
മദീനയുടെ മഹത്വമറിഞ്ഞു കൊണ്ട് മദീനയിലെ സഞ്ചാരം നമുക്കാരംഭിക്കാം. യസ്‌രിബ് എന്നായിരുന്നു ഈ പ്രദേശത്തിന്റെ പഴയ പേര്. നൂഹ് നബി (അ)യുടെ സന്താന പരമ്പരയിൽപ്പെട്ട യസ്‌രിബ് എന്ന വ്യക്തിയാണ് ഈ ദേശത്തിന് അടിത്തറപാകിയത്. അതിൽ നിന്നാണ് അങ്ങനെയൊരു നാമം നിലവിൽ വന്നത്. നബിﷺയാണ് പട്ടണം എന്നർഥമുള്ള മദീന എന്ന് നാമകരണം ചെയ്തത്. അബൂഹുറൈറ (റ)വിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. “നബി ﷺ അരുളി: എല്ലാ നാടുകളേയും തിന്നുന്ന (കീഴടക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ്‌രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജനങ്ങളെ പുറത്തുകളയും”.
നബി ﷺ യുടെ ആഗമനത്തോടെ ‘മദീനതുർറസൂൽ’ അഥവാ അല്ലാഹുവിന്റെ ദൂതരു ﷺ ടെ പട്ടണം എന്ന പേരിലേക്ക് മാറി. അല്ലാഹു മക്കയെ സുരക്ഷിതവും പവിത്രവുമാക്കിയതുപോലെ മദീനയേയും സുരക്ഷിതവും പവിത്രവുമാക്കി. ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി ﷺ പറഞ്ഞു: “ഇബ്‌റാഹീം(അ) മക്കയെ ഹറമാക്കി അഥവാ, പവിത്രമാക്കി മാറ്റി. ഞാന്‍ മദീനയേയും ഹറമാക്കി മാറ്റി”. അല്ലാഹു നൽകിയ മഹത്വത്തെ പ്രവാചകന്മാർ പ്രഖ്യാപിച്ചു. അബൂ ഹുമൈദ് (റ) പറയുന്നു: “നബി(സ)യുടെ കൂടെ തബൂക്കില്‍ നിന്നും മടങ്ങവെ, മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി ﷺ അരുളി: ഇതു ത്വയ്ബ (പവിത്ര ഭൂമി)യാണ്.(ബുഖാരി)
സുഫ്‌യാന്‍ (റ) പറയുന്നു: “നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങൾ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരെയും അവരെ അനുസരിക്കുന്നവരെയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങൾ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരെയും കൂട്ടി മദീന വിട്ടുപോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരെയും കൂട്ടി മദീന ഉപേക്ഷിക്കും. അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ മദീനയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം “. (ബുഖാരി)
ജാബിര്‍ (റ)വിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. “ഒരു ഗ്രാമീണന്‍ വന്ന് ഇസ്‌ലാമനുസരിച്ച് ജീവിച്ചുകൊള്ളാമെന്ന് നബി ﷺ യോട് ഉടമ്പടി ചെയ്തു. അടുത്ത ദിവസം അയാൾക്ക് പനി ബാധിച്ചു. അയാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നു പറഞ്ഞു: “എന്റെ ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുവാന്‍ എന്നെ അനുവദിച്ചാലും “. മൂന്നു പ്രാവശ്യം അതാവർത്തിച്ചു. നബി ﷺ വിസമ്മതിക്കുകയും ചെയ്തു. “അവിടുന്നരുളി. ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ് മദീന. തീയ്യതിനെ അത് പുറത്താക്കുകയും നല്ലതിനെ പിടിച്ചു നിര്‍ത്തുകയും ചെയ്യും”.
ഇമാം ബുഖാരി (റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം ; സൈദ്ബ്നു സാബിത്(റ) പറയുന്നു: “നബി ﷺ ഉഹുദ് യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അവിടുത്തെ ചില അനുചരന്മാര്‍ മടങ്ങിപ്പോന്നു. അപ്പോള്‍ ഒരു വിഭാഗം പറഞ്ഞു, ‘നമുക്ക് അവരോട് യുദ്ധം ചെയ്യണം’. മറ്റൊരു വിഭാഗം പറഞ്ഞു, ‘അവരോട് യുദ്ധം ചെയ്യേണ്ടതില്ല’. അപ്പോള്‍ സൂറത്ത് നിസാഇലെ എൺപത്തിയെട്ടാം സൂക്തം അവതരിച്ചു. നബി ﷺ പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ “.
വിശ്വാസിയുടെ തലസ്ഥാനമായി മദീനയെ പരിചയപ്പെടുത്തുന്ന പ്രസിദ്ധമായ ഹദീസ് വചനത്തിൻ്റെ ആശയം ഇപ്രകാരമാണ് : “അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. നിശ്ചയം ഈമാന്‍ (വിശ്വാസം) ഒരു കാലത്തു മദീനയിൽ അഭയം തേടും. സര്‍പ്പം അതിന്റെ മാളത്തിൽ അഭയം തേടുന്നതുപോലെ “. (ബുഖാരി)
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
