
മദീനയിൽ പള്ളി നിർമാണത്തിന് ശേഷം നടന്ന സുപ്രധാനമായ ഇടപെടൽ സാഹോദര്യ സംസ്ഥാപനമായിരുന്നു. ലോകചരിത്രത്തിൽത്തന്നെ വേറിട്ടതും തുല്യതയില്ലാത്തതുമായ ഒരു സംഭവമായിരുന്നു ഇത്. കുടുംബ – വൈവാഹിക ബന്ധങ്ങൾക്കെല്ലാം ഉപരിയായി , ആദർശ സാഹോദര്യം സ്ഥാപിക്കുക എന്ന മനോഹരമായ ഒരു ദൗത്യം. മക്കയിൽ നിന്ന് വന്ന മുഹാജിറുകൾക്കും മദീനയിലവരെ സ്വീകരിച്ച അൻസ്വാരികൾക്കുമിടയിലായിരുന്നു ഈ ബന്ധം രൂപപ്പെടുത്തിയത്.
നേരത്തെത്തന്നെ സ്വഹാബികൾക്കിടയിൽ ആദർശത്തിന്റെ പേരിൽ ഗാഢമായ ബന്ധമുള്ള ജോഡികൾ ഉണ്ടായിരുന്നു. അബൂബക്കർ (റ)-ഉമർ (റ);
സൈദു ബിൻഹാരിസ (റ)- ഹംസ(റ);
ഉസ്മാൻ (റ)- അബ്ദുറഹ്മാൻ ബിൻ ഔഫ് (റ);
സുബൈർ ബിൻ അവ്വാം (റ)- ഇബ്നുമസ്ഊദ് (റ);
ഉബൈദത് ബിൻഅൽഹാരിസ് (റ)-ബിലാൽ (റ);
മിസ്അബ് ബിൻ ഉമൈർ (റ)-സഅദ് ബിൻഅബീ വഖാസ് (റ);
ഉബൈദ (റ)-സാലിം (റ); സഅ്ദ് ബിൻ അബീ സൈദ് (റ) – ത്വൽഹത് ബിൻ ഉബൈദില്ലാഹ് (റ) എന്നിവർ ഉദാഹരണങ്ങളാണ്.
എന്നാൽ മദീനയിൽ രൂപപ്പെടുത്തിയ സാഹോദര്യത്തിന് പുതിയ മാനങ്ങൾക്കൂടിയുണ്ടായിരുന്നു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി സർവതും വിട്ടെറിഞ്ഞുവന്നവരെ സർവസ്വവും നൽകി ഏറ്റെടുക്കുക എന്നതായിരുന്നു ഇപ്പോഴത്തെ സാഹോദര്യത്തിൻ്റെ പൊരുൾ. സൂറതുന്നിസാഇലെ മുപ്പത്തിമൂന്നാം സൂക്തം സൂചിപ്പിക്കുന്നത് പോലെ കുടുംബബന്ധമോ വിവാഹബന്ധമോ ഇല്ലാതെത്തന്നെ സ്വത്തവകാശം കൂടി അവർക്ക് വകവെ ച്ചു നൽകി. ഈ സ്വത്തവകാശ നിയമം തൗറാതിന്റെ വീക്ഷണപ്രകാരം കുറച്ചുകാലം കൂടി തുടർന്നു. അപ്പോഴേക്കും മുഹാജിറുകൾ സ്വയംപര്യാപ്തരായി. തുടർന്നു സൂറതുൽ അൻഫാലിലെ എഴുപത്തിയഞ്ചാം സൂക്തപ്രകാരം അനന്തരാവകാശനിയമം പുനർനിർണയിക്കപ്പെട്ടു.
