
നബി ﷺ മദീനയിൽ എത്തിയ ഉടനെ നിർവ്വഹിച്ച ശ്രദ്ദേയമായ കാര്യങ്ങളിൽ ഒന്നാണ് അവിടുത്തെ ആദ്യത്തെ ജുമുഅ: നബി ﷺ മദീനയിൽ എത്തുന്നതിന് മുമ്പ് തന്നെ നബി ﷺ യുടെ നിർദേശ പ്രകാരം ജുമുഅ നടന്നിരുന്നു. മക്കയിൽ അന്ന് ജുമുഅ നിർവഹിക്കാവുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഈ വിഷയികമായി നബി ﷺ മിസ്അബ് ബിൻ ഉമൈർ(റ)ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഒരഭിപ്രായം. അത് പ്രകാരം നാല് റകഅതുള്ള ളുഹ്റ് നിസ്കാരത്തിന് പകരം രണ്ട് റകഅത് നിസ്കാരവും ഖുതുബയും നിർവഹിക്കാൻ ആ കത്തിൽ തന്നെ അറിയിച്ചിരുന്നു.
എന്നാൽ സ്വഹാബികളുടെ ഗവേഷണാടിസ്ഥാനത്തിലാണെന്നാണ് മറ്റൊരഭിപ്രായം. മുഹമ്മദ് ബിൻ സീരീൻ(റ) എന്നവർ നിവേദനം ചെയ്യുന്നു. നബി ﷺ മദീനയിൽ എത്തുന്നതിന് മുമ്പ് തന്നെ മദീനയിൽ ജുമുഅ നിർവഹിച്ചു. അൻസ്വാറുകൾ പറഞ്ഞു. യഹൂദന്മാർക്ക് ഏഴു ദിവസത്തിലൊരിക്കൽ ഒത്തു കൂടാൻ സവിശേഷമായ ഒരു ദിവസവുണ്ട്. നസ്രാണികൾക്കും ആഴ്ചയിൽ പ്രത്യേകം ഒരുമിച്ചു കൂടി പ്രാർത്ഥിക്കുന്ന ഒരു ദിവസമുണ്ട്. വരൂ നമുക്കും ഒരു ദിവസം നിർണയിച്ച് പ്രത്യേക പ്രാർത്ഥന നടത്തി അല്ലാഹുവിനോട് സാമീപ്യം നേടിയെടുക്കാം. അങ്ങനെ അവർ അറൂബ ദിവസം അഥവാ വെള്ളിയാഴ്ച ഒരുമിച്ചു കൂടി ജുമുഅ നിർവഹിച്ചു. ആദ്യമായി ജുമുഅ നടപ്പിലാക്കിയ ആൾ എന്ന വിലാസം അസ്അദ് ബിൻ സുറാറ(റ) എന്ന സ്വഹാബിക്കാണുള്ളത്. അൽബയാള പ്രവിശ്യയിൽ നാല്പത് പേരെ ഒരുമിച്ചു കൂട്ടി മിസ്അബ് ബിൻ ഉമൈറി(റ)ൻ്റെ നേതൃത്വത്തിലായിരുന്നു പ്രസ്തുത ജുമുഅ:. അതിന് ശേഷമാണ് സൂറതുൽ ജുമുഅയിലെ ഒൻപതാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെയാണ് “വെള്ളിയാഴ്ച്ച ദിവസം നിസ്കാരത്തിലേക്ക് ക്ഷണിക്കപ്പെട്ടാൽ അല്ലാഹുവിന്റെ സ്മരണയിലേക്ക് അഥവാ ഖുത്ബയിലേക്ക് വേഗം നിങ്ങൾ എത്തിച്ചേരുക.”
അബ്ദുറഹ്മാനുബിനു കഅബ് ബിൻ മാലിക് (റ) പറയുന്നു. വെള്ളിയാഴ്ച ജുമുഅയുടെ വാങ്ക് കേട്ടാൽ എന്റെ ഉപ്പ അസ്അദ് ബിൻ സുറാറ(റ) എന്നവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു. കാഴ്ചയില്ലാത്തപ്പോഴും മുടങ്ങാതെ നിർവഹിക്കുന്ന ഈ പ്രാർത്ഥനയെ കുറിച്ച് ഞാൻ ഉപ്പയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു മദീനയിൽ ആദ്യമായി ജുമുഅ നടപ്പിലാക്കിയത് അദ്ദേഹമായിരുന്നു. അതിനാലാണ് ഞാനദ്ദേഹത്തിന് ദുആ ചെയ്തുകൊണ്ടിരിക്കുന്നത്.
നബി ﷺ മദീനയിൽ എത്തിയതിനുശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച റാനൂനാ താഴ്‌വരയിലെ സാലിം ബിൻ ഔഫിന്റെ വാസസ്ഥലത്ത് ജുമുഅ നിസ്കരിച്ചു. നൂറു അനുയായികളായിരുന്നു ഒപ്പം നിസ്കരിക്കാനുണ്ടായിരുന്നത്. പ്രസ്തുത ജുമുഅയിൽ നബി ﷺ നിർവഹിച്ച ഖുതുബയുടെ സാരം ഇങ്ങനെയാണ്. “(അല്ലാഹുവിനെ സ്തുതിച്ച ശേഷം) ഓ ജനങ്ങളേ! പ്രഥമമായി നിങ്ങള്‍ സംരക്ഷിക്കേണ്ടത് നിങ്ങളെത്തന്നെയാണ്. നിങ്ങളിലൊരാള്‍ മരിച്ചു ചെന്നാല്‍ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുകയാണ്. ഒരു ഇടനിലക്കാരനെയോ മൊഴിമാറ്റക്കാരനെയോ അവിടെ ആവശ്യമായി വരുന്നില്ല. അല്ലാഹു ചോദിക്കും. എന്റെ ദൂതന്‍ നിന്റെയടുക്കല്‍ വന്നിരുന്നില്ലയോ? വളരെ കൂടുതലായിട്ടു തന്നെ ധനം നല്‍കിയിട്ടില്ലായിരുന്നോ? പകരം എന്താണ് സന്നിധിയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്? ആ മനുഷ്യന്‍ വലത്തോട്ട് തിരിയും. പിന്നെ, ഇടത്തോട്ട് തിരിയും. സഹായിയായി ഒരാളെയും അവനവിടെ കാണുകയില്ല. തൊട്ടുമുമ്പില്‍ അവന്‍ കാണുന്നത് നരകമാണ്. ആ നരകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും രക്ഷ തേടണമെന്നുണ്ടെങ്കില്‍ അവന്‍ സ്വയമത് ചെയ്യട്ടെ, ഒരു കാരക്കച്ചുളയുടെ ചീന്ത് ദാനം ചെയ്തിട്ടെങ്കിലും. ഇനി ദാനം നല്‍കാനായി ഒരാളുടെ കൈയില്‍ ഒന്നുമില്ലെങ്കില്‍ അയാള്‍ നല്ല വാക്കുകള്‍ പറയട്ടെ. കാരണം ഓരോ സദ്പ്രവൃത്തിക്കും അത് അര്‍ഹിക്കുന്നതിലും എത്രയോ അധികമായി പത്ത് മുതല്‍ എഴുനൂറ് ഇരട്ടി പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
