
നബി ﷺ യുടെ പ്രവാചകത്വം അംഗീകരിച്ച ശേഷം അബ്ദുല്ലാഹ് ഇബ്നു സലാം (റ) നബി ﷺ യോട് പറഞ്ഞു : ‘അല്ലാഹുവിന്റെ പ്രവാചകരേ ﷺ, ജൂതന്മാര്‍ വല്ലാതെ കളവ് പറയുന്ന സമൂഹമാണ്. ഞാന്‍ മുസ്‌ലിം ആയിരിക്കുന്നു എന്ന വിവരം അവര്‍ അറിഞ്ഞാല്‍ അവിടുത്തെ സന്നിധിയിൽ വച്ചുകൊണ്ട് അവര്‍ എന്നെക്കുറിച്ച് ആരോപണങ്ങള്‍ പറയും. അങ്ങനെയിരിക്കെ, ജൂതന്മാര്‍ കടന്നു വന്നു. അവരുടെ ദൃഷ്ടിയിൽപ്പെടാതെ അബ്ദുല്ല (റ) വീടിന്റെ അകത്തേക്ക് പ്രവേശിച്ചു. നബി ﷺ ആഗതരോട് ചോദിച്ചു; “അബ്ദുല്ലാഹിബ്‌നു സലാം നിങ്ങളുടെ കൂട്ടത്തിൽ എങ്ങനെയുളയാളാണ്?” അപ്പോള്‍ അവര്‍ പറഞ്ഞു: ”ഞങ്ങളിലെ ഏറ്റവും വലിയ പണ്ഡിതനാണ്. പണ്ഡിതന്റെ മകനാണ്. ഞങ്ങളില്‍ ഏറ്റവും നല്ലവനാണ്. ഏറ്റവും നല്ലവന്റെ മകനാണ്.” അപ്പോള്‍ നബി ﷺ ചോദിച്ചു: ”അബ്ദുല്ല ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?” അവര്‍ പറഞ്ഞു: ”അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും കാത്തു രക്ഷിക്കട്ടെ!” ഈ സന്ദര്‍ഭത്തില്‍ അബ്ദുല്ല (റ) അവരുടെ മുന്നിലേക്കിറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: ”അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.” ഇത് കേട്ടമാത്രയില്‍ അവര്‍ ഒന്നടങ്കം പറഞ്ഞു: ”അബ്ദുല്ലാഹിബ്‌നു സലാം ഞങ്ങളില്‍ ഏറ്റവും മോശക്കാരനാണ്. ഏറ്റവും മോശക്കാരന്റെ മകനാണ്.” തുടങ്ങി അവര്‍ അദ്ദേഹത്തെക്കുറിച്ച് പല ആരോപണങ്ങളും പറയാന്‍ തുടങ്ങി. ഇമാം ബുഖാരി (റ) തന്നെ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട് ‘.
ഇദ്ദേഹത്തിന്റെ മഹത്വം പറയുന്ന ഒരു പ്രസ്താവന ബുഖാരി (റ)യും മുസ്‌ലിമും (റ) ഉദ്ധരിച്ചതിപ്രകാരമാണ്. സഅ്ദ് (റ) പറയുന്നു: ”ജീവനോടുകൂടി ഭൂമിയിലൂടെ നടക്കുന്ന ഒരാളെ സംബന്ധിച്ച്, അദ്ദേഹം സ്വര്‍ഗത്തിലാണെന്ന് അബ്ദുല്ലാഹിബ്‌നു സലാമിനെക്കുറിച്ചല്ലാതെ നബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല.”
മദീനയിലേക്കുള്ള ആഗമനത്തിൻ്റെ ആദ്യനാളുകളിലുണ്ടായ മറ്റൊരു സംഭവമാണ് റൂമാ കിണറുമായി ബന്ധപ്പെട്ടത്. മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് രുചികരമായ വെള്ളം കുടിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അഭയമായി അവര്‍ക്കുണ്ടായിരുന്നത്. അങ്ങനെ നബി ﷺ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ”ആരാണ് ജൂതനില്‍ നിന്നും റൂമാ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്ക് ദാനം ചെയ്യുന്നത് , അവന് സ്വര്‍ഗമുണ്ട്.” അത് കേട്ടപ്പോള്‍ ഉസ്മാന്‍ (റ) അതിനു വേണ്ടി തയ്യാറാവുകയും തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച് പരാമർശിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൻ്റെ ആശയം ഇപ്രകാരമാണ് : ഉസ്മാന്‍(റ) നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു: ”വല്ലവനും റൂമാ കിണര്‍ കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്.” ഉസ്മാന്‍ (റ) പറയുന്നു: ”അങ്ങനെ ഞാനാണത് കുഴിച്ചത്.” ഈ ഹദീസിൽ കുഴിച്ചാൽ എന്ന് പ്രയോഗിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിംകൾക്ക് ഉടമപ്പെടുത്തിയാൽ എന്നേ താത്പ്പര്യമുള്ളൂ.
ഇക്കാലയളവിലുണ്ടായ മറ്റൊരു സംഭവമാണ് നിസ്ക്കാരത്തിലെ റക്അത്തുകളുടെ പുനർനിർണയം. ഇത് സംബന്ധമായ ഒരു ഹദീസ് ഇമാം അഹ്മദ് ഉദ്ധരിക്കുന്നതിപ്രകാരമാണ്. “മുഹമ്മദ് നബി ﷺ മിഅ്‌റാജ് പോയ സന്ദര്‍ഭത്തില്‍ നിര്‍ബന്ധമാക്കപ്പെട്ട അഞ്ചുനേരത്തെ നിസ്‌ക്കാരം രണ്ട് റക്അത്ത് വീതമായിരുന്നു. മഗ്‌രിബ് മാത്രമാണ് മൂന്ന് റക്അത്ത് ഉണ്ടായിരുന്നത്. മദീനയിലെത്തിയതിനു ശേഷം സ്വുബ്ഹി അല്ലാത്ത മറ്റെല്ലാ നിസ്‌ക്കാരങ്ങളും രണ്ടില്‍ നിന്ന് നാലായി വര്‍ധിപ്പിച്ചു. മഗ്‌രിബ് മാത്രം മൂന്ന് റക്അത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നാല് റക്അത്തായി നിശ്ചയിക്കപ്പെട്ട ഈ നിസ്‌ക്കാരങ്ങള്‍ യാത്രക്കാര്‍ക്ക് രണ്ട് റക്അത്തായി നിര്‍വഹിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു.
