്റെ മേഘക്കീറുകൾ കാണാൻതുടങ്ങി.
