
പലായനം മദീനയിലെത്തി. മുത്ത് നബി ﷺ യും നേരത്തെ എത്തിയ മുഹാജിറുകളും മദീനാ നിവാസികളുടെ ആതിഥ്യത്തിൽ സന്തോഷപൂർവം മദീനയിൽ താമസിച്ചു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ദേശാടനത്തെ സംബന്ധിച്ച ചില വിചാരങ്ങൾ ഇവിടെ വായിക്കാം. നബി ﷺ രഹസ്യമായി മക്കയിൽ നിന്ന് പുറപ്പെടുകയും ഉമർ (റ) പരസ്യമായി യാത്ര ചെയ്യുകയും ചെയ്തതെന്തു കൊണ്ട് എന്നൊരു ചോദ്യമുണ്ട്. നബി ﷺ പരസ്യമായി വന്നാൽ മക്കയിൽ സംഭവിക്കാവുന്ന ഒരു രക്തച്ചൊരിച്ചിലും സംഘട്ടനവും ഒഴിവാക്കൽ അവിടുത്തെ ഒരു താത്പ്പര്യമായിരുന്നു. എന്നാൽ മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രയാണം ഒരു ദൗത്യത്തിനായുള്ള ഒരുക്കമാണെന്നും ഭീരുത്വപരമായ ഒരു ഒളിച്ചോട്ടമല്ലെന്നും ബോധ്യപ്പെടുത്താനായിരുന്നു ഉമർ (റ) ന്റെ പരസ്യപ്രയാണം.
മുൻകാല പ്രവാചകന്മാരുടെ പ്രബോധന വഴികളിലും പലായനങ്ങൾ നടന്നിട്ടുണ്ട്. ഇബ്രാഹീം (അ), ഇസ്മാഈൽ (അ), മൂസാ (അ) പ്രവാചകന്മാരുടെ പലായനങ്ങൾ അവരുടെ ദൗത്യ നിർവഹണ യാത്രയിലെ വഴിഞ്ഞിരിവായിരുന്നു. അങ്ങനെ നോക്കുമ്പോൾ പ്രവാചക നിയോഗത്തിന്റെ ഒരു ഘട്ടത്തിലെ ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു ഹിജ്റ. ഏകാഗ്രധ്യാനം അഥവാ, ഹിറാഗുഹയിലെ വാസം, പരസ്യപ്രഖ്യാപനം, സമർപ്പണത്തിലൂടെയുള്ള സഹനങ്ങൾ, രൂപപ്പെടുത്തിയെടുത്ത സംഘബോധം എന്നിവയെത്തുടർന്നുള്ള ഒരു പ്രബോധന ഘട്ടമാണ് ഹിജ്‌റ അഥവാ പലായനം എന്ന് വേണമെങ്കിൽ വിലയിരുത്താം.
വധൂഗൃഹത്തിൽ നിന്ന് വിവാഹം ചെയ്തയച്ച കന്യക പുതിയ ഭവനത്തിൽ വന്ന് ജീവിത വികാസത്തിന്റെ പുതിയ ഘട്ടങ്ങളെ രൂപപ്പെടുത്തുന്നതിനോട് പലായനത്തെ ഉപമിച്ചവരുണ്ട്.
ആദർശമുന്നേറ്റത്തിന്റെ അതിജീവനമായിട്ടാണ് ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവി (റ) ഹിജ്റയെ അവതിരിപ്പിച്ചത്.
മദീനയെ മാത്രമല്ല ലോകത്തിന്റെ ഗതിയെത്തന്നെ മാറ്റാനുള്ള ദേശാടനമായിരുന്നു ഹിജ്റ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തി. ലോകത്ത് എല്ലാ മേഖലകളിലും അന്നുവരെയുണ്ടായിരുന്ന സമ്പ്രദായങ്ങളെ മുഴുവൻ മാറ്റിപ്പണിയാനോ നവീകരിക്കാനോ ഉള്ള ചുവടുകളായിരുന്നു ഹിജ്റയിലൂടെ മുന്നോട്ട് വച്ചത്.
മക്കയിൽ പ്രതിസന്ധി നേരിട്ട ഇസ്‌ലാം മദീനയിൽ ഒരു സംഗീതം പോലെ എങ്ങനെ സ്വാധീനിച്ചു എന്നൊരു ചോദ്യമുണ്ട്. സാമൂഹികവും നരവംശ ശാസ്ത്രപരവുമായ വ്യത്യാസങ്ങളാണ് പണ്ഡിതന്മാർ നിരീക്ഷിച്ചത്. മക്ക ആഢ്യത്വമുള്ളവരുടേയും കച്ചവടക്കാരുടേയും പ്രദേശമാണ്. എന്നാൽ മദീന കർഷകരുടേയും വിനയാന്വിതരുടേയും ദേശമാണ്. ഈ വ്യത്യാസങ്ങൾ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ദൃശ്യമായിരുന്നു. അബൂജഹൽ, ഉത്ബ:, ശൈബ: തുടങ്ങിയവർക്ക് സമാനരായ ഒരാളെപ്പോലും മദീനയുടെ ഭൂമികയിൽ നിന്ന് ചരിത്രം പരിയപ്പെടുത്തിയിട്ടില്ല. ഇന്നും മക്കയിലെയും മദീനയിലെയും അടിസ്ഥാന നിവാസികളുടെ സ്വഭാവസമീപനങ്ങളിൽ ഈ വ്യത്യാസം കാണാവുന്നതാണ്. നേതൃപരമായ ഗുണങ്ങളിൽ മദീന നിവാസികളെക്കാൾ മുമ്പിൽ മക്കക്കാരായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ നബി ﷺ ക്ക് ശേഷം ഖലീഫമാരായി തെരഞ്ഞെടുക്കപ്പെട്ടവർ നാലു പേരും മക്കക്കാരായിരുന്നു. പിന്നീട് വന്ന മുആവിയ (റ) യും മക്കക്കാരൻ തന്നെയായിരുന്നു.
ഇനിയങ്ങോട്ടുള്ള നബിചരിത്ര വായന മദീനയുടെ മണ്ണും മനസ്സും ചേർത്ത് വച്ചു കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ. മദീനയുടെ വിണ്ണും മണ്ണും അന്ത്യപ്രവാചകരു ﷺ ടെ കർമഭൂമിയും ഒടുവിൽ അവിടുത്തെ വിശ്രമസ്ഥലിയുമായി നേരത്തേ നിശ്ചയിക്കപ്പെട്ടതായിരുന്നു. ആ പ്രകാശനഗരത്തെ അഭിധേയം കൊണ്ടും ആഴ്ന്ന് നിൽക്കുന്ന മൂല്യങ്ങളെ അടുത്തറിഞ്ഞുകൊണ്ടും വായിച്ചിട്ടേ ഈ വിജ്ഞാന സഞ്ചാരത്തിന് മുന്നോട്ട് പോകാനാവൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
