
മദീനയിൽ പ്രബോധനത്തിന്റെ ഭൂമിക ഭദ്രമായി. ശ്രദ്ധേയമായ ഒരു ജനപഥം സാമൂഹിക നിർമിതിയുടെ പുതിയ ഭാവത്തെ ലോകത്തിനു മുന്നിൽ കാഴ്ചവെച്ചു.
ശേഷം, മദീന തലസ്ഥാനമായ മുന്നേറ്റത്തിന്റെ നാളുകളെ കുറിച്ചാണ് നമുക്ക് വായിക്കാനുള്ളത്. അതിന് മുമ്പ് മദീനയിലെ ആദ്യനാളുകളിൽ ഉണ്ടായ ശ്രദ്ധേയമായ ചില സംഭവങ്ങൾ നമുക്ക് ഓർത്തെടുക്കാം. അബ്ദുല്ലാഹിബ്നു സലാമിന്റെ ഇസ്‌ലാമാശ്ലേഷമാണ് അതിൽ ഒന്നാമത്തേത്.
ജൂത പണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം. നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണ് എന്ന് അബ്ദുല്ലാഹിബ്‌നു സലാമിന് ബോധ്യപ്പെടുന്ന തെളിവുകൾ ലഭിച്ചു. അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അനസ്(റ) പറയുന്നു: നബി ﷺ മദീനയില്‍ എത്തിയ വിവരം അബ്ദുല്ലാഹിബ്‌നു സലാം അറിഞ്ഞപ്പോള്‍ അദ്ദേഹം അവിടുത്തെ സന്നിധിയിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു: ”ഞാന്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നു. ഒരു നബിക്കല്ലാതെ അതിന്റെ ഉത്തരങ്ങള്‍ അറിയുകയില്ല.” തുടർന്നദ്ദേഹം ചോദിച്ചു: ”അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം എന്താണ്? സ്വര്‍ഗവാസികൾ ആദ്യമായി കഴിക്കുന്ന ഭക്ഷണം എന്താണ്? ഒരു കുഞ്ഞിന് ഉമ്മയോടും ഉപ്പയോടും സാദൃശ്യം ഉണ്ടാകുന്നത് എങ്ങനെയാണ്?” അപ്പോള്‍ നബി ﷺ പറഞ്ഞു: ”ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുറച്ചു മുമ്പ് ജിബ്‌രീല്‍(അ) എന്നെ അറിയിച്ചു.” അപ്പോള്‍ അബ്ദുല്ല പറഞ്ഞു: ”ജിബ്‌രീല്‍(അ) മലക്കുകളുടെ കൂട്ടത്തില്‍ ജൂതന്മാരുടെ ശത്രുവാണ്.” നബി ﷺ പറഞ്ഞു: ”അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു അഗ്നിയാണ്. സ്വര്‍ഗക്കാരുടെ ഒന്നാമത്തെ ഭക്ഷണം മത്സ്യത്തിന്റെ കരളാണ്. ഒരു കുഞ്ഞിന് പുരുഷനോട് സാദൃശ്യം ഉണ്ടാകുവാന്‍ കാരണം പുരുഷന്റെ സ്രവം സ്ത്രീയുടേതിനേക്കാൾ അതിജയിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീയുടെ സ്രവം അതിജയിച്ചാല്‍ കുഞ്ഞിന്റെ സാദൃശ്യം ഉമ്മയോടായിരിക്കും.” ഇത് കേട്ട മാത്രയില്‍ അബ്ദുല്ലാഹിബ്‌നു സലാം പറഞ്ഞു: ”അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”
പല നിവേദകന്മാർ ഉദ്ദരിച്ച നിവേദനങ്ങളുടെ ഒരു സംക്ഷിപ്തം ഇങ്ങനെ കൂടി വായിക്കാം. അബ്ദുല്ലാഹിബ്നു സലാം എന്നവർ പറയുന്നു. നബി ﷺ മദീനയിലെത്തിയതായി ഞാനറിഞ്ഞു. അവിടുത്തെ പേരും ലക്ഷണങ്ങളും കാലവുമൊക്കെ ഞാൻ വിലയിരുത്തി. പ്രവാചകൻ ﷺ ഖുബായിലെത്തിയപ്പോൾ ഒരാൾ വന്നു പ്രവാചകരുടെ ആഗമന വാർത്ത പറഞ്ഞു. അപ്പോൾ ഞാൻ ഈത്തപ്പനയുടെ മുകളിൽ കയറി ജോലിയിൽ നിൽക്കുകയായിരുന്നു. എന്റെ അമ്മായി ഖാലിദ: ബിൻത് ഹാരിസ് താഴെ ഇരിക്കുന്നുണ്ടായിരുന്നു. പ്രവാചകരുടെ ആഗമന വാർത്ത കേട്ടതും ഞാൻ തക്ബീർ ചൊല്ലി. അപ്പോൾ അമ്മായി പറഞ്ഞു. മൂസാ നബി(അ) വന്നതായി കേട്ടത് പോലെയുണ്ടല്ലോ തക്ബീർ കേട്ടിട്ട്. അപ്പോൾ ഞാൻ പറഞ്ഞു, അല്ലാഹു സത്യം! ഈ വന്നത് മൂസാനബി(അ)യുടെ സഹോദരനാണ്. മൂസാനബി(അ)യുടെ ആദർശത്തിൽ വിശ്വസിക്കുന്ന പ്രവാചകനാണ്. മൂസാനബി(അ)യെ നിയോഗിച്ച അതേ ദൗത്യവുമായിട്ടാണ് ഈ പ്രവാചകനേയും നിയോഗിച്ചിട്ടുള്ളത്. അപ്പോൾ അമ്മായി ചോദിച്ചു. അന്ത്യനാളിനോടടുത്ത് നിയോഗിപ്പെടും എന്ന് നാം പറയാറുള്ള നബിയാണോ ഇത്? ഞാൻ പറഞ്ഞു, അതെ. അമ്മായി ഉടനെ പറഞ്ഞു. അത് ശരി, ആ പ്രവാചകനാണ് ഇത് അല്ലേ!
ശേഷം, ഞാൻ നബി ﷺ യുടെ അടുത്തേക്ക് ചെന്നു. ഞാനവിടുത്തെ മുഖമൊന്നു നിരീക്ഷിച്ചു. ഇതൊരു വ്യാജവാദത്തിന്റെ ഉടമയുടെ മുഖമല്ലെന്ന് അപ്പോഴെനിക്ക് ബോധ്യമായി. അവിടുത്തെ തിരുമൊഴിയിൽനിന്ന് ആദ്യമായി ഞാൻ കേട്ട വചനങ്ങൾ ഇതായിരുന്നു. “സമാധാനത്തിന്റെ അഭിവാദ്യം വ്യാപിപ്പിക്കുക, ആളുകളെ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധങ്ങൾ ചേർക്കുക, രാത്രിയിൽ ജനങ്ങൾ ഉറങ്ങുന്ന നേരത്ത് നിസ്കരിക്കുക എന്നാൽ ശാന്തമായി സ്വർഗ്ഗത്തിൽ പ്രവേശിക്കാം.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
