Tweet 1576

Tweet 1576
October 7, 2026 • Wednesday

തിരുനബിﷺ ആ വാളെടുത്ത് അയാളുടെ തലയ്ക്കുമുകളിൽ പിടിച്ചുകൊണ്ട് ചോദിച്ചു: “ഇന്ന് നിന്നെ എന്നിൽ നിന്ന് തടയാൻ ആരുണ്ട്?” അയാൾ പറഞ്ഞു: “ആരുമില്ല! അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്നും, മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഇനി ഒരിക്കലും ഞാൻ എതിരാളികളെ കൂട്ടി നിങ്ങൾക്ക് എതിരായി വരില്ല.”

അങ്ങനെ തിരുനബിﷺ അയാൾക്ക് വാൾ തിരിച്ചുനൽകി. അയാൾ പിന്തിരിഞ്ഞു നടന്നു, എന്നിട്ട് തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു: “അല്ലാഹുവാണെ സത്യം! അവിടുന്ന് എന്നെക്കാൾ നല്ലവരാണ്.”

അപ്പോൾ തിരുനബിﷺ പറഞ്ഞു: “നിങ്ങളെക്കാൾ കൂടുതൽ നന്മയ്ക്ക് അർഹൻ ഞാനാണ്.” അയാൾ തന്റെ ഗോത്രക്കാരുടെ അടുത്തു ചെന്നു പറഞ്ഞു: “നിങ്ങൾ പറഞ്ഞിരുന്നതൊക്കെ എവിടെ? വാൾ നിങ്ങളുടെ കയ്യിൽ തന്നെയല്ലായിരുന്നോ?”

അയാൾ പറഞ്ഞു: “അല്ലാഹുവാണെ സത്യം! അങ്ങനെയൊക്കെ സംഭവിച്ചിരുന്നു. പക്ഷേ, വെളുത്ത ശരീരമുള്ള ഒരു ഉയരമുള്ള മനുഷ്യനെ ഞാൻ കണ്ടു, അദ്ദേഹം എന്റെ നെഞ്ചിൽ തള്ളിയപ്പോൾ ഞാൻ പിറകിലേക്ക് വീണുപോയി. അതൊരു മലക്കാണെന്ന് എനിക്ക് മനസ്സിലായി.”

ഇമാം അബൂ നുഐം(റ), ഉർവ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: നദ്ർ ബിൻ ഹാരിസ് തിരുനബിﷺയെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം തിരുനബിﷺ ഉച്ചസമയത്ത് കടുത്ത ചൂടിൽ തന്റെ ഒരു ആവശ്യത്തിനായി പുറപ്പെട്ടു. ‘സനിയ്യത്തുൽ ഹജൂൺ’ എന്ന സ്ഥലത്തിന്റെ താഴ്ഭാഗത്ത് എത്തിയപ്പോൾ നദ്ർ ബിൻ ഹാരിസ് തിരുനബിﷺയെ കണ്ടു. അയാളിങ്ങനെ പറഞ്ഞു: ‘ഇദ്ദേഹം ഒറ്റയ്ക്കായിരിക്കുന്ന ഈ സമയമല്ലാതെ മറ്റൊരിക്കലും എനിക്കിത് കിട്ടില്ല.’ അങ്ങനെ രഹസ്യമായി ആക്രമിക്കാൻ ഉദ്ദേശിച്ചു. അയാള്‍ തിരുനബിﷺയുടെ അടുത്തേക്ക് ചെന്നു, എന്നാൽ ഭയന്നരണ്ടുകൊണ്ട് തന്റെ വീട്ടിലേക്ക് തിരിച്ചുപോന്നു. അപ്പോള്‍ അബൂജഹലിനെ കണ്ടുമുട്ടി. അബൂജഹ്ൽ ചോദിച്ചു: ‘എവിടെ നിന്നാണ്?’ നദ്ർ പറഞ്ഞു: ‘മുഹമ്മദ്ﷺ ഒറ്റയ്ക്കായിരിക്കുമ്പോൾ അദ്ദേഹത്തെ രഹസ്യമായി വധിക്കാമെന്ന പ്രതീക്ഷയിൽ ഞാൻ അദ്ദേഹത്തെ പിന്തുടർന്നു. എന്നാൽ ഞാൻ അടുത്തെത്തിയപ്പോൾ, എന്റെ തലയ്ക്ക് മുകളിലൂടെ വായ തുറന്ന് പല്ലുകൾ കാട്ടിക്കൊണ്ട് എന്നെ ആക്രമിക്കാൻ വരുന്ന ഒരു കറുത്ത രൂപത്തെ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന മൃഗത്തെ ഞാൻ കണ്ടു. ഞാൻ അതിൽ നിന്ന് കടുത്ത ഭയം പൂണ്ട് പിന്തിരിഞ്ഞു ഓടിപ്പോന്നു.’ അബൂജഹ്ൽ പറഞ്ഞു: ‘ഇത് അദ്ദേഹത്തിന്റെ ചില ജാലവിദ്യകളിൽ പെട്ടതാണ്.’

അബൂജഹലിന്റെ പ്രവാചക വിരോധം അങ്ങനെ പറയാനേ അയാളെ അനുവദിച്ചുള്ളൂ. അല്ലാഹു എങ്ങനെയൊക്കെയാണ് തിരുനബിﷺയെ വിവിധ സന്ദർഭങ്ങളിൽ സംരക്ഷിച്ചത് എന്നതിനുള്ള ഉദാഹരണം ആണല്ലോ നാം വായിച്ചത്. ചില സുപ്രധാന സന്ദർഭങ്ങളിലൂടെ ഇനിയും നമുക്ക് കടന്നുപോകാനുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 10