അനസ് ബിൻ മാലിക് (റ)ന്റെ വീട്ടിൽ വച്ച് നബി ﷺ സാഹോദര്യ സംസ്ഥാപനത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. അപ്രകാരം സാഹോദര്യനിർണയം നടത്തപ്പെട്ട ചില ജോഡികളെ ഇങ്ങനെ വായിക്കാം : –
അബൂബക്കർ (റ)-ഖാരിജത് ബിൻ സുഹൈർ (റ);
ഉമർ ബിൻ അൽ ഖത്വാബ് (റ)-ഇത്ബാൻ ബിന് മാലിക് (റ);
അബൂ ഉബൈദ ആമിർ ബിൻ അൽ ജർറാഹ് (റ) – സഅ്ദ് ബിൻ മുആദ് (റ);
സുബൈർ ബിൻ അൽ അവ്വാം (റ)-സലാമത്ബിൻ സലാമ: (റ);
ത്വൽഹത് ബിൻ ഉബൈദില്ലാഹ് (റ)-കഅ്ബ് ബിൻ മാലിക് (റ);
മിസ്അബ് ബിൻ ഉമൈർ (റ)-അബൂഅയ്യൂബ് ഖാലിദ്ബിൻ സൈദ് (റ). ഇപ്രകാരം തൊണ്ണൂറ് പേരുടെ ലിസ്റ്റ് സീറാ ഗ്രന്ഥങ്ങളിൽക്കാണാവുന്നതാണ്.
സാഹോദര്യം സ്ഥാപിച്ചവരുടെ ഇടയിൽ യാതൊരു വിവേചനത്തിനും പ്രസക്തിയുണ്ടായിരുന്നില്ല. കറുത്തവർ, വെളുത്തവർ, സമ്പന്നർ, ദരിദ്രർ, കുലീനർ, പാവപ്പെട്ടവർ എന്നിങ്ങനെയുള്ള എല്ലാ മാനദണ്ഡങ്ങൾക്കും അതീതമായിട്ടായിരുന്നു സാഹോദര്യം സ്ഥാപിച്ചത്. അതുപ്രകാരം മക്കയിൽ നിന്നു വന്ന ഒരു കറുത്തയാൾ മദീനയിലെ വെളുത്തയാളുടെ സഹോദരനായി. അങ്ങനെയങ്ങനെ എല്ലാ വേർതിരിവുകളെയും പ്രായോഗികതലത്തിൽ നിഷ്പ്രഭമാക്കി. ഇങ്ങനെ നോക്കുമ്പോൾ | ‘ലോക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മാനവികവിപ്ലവം’ – അതായിരുന്നു മദീനയിൽ ആരംഭിച്ചത്.
കേവലം ആലങ്കാരികമോ ഔപചാരികമോ ആയിരുന്നില്ല ഈ കൊള്ളലും കൊടുക്കലും. ഉള്ളറിഞ്ഞ് ഏറ്റെടുക്കുകയും ഹൃദയമറിഞ്ഞ് അലിഞ്ഞു ചേരുകയുമായിരുന്നു. ഒരുദാഹരണം ഇങ്ങനെ വായിക്കാം : “സഹോദര്യ സംസ്ഥാപനപ്രകാരം അബ്ദുറഹിമാൻ ബിൻ ഔഫി (റ)നെ ലഭിച്ചത് സഅ്ദ് ബിൻ റബീഇ (റ)നായിരുന്നു. സഅ്ദ് (റ) ഇബ്ൻ ഔഫി (റ)നോട് പറഞ്ഞു; ‘എന്റെ ആസ്തിയുടെ പകുതിയും നിങ്ങൾക്ക് ഞാൻ നൽകുന്നു. എന്റെ ഭാര്യമാരിൽ നിങ്ങൾക്കിഷ്ടമുള്ളയാളെ ഞാൻ മോചിപ്പിച്ച് നിങ്ങൾക്ക് വിവാഹം ചെയ്തു തരാം’. ഇബ്നു ഔഫ് (റ) മറുപടി പറഞ്ഞു : ‘ഞാൻ നിങ്ങളുടെ വിശാലമനസ്സിനെ മാനിക്കുന്നു. എന്നാൽ, എനിക്കൊരഭ്യർഥനയുണ്ട്. തത്‌ക്കാലം നിങ്ങളുടെ സ്വത്തിന്റെ വിഹിതവും വിവാഹനിർണയവുമൊന്നും വേണ്ട. എനിക്ക് മാർക്കറ്റിലേക്കുള്ള വഴി കാണിച്ചു തന്നാൽ മതി. ഞാൻ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു’.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
