ജാബിർ ബിൻ അബ്ദുല്ലാഹ്(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു: ‘ഞങ്ങൾ ദാതുർറിഖാഅ് യുദ്ധത്തിൽ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ തണലുള്ള ഒരു മരത്തിന്റെ അരികിൽ എത്തിയപ്പോൾ, അത് തിരുനബിﷺക്കായി ഞങ്ങൾ ഒഴിഞ്ഞുകൊടുത്തു. അപ്പോൾ ബൂ മുഹാരിബ് ഗോത്രത്തിൽ പെട്ട ‘ഗൗറസ്’ എന്ന് വിളിക്കപ്പെടുന്ന ഒരാൾ ഗത്ഫാൻ ഗോത്രക്കാരോട് പറഞ്ഞു: ‘നിങ്ങൾക്ക് വേണ്ടി ഞാൻ മുഹമ്മദിﷺനെ തീർച്ചയായും വധിച്ചുതരാം.’ അങ്ങനെ തിരുനബിﷺ ഞങ്ങളെ വിളിച്ചത് പ്രകാരം അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഒരു ഗ്രാമീണൻ ഇരിക്കുന്നതായി കണ്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ഈ മനുഷ്യൻ എന്റെ വാൾ ഉറയിൽ നിന്ന് ഊരിയെടുത്തു. എന്റെ കണ്ണുതുറന്നപ്പോൾ അത് അവന്റെ കയ്യിൽ ഊരിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവൻ എന്നോട് ചോദിച്ചു: എന്നിൽ നിന്ന് നിങ്ങളെ തടയാൻ ആരുണ്ട്? ഞാൻ പറഞ്ഞു: അല്ലാഹു.'”
ഹാകിം(റ) ഉദ്ധരിച്ച നിവേദനത്തിൽ ഇങ്ങനെ കൂടി ഉണ്ട്: അപ്പോൾ ആ വാൾ അവന്റെ കയ്യിൽ നിന്ന് വീണുപോയി. തിരുനബിﷺ വാൾ പിടിച്ചുകൊണ്ട് ചോദിച്ചു: ‘ഇപ്പോൾ നിന്നെ എന്നിൽ നിന്ന് ആര് തടയും?’
അവൻ പറഞ്ഞു: ‘താങ്കൾ ഏറ്റവും നല്ലവനായി മാപ്പുനൽകുക.’ അങ്ങനെ അവനെ വെറുതെവിട്ടു. അവൻ തന്റെ കൂട്ടുകാരുടെ അടുക്കൽ ചെന്നിട്ട് പറഞ്ഞു: ”ഞാൻ ഏറ്റവും നല്ല മനുഷ്യന്റെ അടുത്തുനിന്നാണ് നിങ്ങളുടെ അടുത്തേക്ക് വരുന്നത്.”
സമാനമായ വ്യത്യസ്ത നിവേദനങ്ങൾ വായിക്കാൻ കഴിയും. പല നിവേദനങ്ങൾക്കും ഇടയിൽ ഏറ്റ വ്യത്യാസങ്ങളുണ്ട്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിലും അഭിപ്രായങ്ങൾ വ്യത്യസ്തമാണ്. തിരുനബിﷺയുടെ ഔദാര്യത്തിന്റെയും അവിടുത്തെ വിട്ടുവീഴ്ചയുടെയും ശ്രേഷ്ഠമായ ഉദാഹരണമായി നിരവധി ഇമാമുകൾ ഇതെടുത്തുദ്ധരിച്ചു കാണാം. എന്നാൽ അല്ലാഹു അവൻ്റെ നബിയെ എങ്ങനെയാണ് സംരക്ഷിച്ചത് എന്നതാണ് ഈ അധ്യായത്തിലെ പ്രമേയം. നബി ജീവിതത്തിൻ്റെ ഒരുപാട് ഘട്ടങ്ങളിൽ ആശ്ചര്യകരമായ വിധം അല്ലാഹു തിരുനബിﷺയെ സംരക്ഷിക്കുകയും ശത്രുക്കളുടെ ചതികളിൽ നിന്നു രക്ഷപ്പെടുത്തുകയും ചെയ്ത നിരവധി നിവേദനങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
