Tweet 1578

Tweet 1578
October 9, 2026 • Friday

അബൂബക്കർ(റ) നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഞങ്ങളെ തേടി പുറപ്പെട്ടവരിൽ സുറാഖത്ത് ബിൻ മാലിക് ഒഴികെ ആരും തിരുനബിﷺയുടെ വഴി കണ്ടെത്തിയില്ല. അദ്ദേഹം തന്റെ കുതിരപ്പുറത്തായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഈ പിന്തുടരുന്നയാൾ നമ്മുടെ അടുത്തെത്തിയിരിക്കുന്നു.” അപ്പോൾ അവിടുന്ന് പറഞ്ഞു: “ദുഃഖിക്കരുത്, നിശ്ചയം അല്ലാഹു നമ്മുടെ കൂടെയുണ്ട്.”

ഞങ്ങൾക്കും അദ്ദേഹത്തിനുമിടയിൽ ഒരു കുന്തത്തിന്റെയോ മൂന്ന് കുന്തങ്ങളുടെയോ ദൂരമായപ്പോൾ, തിരുനബിﷺ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: “അല്ലാഹുവേ, നീ ഇച്ഛിക്കുന്നതുപോലെ നീ ഇയാളിൽ നിന്ന് ഞങ്ങൾക്ക് മതിയാക്കി തരണേ!” പെട്ടെന്ന് അദ്ദേഹത്തിന്റെ കുതിരയുടെ കാലുകൾ നിലത്ത് അതിന്റെ വയറുവരെ ആണ്ടുപോയി. അദ്ദേഹം പറഞ്ഞു: “ഹേ മുഹമ്മദേﷺ, ഇത് നിങ്ങളുടെ പ്രവൃത്തിയാണെന്ന് എനിക്കറിയാം; ആകയാൽ ഞാൻ അകപ്പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കാൻ അല്ലാഹുവിനോട് ഒന്ന് പ്രാർത്ഥിക്കുമോ? അല്ലാഹു സത്യം! ഈ വഴിയിൽ പിന്നിൽ വരുന്ന എല്ലാവരെയും ഞാൻ വഴി മാറ്റി വിട്ടു കൊള്ളാം. അങ്ങനെ തിരുനബിﷺ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു, അദ്ദേഹം തിരിച്ചുപോയി.

ഹിജ്റയുടെ അധ്യായത്തിൽ ഇത് സംബന്ധമായി വിശദമായ വിവരണങ്ങൾ നേരത്തെ കഴിഞ്ഞു പോയിട്ടുണ്ട്.

ഉർവ ബിൻ സുബൈർ(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; അവർ പറഞ്ഞു:

തിരുനബിﷺ ബനൂ നദീറിന്റെ അടുത്തേക്ക് ചെന്നു. ‘കുലാബി’ ഗോത്രക്കാരുടെ മോചനദ്രവ്യത്തിന്റെ കാര്യത്തിൽ അവരിൽ നിന്ന് സഹായം തേടാനായിരുന്നു അത്. അപ്പോൾ അവർ പറഞ്ഞു: “അബുൽ-ഖാസിമേﷺ, ഇവിടെ ഇരിക്കൂ; ഞങ്ങൾ ഭക്ഷണം തരികയും ആവശ്യം നിറവേറ്റിത്തരികയും ചെയ്യാം.” അങ്ങനെ അവിടുന്നും കൂടെയുണ്ടായിരുന്നവരും ഒരു ഭിത്തിയുടെ നിഴലിൽ തങ്ങളുടെ കാര്യം തീർപ്പാക്കിക്കിട്ടാൻ കാത്തിരുന്നു. അവർ തനിച്ചായപ്പോൾ തിരുനബിﷺയെ വധിക്കാൻ അവർ ഗൂഢാലോചന നടത്തി. അവർ പറഞ്ഞു: “ഇനി ഇതുപോലൊരു അവസരം നിങ്ങൾക്ക് ലഭിക്കില്ല.”

അവരിൽ ഒരാൾ പറഞ്ഞു: “നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അദ്ദേഹം ഇരിക്കുന്ന വീടിന്റെ മുകളിൽ കയറി ഒരു വലിയ കല്ല് താഴേക്ക് ഉരുട്ടിവിട്ട് അദ്ദേഹത്തെ കൊലപ്പെടുത്താം.” അങ്ങനെ അവർ ഒരു വലിയ തിരികല്ലുമായി അത് തിരുനബിﷺയുടെ മേൽ വീഴ്ത്താൻ വന്നു; എന്നാൽ അല്ലാഹു അവരുടെ കൈകളെ അതിൽ നിന്ന് പിടിച്ചുനിർത്തുകയും, അവർ നടത്തിയ ഗൂഢാലോചന വിവരങ്ങൾ അല്ലാഹു പ്രവാചകനെ അറിയിക്കുകയും ചെയ്തു.

അങ്ങനെ തിരുനബിﷺ അവിടെനിന്ന് എഴുന്നേറ്റു. കൂടെയുള്ളവർ മടങ്ങിപ്പോന്നു. അപ്പോഴാണ് അൽ-മാഇദ: പതിനൊന്നാം സൂക്തം അവതരിച്ചത്.

സാരം ഇങ്ങനെയാണ്: “സത്യവിശ്വാസികളേ, നിങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ ഓർക്കുക; ഒരു ജനത നിങ്ങളുടെ മേൽ തങ്ങളുടെ കൈകൾ നീട്ടാൻ ഉദ്ദേശിച്ചപ്പോൾ…”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 8